‘മുസ്‍ലിമാണോ...വീടില്ല’; കൊച്ചിയിലെ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരൻ പി.വി ഷാജി കുമാർ

വാടക വീടിനായി കൊച്ചി കളമശ്ശേരിയിലെ ഹൗസിങ് കോളനിയിൽ എത്തിയ തനിക്കുണ്ടായ ദുരനുഭവം പങ്കുവെച്ച് എഴുത്തുകാരൻ പി.വി ഷാജികുമാർ. പേര് ഷാജിയെന്ന് പറഞ്ഞപ്പോൾ മുസ്‍ലിംകൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നതെന്ന് ബ്രോക്കർ വെളിപ്പെടുത്തിയെന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. മുമ്പും രണ്ടുതവണ വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്സിൽനിന്ന് കളഞ്ഞതാണെന്നും അദ്ദേഹം വെളിപ്പെടുത്തി. ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നെന്ന് വീടിന്റെ ചുമരിൽ തൂക്കിയ യേശു തന്നോട് പറഞ്ഞെന്നും വീട് വേണ്ടെന്ന് പറഞ്ഞ് ഇറങ്ങിയെന്നും അദ്ദേഹം കുറിച്ചു.

Full View

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ഇന്നലെ വൈകുന്നേരം വാടകവീട് നോക്കാൻ സുഹൃത്തിനൊപ്പം കളമശ്ശേരിയിലെ ഒരു ഹൗസിങ് കോളനിയിൽ പോയി. ബ്രോക്കർ കൂടെയുണ്ട്. കുറേ വീടുകളുടെ കൂട്ടത്തിൽ നിൽക്കുന്ന ഒറ്റനിലവീട്. വീടിന് മുന്നിൽ പതിവുപോലെ ഉപദേശവാചകങ്ങളുമായി യേശുക്രിസ്തു ശോകഭാവത്തിൽ പടമായിട്ടുണ്ട്. മുറികൾ നോക്കുമ്പോൾ ബ്രോക്കർ ചോദിക്കുന്നു.

“പേരേന്താ...?”.

“ഷാജി”.

അയാളുടെ മുഖം ചുളിയുന്നു.

“മുസ്‍ലിമാണോ...?”

ഞാൻ ചോദ്യഭാവത്തിൽ അയാളെ നോക്കുന്നു.

“ഒന്നും വിചാരിക്കരുത്, മുസ്‍ലിംകൾക്ക് വീട് കൊടുക്കില്ലെന്നാണ് ഓണർ പറഞ്ഞിരിക്കുന്നത്...”

“ഓ... ഓണർ എന്ത് ചെയ്യുന്നു...”

“ഇൻഫോപാർക്കിൽ.. കമ്പ്യൂട്ടർ എൻജിനീയറാ..”

“ബെസ്റ്റ്...”

ഞാൻ സ്വയം പറഞ്ഞു.

ഇപ്പോഴും അയാൾ എന്റെ മതമറിയാൻ കാത്തുനിൽക്കുകയാണ്.

ഷാജിയെന്നത് സർവ്വമതസമ്മതമുള്ള പേരാണല്ലോ...

മുമ്പും രണ്ട് വട്ടം വീട് നോക്കാൻ പോയപ്പോൾ ഇതേ അനുഭവം ഉണ്ടായിട്ടുണ്ട്, ഒറ്റപ്പെട്ട സംഭവമാണെന്ന് വിചാരിച്ച് മനസ്സിൽ നിന്ന് കളഞ്ഞതാണ്...

“എനിക്ക് വീട് വേണ്ട ചേട്ടാ...”

ഞാൻ ഇറങ്ങുന്നു.

ചുമരിലെ പാവം യേശു എന്നോട് പറയുന്നു.

"ഉത്തരേന്ത്യ കേരളത്തിലേക്ക് നടന്നുവന്നിരിക്കുന്നു..."

മലയാളത്തിലെ യുവ കഥാകാരനും തിരക്കഥാകൃത്തുമാണ് പി.വി ഷാജികുമാർ. കേന്ദ്ര സാഹിത്യ അക്കാദമിയുടെ യുവ അവാർഡും കേരള സാഹിത്യ അക്കാദമിയുടെ ഗീത ഹിരണ്യൻ അവാർഡും അടക്കമുള്ള പുരസ്കാരങ്ങൾ നേടിയ അദ്ദേഹം ടേക്ഓഫ്, പുത്തൻ പണം, കന്യക ടാക്കീസ്, ദ ടീച്ചർ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് കൂടിയാണ്.

Tags:    
News Summary - 'Muslim?...no home'; Writer PV Shajikumar shares his ordeal in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.