ലീഗ് മാറിച്ചിന്തിക്കണം; വൈകിയാൽ പതനം വേഗത്തിലാകും -ഇ.പി ജയരാജൻ

മലപ്പുറം: മുസ്‌ലിം ലീഗിനെ പരോക്ഷമായി ഇടതുമുന്നണിയിലേക്ക് ക്ഷണിച്ച് എൽ.ഡി.എഫ് കൺവീനറും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ.പി ജയരാജൻ. ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനോ രാജ്യത്തെ രക്ഷിക്കാനോ ഇനി കോൺഗ്രസിനാകില്ല. മുസ്‌ലിം ലീഗ് മാറി ചിന്തിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. കാളികാവിൽ സഖാവ് കുഞ്ഞാലിയുടെ 53ാം രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യവെയാണ് അദ്ദേഹത്തിന്റെ പരാമർശം.

മുസ്‍ലിം ലീഗിന്‍റെ രാഷ്ട്രീയ തകർച്ചയുടെ പാപ്പരത്തമാണ് ഇപ്പോൾ പ്രകടമായിക്കൊണ്ടിരിക്കുന്നത്. പുതിയ കാലത്തിനനുസരിച്ച് ഉണർന്ന് പ്രവർത്തിച്ചാൽ ലീഗിന് നല്ലതാണ്. മാർക്സിസ്റ്റ് വിരോധം മനസ്സിൽ വെച്ച് പ്രവർത്തിച്ചാൽ ഒന്നും നേടാനാകില്ല. മണ്‍മറഞ്ഞ ലീഗിന്‍റെ നേതാക്കൾ മതനിരപേക്ഷതയെക്കുറിച്ച് ചിന്തിച്ചവർ ആയിരുന്നു. ആ വഴിയേക്കുറിച്ച് ചിന്തിക്കണം. മാറിച്ചിന്തിക്കാൻ വൈകിയാൽ ലീഗിന്റെ പതനം വേഗത്തിലാകും.

കോൺഗ്രസും ബി.ജെ.പിയും ചില മാധ്യമങ്ങളും ഇ.ഡിയെ ഉപയോഗപ്പെടുത്തി സംസ്ഥാനത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. അതാണ് കേരളത്തിൽ നടക്കുന്ന കോലാഹലങ്ങൾ. ഇ.ഡിക്കെതിരെ കേരളത്തിലെ കോൺഗ്രസ് നടത്തിയ സമരങ്ങളിലെ മുദ്രാവാക്യവും പിണറായിക്കും സംസ്ഥാന സർക്കാറിനുമെതിരെയായിരുന്നെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ, മുസ്‍ലിം ലീഗിനെ എൽ.ഡി.എഫിലേക്ക് ക്ഷണിച്ചതിന് ഇ.പി ജയരാജന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിൽ വിമർശനം നേരിടേണ്ടി വന്നിരുന്നു. പ്രസ്താവന അനവസരത്തിലായെന്നും ശ്രദ്ധ വേണമെന്നായിരുന്നു മുന്നറിയിപ്പ്. 

Tags:    
News Summary - Muslim league must change its mind; Delay will accelerate the fall -EP Jayarajan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.