കോഴിക്കോട്: മുതിർന്ന സി.പി.എം നേതാക്കൾ പോലും പത്രക്കാർക്ക് മുന്നിൽ വന്ന് ഇസ്‌ലാമോഫോബിയ പരത്തുകയാണെന്നും അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എ.കെ ബാലൻ പറഞ്ഞ മാറാട് സ്റ്റേറ്റ്മെന്റെന്നും മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജി.
മാറാട് എന്ന പ്രദേശത്തെ പുതുതലമുറ വരെ ആ ദുരന്തത്തെ മറന്ന് പരസ്പരം ചേർന്ന് നിൽക്കുന്ന കാലത്താണ് ഈ സ്റ്റേറ്റ്മെന്റ് പുറത്ത് വരുന്നത്. മാറാട് എന്ന് കേട്ടാൽ മുസ്‌ലിം സമുദായം പേടിച്ചു പോകുമെന്നും ഇതര സമുദായങ്ങൾ കൂടെ നിൽക്കുമെന്നുമുള്ള അബദ്ധധാരണയിലാണ് എ.കെ. ബാലനും പാർട്ടിയും. പക്ഷെ, കാര്യങ്ങൾ അങ്ങനെയല്ല ഉണ്ടായി വരുന്നത്. 'നിങ്ങൾ ഇത് മറന്നു പോയോ' എന്ന് മറ്റാരെയോ വിളിച്ചുണർത്തി ചോദിക്കുകയാണ്. സി.പി.എം നേതാക്കൾ വായുവിൽ എറിയുന്ന വിഷവിത്തുകൾ പെറുക്കിയെടുക്കുന്നത് സാമാന്യജനങ്ങൾ അല്ല, ബി.ജെ.പി കേന്ദ്രങ്ങൾ തന്നെയാണ്. അവരത് മുളപ്പിച്ചെടുക്കുന്നുമുണ്ടെന്നും ഷാജി പറയുന്നു.
വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തോൽവി ഭയക്കുന്ന സി പി എം പിച്ചുംപേയും പറയുന്നത് കേരളത്തിന്റെ സെക്കുലർ ഫാബ്രിക്കിനെ വലിച്ചു കീറിക്കൊണ്ടാണ്.
മതേതര കേരളം ഇത് ഗൗരവമായി കണ്ടില്ലെങ്കിൽ നാടിന്റെ അമൂല്യ സമ്പത്തായ സൗഹൃദങ്ങളാണ് നശിച്ചു പോവുക.
ഭരണകക്ഷിയായ പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ പത്തു കൊല്ലം അധികാരത്തിൽ ഇരുന്നപ്പോൾ ചെയ്ത എത്രയെത്ര കാര്യങ്ങൾ ജനങ്ങൾക്ക് മുമ്പിൽ അവതരിപ്പിക്കാൻ ഉണ്ടാവും.
അങ്ങനെ ഒന്നും പറയാനില്ലാത്തതിനാൽ അവർ വർഗീയത പറയുകയും പറയിപ്പിക്കുകയും ചെയ്യുകയാണ്. മുതിർന്ന സി പി എം നേതാക്കൾ പോലും പത്രക്കാർക്ക് മുന്നിൽ വന്ന് ഇസ്‌ലാമോഫോബിയ പരത്തുകയാണ്. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് എ കെ ബാലൻ പറഞ്ഞ മാറാട് സ്റ്റേറ്റ്മെന്റ്.
സാംസ്കാരിക കേരളം ഒന്നിച്ചു നിന്ന് പ്രതിരോധിച്ച സംഭവങ്ങളിൽ ഒന്നാണത്. കേരളം മറക്കാൻ ശ്രമിക്കുന്നതും മറക്കേണ്ടതുമായ ദൗർഭാഗ്യകരമായ ദുരന്തം. ഈ സംഭവം ജനങ്ങളുടെ ഓർമയിലേക്ക് കൊണ്ടു വന്ന് ചർച്ചക്ക് വെക്കാനുള്ള എന്ത് രാഷ്ട്രീയ സാഹചര്യമാണ് ഇപ്പോൾ ഉണ്ടായിട്ടുള്ളത്.? അന്ന് ജനിച്ചിട്ടില്ലാത്ത ല്ലാത്ത കുട്ടികൾ പോലും ഇന്ന് വോട്ടർമാരാണ്.
അവർ കേരളത്തിന്റെ ഭാവിയിൽ ക്രിയാത്മകമായി ഇടപെടേണ്ടവരാണ്. രാജ്യപുരോഗതിയിൽ പങ്കാളിത്തം വഹിക്കേണ്ടവരാണ്. ഒരു ദുരന്തമുഹൂർത്തം ഓർമ്മിപ്പിച്ച് അവരെ നെഗറ്റീവ് ആക്കുന്നതാണോ ഡെവലപ്പ്മെന്റിനെ കുറിച്ച് പറഞ്ഞു കൊണ്ട് അവരെ കർമ്മ രംഗത്ത് സജീവമാക്കുന്നതാണോ ഗുണപരമായ രാഷ്ട്രീയം.
മാറാട് എന്ന പ്രദേശത്തെ പുതുതലമുറ വരെ ആ ദുരന്തത്തെ മറന്ന് പരസ്പരം ചേർന്ന് നിൽക്കുന്ന കാലത്താണ് ഈ സ്റ്റേറ്റ്മെന്റ് പുറത്ത് വരുന്നത്.
മാറാട് എന്ന് പറഞ്ഞു കേട്ടാൽ മുസ്‌ലിം സമുദായം പേടിച്ചു പോകുമെന്നും ഇതര സമുദായങ്ങൾ കൂടെ നിൽക്കുമെന്നുമുള്ള അബദ്ധധാരണയിലാണ് എ കെ ബാലനും പാർട്ടിയും.
പക്ഷെ,കാര്യങ്ങൾ അങ്ങനെയല്ല ഉണ്ടായി വരുന്നത്.
സി പി എം ഇത്രയൊക്കെ വർഗീയത പറഞ്ഞിട്ടും അതിനെ ജനം സ്വീകരിച്ചില്ലെന്നതാണ് വസ്തുത. പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ ഫലത്തിൽ നിന്ന് അതെല്ലാം വ്യക്തമാണ്.
സി പി എമ്മിന് വോട്ട് തേടി വീട് കയറിയ സാധാരണ പ്രവർത്തകർക്ക് 'കടക്ക് പുറത്ത് ' എന്ന് കേൾക്കാനായിട്ടുണ്ട്. എ കെ ബാലനും സംഘവും അത് കേൾക്കാത്തത് അവർ ജനങ്ങൾക്കിടയിൽ ഇറങ്ങാത്തത് കൊണ്ടാണ്.
പിണറായി വിജയൻ എന്ന ബിംബത്തിന് ചുറ്റും വലംവെച്ച് തലചുറ്റിപ്പോയ നേതാക്കൾ പറയുന്ന വിടുവായത്തം നമ്മൾ ഏറെ കേട്ടതാണ്. അത്ര നിസ്സാരമല്ല പുതിയ വർത്തമാനങ്ങൾ. വളരെ ആസൂത്രിതമായി, പാർട്ടി കമ്മറ്റി ചേർന്ന് തന്നെയാണ് വർഗീയത പറയുന്നത് എന്ന കാര്യത്തിൽ ഒരു സംശയവും ഇല്ല. ഇത് ലക്ഷ്യം വെക്കുന്നത് ലീഗിനെ ആണെന്നത് തോന്നിപ്പിക്കൽ മാത്രമാണ്.
'നിങ്ങൾ ഇത് മറന്നു പോയോ' എന്ന് മറ്റാരെയോ വിളിച്ചുണർത്തി ചോദിക്കുകയാണ്. സി പി എം നേതാക്കൾ വായുവിൽ എറിയുന്ന വിഷവിത്തുകൾ പെറുക്കിയെടുക്കുന്നത് സാമാന്യജനങ്ങൾ അല്ല. ബി ജെ പി കേന്ദ്രങ്ങൾ തന്നെയാണ്. അവരത് മുളപ്പിച്ചെടുക്കുന്നുമുണ്ട്.
തിരുവനന്തപുരത്തും പാലക്കാട്ടും കോഴിക്കോട്ടും മുളപൊട്ടിയത് ബി ജെ പി അദ്ധ്വാനിച്ചതിന്റെ ഫലമല്ല. അത്രയേറെ ദുർബലമായ ബി ജെ പി നേതൃത്വത്തെ സി പി എം നന്നായി സഹായിച്ചിട്ടുണ്ട്.
അവർ വർഗീയമായി ഉഴുതു മറിച്ച മണ്ണിൽ ചെറിയ പണി മാത്രമേ ബിജെപിക്ക് ചെയ്യേണ്ടി വന്നിട്ടുള്ളൂ. ആ അപകടം ഈ രീതിയിൽ ഒതുക്കിയതിന് കേരളത്തിന്റെ മതേതര മനസ്സിന് നന്ദി പറയാതിരിക്കാൻ ആവില്ല.
ഭരണം കൊണ്ട് കേരളം പൊറുതി മുട്ടിയതിന്റെ പ്രതികരണമാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഫലത്തിൽ പ്രധാനമായത്. അതിനുള്ള പരിഹാരം വർഗീയത പറയലാണെന്ന കേവല ധാരണയല്ല എ കെ ബാലനെപ്പോലുള്ളവർ നടത്തുന്ന, വിഷം വമിക്കുന്ന പ്രസ്താവനകൾക്ക് പിറകിൽ എന്നത് വ്യക്തമാണ്. അതൊന്നും 'നിഷ്കളങ്കമായ വിവരക്കേടിൽ' ഉൾപ്പെടുത്തി തള്ളിക്കളയേണ്ടതല്ല.
വള്ളിപുള്ളി വിടാതെ അവയെ ഏറ്റെടുക്കുന്ന മുഖ്യമന്ത്രിയുടെ മറുപടികളിൽ നിന്ന് തന്നെ അത് ബോധ്യമാവും.
വിലപറഞ്ഞ് ഉറപ്പിച്ച വർഗീയ ധ്രുവീകരണത്തിന്റെ ഡീൽ പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ഭരണം കൊണ്ട് ജയിക്കാനായില്ലെങ്കിൽ ജാതിയും മതവും പറഞ്ഞ് ഭിന്നിപ്പിക്കാനെങ്കിലും സാധിക്കുമോ എന്ന അവസാനത്തെ അടവിലാണ് സി പി എം. തോറ്റു പോകുമ്പോൾ കൂടാരത്തിന് തീ കൊടുക്കുന്ന രാഷ്ട്രീയമാണ് അവർ പയറ്റുന്നത്.
പിണറായി വിജയന് മൂന്നാമതും മുഖ്യമന്ത്രിക്കസേര ഉറപ്പിക്കാൻ കേരളത്തെ കത്തിക്കാനാണ് സി പി എം ശ്രമം നടത്തുന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് കഴിയും വരെ മതേതര കേരളം ജാഗ്രതയിലാവേണ്ട കാലമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.