സമൂഹമാധ്യമങ്ങളിൽ അഭിമുഖപ്പോര്; ഉമ്മൻ ചാണ്ടിയുടെ ‘ഇരുവർ’ റീ റിലീസിന്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും മോഹൻലാലും തമ്മിലെ അഭിമുഖം ‘ഇരുവർ’ റിലീസാകുന്നതിന്‍റെ തലേന്ന്, 15 വർഷം മുമ്പ് പുറത്തുവന്ന ഉമ്മൻ ചാണ്ടി-മോഹൻലാൽ അഭിമുഖം റീ റിലീസ് ചെയ്ത് കോൺഗ്രസ് ചാനലായ ജയ്ഹിന്ദ്.

2011ൽ ‘ഇരുവർ’ എന്നുതന്നെയുള്ള പേരിൽ പുറത്തുവന്ന അഭിമുഖം ബുധനാഴ്ച രാത്രി ഏഴിനാണ് ചാനൽ വീണ്ടും ടെലികാസ്റ്റ് ചെയ്തത്. ഉമ്മൻ ചാണ്ടി പ്രതിപക്ഷ നേതാവായിരുന്ന 2011ൽ ഔദ്യോഗിക വസതിയായ കന്റോൺമെന്റ് ഹൗസിലായിരുന്നു അഭിമുഖം. ‘സാഗർ ഏലിയാസ് ജാക്കി’ സിനിമയുടെ ലുക്കിൽ വെള്ള ഷർട്ടും മുണ്ടും ധരിച്ച് മോഹൻലാൽ എത്തിയ അഭിമുഖത്തിൽ, സിനിമയും രാഷ്ട്രീയവും പങ്കുവെക്കുന്നുണ്ട്.

2011ലെ നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഈ അഭിമുഖം പുറത്തുവന്നത്. മുഖ്യമന്ത്രി പിണറായി വിജയനുമായി മോഹൻലാൽ നടത്തിയ അഭിമുഖത്തിന്റെ ടീസർ കഴിഞ്ഞദിവസം റിലീസ് ചെയ്ത പശ്ചാത്തലത്തിൽ സമൂഹമാധ്യമത്തിൽ പഴയ ‘ഇരുവരെ’ മുൻനിർത്തി ചർച്ചകൾ സജീവമായിരുന്നു. പിന്നാലെയാണ് ജയ്ഹിന്ദിലെ ടെലികാസ്റ്റിങ്.

പിണറായിയുമായുള്ള അഭിമുഖത്തിന്റെ ടീസർ സമൂഹ മാധ്യമങ്ങളിൽ ഇതിനോടകം ഹിറ്റായി. മുഖ്യമന്ത്രിയുടെ രാഷ്ട്രീയ ജീവിതവും വ്യക്തിപരമായ വിശേഷങ്ങളും ഉൾക്കൊള്ളുന്നതാകും അഭിമുഖം. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് അഭിമുഖം ചിത്രീകരിച്ചത്. ഇതിനായി രണ്ടു ദിവസം മോഹൻലാൽ ക്ലിഫ് ഹൗസിൽ എത്തി. അഭിമുഖം വ്യാഴാഴ്ച പുറത്തുവരും.

പത്ര-ദൃശ്യ മാധ്യമങ്ങൾക്ക് പിണറായി വിജയൻ അഭിമുഖങ്ങൾ നൽകുന്നത് കുറവാണ്. എന്നാൽ, സിനിമതാരങ്ങൾ അഭിമുഖം നൽകിയിട്ടുണ്ട്. സി.പി.എം സംസ്ഥാന സെക്രട്ടിയായിരിക്കെ നടൻ ശ്രീനിവാസൻ, നടി നവ്യ നായർ തുടങ്ങിയവർക്ക് പിണറായി അഭിമുഖം നൽകിയിരുന്നു.

Tags:    
News Summary - Interview fight on social media; Oommen Chandy's 'Iruvar' to be re-released

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.