കോഴിക്കോട്: ഫാഷിസത്തിനെതിരായ പരിഹാരം പ്രതിപക്ഷത്തിന്റെ ഐക്യം മാത്രമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന നേതൃയോഗം. എതിർശബ്ദങ്ങളെ അടിച്ചമർത്തുന്ന കേന്ദ്ര സർക്കാറിനെതിരെ ജനാധിപത്യ വിശ്വാസികൾ ഐക്യപ്പെടണമെന്നും ലീഗ് ഹൗസിൽ ചേർന്ന നേതൃയോഗം ആഹ്വാനം ചെയ്തു.
വർഗീയതയും വിദ്വേഷവും വളർത്തുന്ന പ്രചാരണങ്ങളുമായി ഊരുചുറ്റാൻ നേതാക്കളെ നിയോഗിച്ച ഭരണകക്ഷിയാണ് പ്രതിപക്ഷ നേതാക്കളെ കള്ളക്കേസിൽ കുടുക്കി നിഷ്ക്രിയരാക്കാൻ ശ്രമിക്കുന്നത്. ഭരണസംവിധാനങ്ങൾ ഉപയോഗിച്ച് പ്രതിപക്ഷത്തെ വേട്ടയാടുന്നു. ജനാധിപത്യം വീണ്ടെടുക്കാൻ ഒന്നിച്ചു മുന്നേറാനുള്ള മതേതര കക്ഷികളുടെ തീരുമാനം ശുഭകരമാണെന്നും കേന്ദ്ര നടപടികൾക്കെതിരെ പ്രതിപക്ഷം നടത്തുന്ന പ്രക്ഷോഭങ്ങളിൽ മുസ്ലിം ലീഗ് ശക്തമായ പങ്കുവഹിക്കുമെന്നും നേതൃയോഗം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി.
രാഹുൽ ഗാന്ധിക്കെതിരായ മാനനഷ്ടക്കേസിന്റെ പേരിൽ പരമാവധി ശിക്ഷ വിധിക്കുകയും തൽക്ഷണം ലോക്സഭ സെക്രട്ടേറിയറ്റ് അയോഗ്യത കൽപിക്കുകയും ചെയ്ത നടപടി അമ്പരപ്പിക്കുന്നതും ജനാധിപത്യ ധ്വംസനവുമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടി. കെ-റെയിൽ സമരവുമായി ബന്ധപ്പെട്ട് ചുമത്തിയ എല്ലാ കേസുകളും പിൻവലിക്കണമെന്നും ജനവികാരം മാനിച്ച്, ദുരഭിമാനം വെടിഞ്ഞ് പദ്ധതിയിൽനിന്ന് സർക്കാർ പിന്മാറണമെന്നും യോഗം ആവശ്യപ്പെട്ടു. ചെന്നൈയിൽ നടന്ന പ്ലാറ്റിനം ജൂബിലി സമ്മേളനം ഫാഷിസ വിരുദ്ധ പോരാട്ടത്തിന് കരുത്തു പകർന്നതായി യോഗം വിലയിരുത്തി. പ്ലാറ്റിനം ജൂബിലി സമ്മേളനം വിജയിപ്പിക്കാൻ പ്രവർത്തിച്ച ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ, ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, മുൻ എം.പി അബ്ദുറഹ്മാൻ, തമിഴ്നാട് സംസ്ഥാന ജനറൽ സെക്രട്ടറി കെ.എം. അബൂബക്കർ, നവാസ് കനി എം.പി തുടങ്ങിയവരെ യോഗം അഭിനന്ദിച്ചു.
മുസ്ലിം ലീഗ് സംസ്ഥാന ഭാരവാഹികളുടെയും സെക്രട്ടേറിയറ്റ് അംഗങ്ങളുടെയും ജില്ല പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർ, എം.എൽ.എമാർ എന്നിവരുടെയും സംയുക്ത യോഗമാണ് ലീഗ് ഹൗസിൽ ചേർന്നത്. സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ദേശീയ പ്രസിഡന്റ് പ്രഫ. കെ.എം. ഖാദർ മൊയ്തീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി ആമുഖ പ്രഭാഷണം നടത്തി. ട്രഷറർ പി.വി. അബ്ദുൽ വഹാബ് എം.പി, തമിഴ്നാട് സംസ്ഥാന നേതാക്കളായ കെ.എം. മുഹമ്മദ് അബൂബക്കർ, നവാസ് കനി എം.പി, മുൻ എം.പി അബ്ദുറഹ്മാൻ, നിയമസഭ പാർട്ടി സെക്രട്ടറി കെ.പി.എ. മജീദ് എം.എൽ.എ, ഉപനേതാവ് ഡോ. എം.കെ. മുനീർ എം.എൽ.എ, അബ്ബാസലി ശിഹാബ് തങ്ങൾ തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.