(ഫയൽ ചിത്രം)

മുസ്‍ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ബുധനാഴ്ചത്തേക്ക് മാറ്റി

മലപ്പുറം: ലോക്സഭ തെരഞ്ഞെടുപ്പിനുള്ള മുസ്‍ലിം ലീഗ് സ്ഥാനാർഥി പ്രഖ്യാപനം ബുധനാഴ്ച. നേരത്തെ, ചൊവ്വാഴ്ച നടത്താൻ തീരുമാനിച്ച യോഗം അടുത്ത ദിവസത്തേക്ക് മാറ്റിയതിനെ തുടർന്നാണിത്. അതേസമയം, മുതിർന്ന നേതാക്കൾ ചൊവ്വാഴ്ച പാണക്കാട്ട് അനൗപചാരിക യോഗം ചേരും.

ലോക്സഭയിലേക്കുള്ള മൂന്നാം സീറ്റിന് പകരം രാജ്യസഭ സീറ്റ് നൽകാമെന്ന കോൺഗ്രസ് വാഗ്ദാനം നേതാക്കൾ ചർച്ച ചെയ്യും. ലോക്സഭ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ച ഈ യോഗത്തിൽ നടക്കും. എന്നാൽ, അന്തിമ തീരുമാനം ബുധനാഴ്ചത്തെ യോഗത്തിലാണ് ഉണ്ടാവുക.

കോൺഗ്രസുമായുള്ള ചർച്ചയിൽ മൂന്നാം സീറ്റിന് പകരം രാജ്യസഭ സീറ്റ് ഉറപ്പായതോടെ ലോക്സഭയിലേക്ക് ആരെല്ലാം മത്സരിക്കണമെന്ന കാര്യത്തിൽ നേതാക്കൾക്കിടയിൽ ചർച്ച സജീവമായിട്ടുണ്ട്. നിലവിലെ എം.പിമാരിൽ ഒരാൾ രാജ്യസഭിലേക്ക് മത്സരിച്ച് ഒരു ലോക്സഭ സീറ്റിൽ പുതുമുഖത്തെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് ചർച്ചയുണ്ട്. അന്തിമ തീരുമാനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടേതായിരിക്കും.

യൂത്ത് ലീഗ് അവസരം ചോദിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്നുണ്ട്. പുതിയ സാഹചര്യത്തിൽ യൂത്ത് ലീഗിന് പ്രതീക്ഷ ഏറിയിട്ടുണ്ട്. പി.കെ. ഫിറോസ്, ഫൈസൽ ബാബു എന്നിവരുടെ പേരുകളാണ് പാർട്ടിക്കുള്ളിൽ സജീവ ചർച്ചയിലുള്ളത്. അതേസമയം, നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ മുതിർന്ന നേതാക്കളെ തന്നെ പാർലമെന്റിലേക്ക് എത്തിക്കാനുള്ള തീരുമാനമാണ് നേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാവുകയെന്നാണ് സൂചന. 

Tags:    
News Summary - Muslim League candidate announcement on Wednesday

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.