ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു

ഹരിപ്പാട്: ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവായ യുവാവിനെ ക്വട്ടേഷന്‍ സംഘം വെട്ടിക്കൊന്നു. കരുവാറ്റ വടക്ക് വിഷ്ണുഭവനത്തില്‍ പരേതനായ ഗോപാലകൃഷ്ണന്‍െറ മകന്‍ ജിഷ്ണുവാണ് (24) മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12മണിയോടെ കരുവാറ്റ മുട്ടുപറമ്പ് റെയില്‍വേ ലെവല്‍ക്രോസിന് സമീപമായിരുന്നു ആക്രമണം.

ഹരിപ്പാട് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തില്‍ കാവടി ഘോഷയാത്രയില്‍ പങ്കെടുത്തശേഷം സുഹൃത്ത് സുരാജിനൊപ്പം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ലെവല്‍ക്രോസിന് സമീപം കാത്തുനിന്ന എട്ടംഗ സംഘം ആക്രമിക്കുകയായിരുന്നു. ഇതില്‍ ചിലര്‍ മുഖംമൂടി ധരിച്ചിരുന്നു. 300 മീറ്റര്‍ അകലെയുള്ള ഒരു വീട്ടില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും പിന്നാലെയത്തെിയ ആക്രമിസംഘം കല്ലും വേലികല്ലുംകൊണ്ട്  ഇടിച്ച് വാതില്‍ തുറന്ന് അകത്തുകയറി വീട്ടുകാരുടെ മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.  ദേഹത്ത് പതിനാറോളം വെട്ടേറ്റിരുന്നു.

വീട്ടുകാരെയോ പരിസരത്ത് ഉണ്ടായിരുന്നവരെയോ ജിഷ്ണുവിന്‍െറ അടുത്തേക്ക് എത്താന്‍ ഏറെസമയം ആക്രമികള്‍ അനുവദിച്ചില്ല. സൈനികനായ അനൂപ് ഭവനത്തില്‍ അനൂപിന്‍െറ മാതാവ് ഗിരിജ, ഗര്‍ഭിണിയായ ഭാര്യ രേവതി, നാലുവയസ്സുകാരനായ മകന്‍ എന്നിവരുടെ കണ്‍മുന്നിലാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടാം നിലയിലേക്ക് ഓടിക്കയറിയ ജിഷ്ണുവിനെ അവിടെയിട്ടും വെട്ടുകയായിരുന്നു.

മുക്കാല്‍ മണിക്കൂറിനുശേഷം പൊലീസ് എത്തിയാണ് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തുന്നതിനുമുമ്പ് മരിച്ചു. ഡി.വൈ.എഫ്.ഐ കരുവാറ്റ വടക്ക് മേഖല കമ്മിറ്റി ജോയന്‍റ് സെക്രട്ടറിയും മൂന്നാം വാര്‍ഡ് യൂനിറ്റ് പ്രസിഡന്‍റുമാണ് ജിഷ്ണു. വെല്‍ഡിങ് പണിക്കാരനാണ്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് സുരാജിനും വെട്ടേറ്റു.  ഇയാളെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗീതയാണ് ജിഷ്ണുവിന്‍െറ മാതാവ്. സഹോദരന്‍: വിഷ്ണു. മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍.

ഹരിപ്പാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഈ പ്രദേശത്ത് ക്വട്ടേഷന്‍ ആക്രമണം പതിവാണ്. കഴിഞ്ഞ ജനുവരി 24നായിരുന്നു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്ന ഉല്ലാസ് കൊല്ലപ്പെട്ടത്. ഈ കൊലപാതകവുമായി ഇപ്പോഴത്തെ സംഭവത്തിന് ബന്ധമുണ്ടോ എന്നകാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്.

News Summary - murder karuvatta harippad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.