കോഴിക്കോട്: സമസ്തയിലെ പ്രശ്നങ്ങൾ ഗൗരവത്തിൽ കാണേണ്ടതില്ലെന്ന് മുസ്ലിം ലീഗ് ഭാരവാഹി യോഗത്തിൽ വിലയിരുത്തൽ. ഇരുവിഭാഗങ്ങൾ തമ്മിലെ പ്രശ്നങ്ങൾ അപരിഹാര്യമായി തുടരുന്നത് ലീഗിനെ ഒരുതരത്തിലും ബാധിക്കില്ല. അതേസമയം, സമസ്തയെ അത് ദുർബലമാക്കാനുള്ള സാധ്യതയുണ്ട്. ഇക്കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതും പരിഹാരത്തിന് മുൻകൈയെടുക്കേണ്ടതും സമസ്ത നേതൃത്വംതന്നെയാണ്.
വിഷയത്തിൽ ലീഗ് നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും സഹായം വേണ്ടതുണ്ടെങ്കിൽ ചെയ്യും. സമസ്തയിലെ ഏതാനും വ്യക്തികൾ മാത്രമാണ് പ്രശ്നക്കാർ. അവരെ അവഗണിച്ച് മുന്നോട്ട് പോകും. ലീഗിനോട് ആഭിമുഖ്യമുള്ള സമസ്തയിലെ നേതാക്കളും പ്രവർത്തകരും അവരുടെ നിലപാട് അവിടെ സ്വീകരിക്കുന്നുണ്ട്. അതിലപ്പുറം ഇടപെടേണ്ട കാര്യമില്ല. തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രശ്നം ലീഗിനെ ബാധിക്കില്ലെന്നും സാദിഖലി തങ്ങളുടെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന യോഗം വിലയിരുത്തി.
പാർട്ടിയുടെ മതേതര സ്വഭാവത്തിന് ഭംഗം വരുത്താത്തവിധം, കാമ്പയിനുകളിലും പരിപാടികളിലും തലക്കെട്ടുകൾ നൽകുന്നതിലും പ്രവർത്തകരുടെയും നേതാക്കളുടെയും വേഷവിധാനത്തിലും ശ്രദ്ധ പുലർത്തണമെന്ന അഭിപ്രായവും ഉയർന്നു. മത സംഘടനകളുടെ പരിപാടികൾക്ക് പോലും അറബി പേരുകളും മറ്റും ഒഴിവാക്കപ്പെടുമ്പോൾ പാർട്ടിയുടെ പരിപാടികൾക്കും കാമ്പയിനുകൾക്കും അറബി പേരുകൾ തലക്കെട്ടുകളാക്കുന്നത് ഭൂഷണമല്ല. എല്ലാ മത വിഭാഗങ്ങളിലുള്ളവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയ പാർട്ടി എന്ന നിലയിൽ പൊതുസ്വഭാവം നിലനിർത്തൽ അനിവാര്യമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
തദ്ദേശ തെരഞ്ഞെടുപ്പിൽ മലബാറിന് പുറത്ത് കോൺഗ്രസിൽനിന്ന് ലീഗിനുണ്ടാകുന്ന അവഗണന അവസാനിപ്പിക്കണമെന്ന് ശക്തമായി ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. മലബാറിൽ ലീഗിന്റെ ശക്തികേന്ദ്രങ്ങളിൽപോലും വിട്ടുവീഴ്ച ചെയ്ത് കോൺഗ്രസിന് മതിയായ പരിഗണന നൽകുമ്പോൾ മധ്യകേരളത്തിലും തെക്കൻ ജില്ലകളിലും ലീഗിന് ആ പരിഗണന ലഭിക്കുന്നില്ല. മാത്രവുമല്ല, ചില ജില്ലകളിൽ മുന്നണി യോഗങ്ങളിൽപോലും ലീഗിനെ ക്ഷണിക്കാത്ത പ്രശ്നവുമുണ്ട്. കൊല്ലം ജില്ലയിൽ യു.ഡി.എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ ലീഗ് ബഹിഷ്കരിച്ച സാഹചര്യവുമുണ്ടായി. ലീഗിന് സ്വാധീനമുള്ള വാർഡുകളിൽ പാർട്ടി സ്ഥാനാർഥികൾക്കെതിരെ വിമതരെ മത്സരിപ്പിക്കുന്ന രീതിയുമുണ്ട്.
കൈപ്പത്തി ചിഹ്നത്തിൽ ഇങ്ങനെ വിമതരെ നിർത്തുന്ന സാഹചര്യമുണ്ടായാൽ ഡി.സി.സി പ്രസിഡന്റുമാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് നേതൃത്വത്തോട് ആവശ്യപ്പെടും. തെരഞ്ഞെടുപ്പിൽ മൂന്നു ടേം പൂർത്തിയായവർ മത്സരത്തിൽനിന്ന് മാറിനിൽക്കണമെന്ന നയം തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.