പി.എം.എ സലാം
കോഴിക്കോട്: വോട്ടർപട്ടിക നവീകരണത്തിൽ സജീവമായി ഇടപെടാൻ മുസ്ലിം ലീഗ് തീരുമാനം. പട്ടികയിൽനിന്ന് അർഹർ പുറത്താവാതിരിക്കാനും അനർഹർ ഉൾപ്പെടാതിരിക്കാനും പാർട്ടി ജാഗ്രത പാലിക്കുമെന്ന് പ്രവർത്തക സമിതി യോഗ തീരുമാനം വിശദീകരിച്ച് ജന. സെക്രട്ടറി അഡ്വ. പി.എം.എ. സലാം വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജനുവരി 10ന് സംസ്ഥാനത്തൊട്ടാകെ പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ ഇതിന് പ്രത്യേക പരിശോധന ക്യാമ്പ് സംഘടിപ്പിക്കും. ബി.ജെ.പിക്ക് മേധാവിത്വമുള്ള മണ്ഡലങ്ങളിൽ അനർഹരായ വോട്ടർമാർ ചേർക്കപ്പെട്ടത് വ്യക്തമായതാണ്.
കണ്ണൂരിൽ ഒഴിവാക്കപ്പെട്ട വോട്ടർമാരുടെ എണ്ണത്തിൽ കുറവുണ്ടായത് ഭരണസ്വാധീനവും പാർട്ടിക്കാരായ ബി.എൽ.ഒമാരെ ഉപയോഗിച്ചും അനർഹരെ തിരുകിക്കയറ്റിയാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് എസ്.ഐ.ആറിൽ സജീവമായി ഇടപെടുന്നതും സൂക്ഷ്മ പരിശോധന നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി അവരുടെ പ്രതിച്ഛായ തകർക്കുന്ന ഫാഷിസ്റ്റ് ശൈലിയാണ് എൽ.ഡി.എഫ് സർക്കാർ പിന്തുടരുന്നതെന്ന് യോഗം അംഗീകരിച്ച പ്രമേയം കുറ്റപ്പെടുത്തി. എല്ലാ അന്വേഷണ ഏജൻസികളും കോടതിയും തെളിവില്ലെന്ന് പറഞ്ഞ് തള്ളിയ കേസിൽ പ്രതിപക്ഷ നേതാവിനെതിരെ സി.ബി.ഐ അന്വേഷണത്തിന് ശിപാർശ ചെയ്ത നടപടി അങ്ങേയറ്റം ലജ്ജാവഹമാണ്. ഇത്തരം നീക്കങ്ങളെ പ്രതിപക്ഷം ഒറ്റക്കെട്ടായി ചെറുക്കുമെന്നും യോഗം വ്യക്തമാക്കി.
കേരളത്തിന്റെ സാമുദായിക സൗഹാർദം തകർക്കാനുള്ള ശ്രമങ്ങളെ സർക്കാർ നിയന്ത്രിക്കണമെന്ന് മറ്റൊരു പ്രമേയത്തിൽ യോഗം ആവശ്യപ്പെട്ടു. മുസ്ലിംലീഗിനെ രാഷ്ട്രീയമായി വിമർശിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കുമുണ്ട്. എന്നാൽ, അതിന്റെ മറവിൽ മുസ്ലിം സമുദായത്തെ ഒന്നടങ്കം അധിക്ഷേപിക്കുന്നത് ആരായാലും അംഗീകരിക്കാനാവില്ല.
വെനിസ്വേലയിലെ നികളസ് മദൂറോ സർക്കാറിനെ അട്ടിമറിച്ച അമേരിക്കൻ നടപടി അന്താരാഷ്ട്ര നിയമങ്ങളോടുള്ള വെല്ലുവിളിയാണെന്ന് പ്രമേയം വ്യക്തമാക്കി. ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ഉൾപ്പെടുന്ന ന്യൂനപക്ഷങ്ങൾ ബംഗ്ലാദേശിൽ ആക്രമണങ്ങൾക്ക് ഇരകളാകുന്നതായ വാർത്തകൾ ഉത്കണ്ഠപ്പെടുത്തുന്നതാണെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുള്ള ബാധ്യത അവിടത്തെ ഭരണകൂടത്തിനുണ്ടെന്നും പ്രമേയം ചൂണ്ടിക്കാട്ടി.
ക്രിസ്മസ് ദിനങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രിസ്തീയ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടായ ആക്രമണ പരമ്പരകൾ ആശങ്കപ്പെടുത്തുന്നതാണെന്നും ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്നും ക്രിസ്ത്യാനികൾക്ക് നേരെയുണ്ടായ അതിക്രമങ്ങൾ പ്രത്യേകമായി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.