കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കോടതി ഉത്തരവുകളടക്കം സർക്കാറിന്റെ മുന്നിലുള്ളപ്പോൾ ഇതിന്റെ സാധുത പരിശോധിക്കാൻ അന്വേഷണ കമീഷനെ നിയമിക്കാൻ സർക്കാറിന് എന്ത് അധികാരമെന്ന് ആവർത്തിച്ച് ഹൈകോടതി. വഖഫ് എന്ന് സിവിൽ കോടതിയും ഹൈകോടതി ഡിവിഷൻ ബെഞ്ചും വിധിച്ച ഭൂമി അങ്ങനെയല്ലെന്ന് സർക്കാറിനും ഫാറൂഖ് കോളജിനും പറയാൻ കഴിയുമോയെന്ന് കോടതി ചോദിച്ചു.
വഖഫ് ബോർഡിന്റെ ഉത്തരവ് അന്തിമമാണെന്നിരിക്കെ ഇതിൽ ഭേദഗതി വരുത്താതെ എങ്ങനെയാണ് കമീഷനെ നിയമിക്കാനാവുക. നിയമപരമായ ഉത്തരവ് എങ്ങനെയാണ് സർക്കാറിന് മാറ്റാനാവുക. പ്രതിഷേധിക്കുന്ന ചിലരുടെ കൈവശം ഈ ഭൂമിയുണ്ടെന്നതിന്റെ പേരിൽ എങ്ങനെയാണ് ആ ഭൂമിയുടെ അവകാശം അവർക്കുണ്ടെന്ന് സാധൂകരിക്കാനാവുകയെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ ചോദിച്ചു.
വഖഫ് സ്വത്ത് വാങ്ങാൻ ആർക്കാണ് അവകാശമുള്ളത്? വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തിൽ എങ്ങനെ കമീഷൻ സാധ്യമാകും? വഖഫ് സ്വത്ത് അധികാരമില്ലാതെ വിറ്റു. അത് ചിലർ വാങ്ങി താമസിക്കുന്നു. വഖഫ് സ്വത്ത് എന്ന നിലയിൽ നടപടി ആരംഭിച്ചപ്പോൾ ഇവർ പ്രതിഷേധിക്കുന്നുവെന്ന പേരിൽ ഇതെങ്ങനെ പൊതു പ്രാധാന്യമുള്ള വിഷയമാകും? കമീഷന് എന്ത് ശിപാർശയാണ് മുന്നോട്ടു വെക്കാനാവുകയെന്നും കോടതി ചോദിച്ചു.
മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് കമീഷനെ നിയോഗിച്ചത് ചോദ്യം ചെയ്യുന്ന ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹൈകോടതിയിൽ കേസുള്ളതിനാൽ ജുഡീഷ്യൽ കമീഷൻ പ്രവർത്തനം നിർത്തിവെച്ചെന്ന് അറിഞ്ഞതായി കക്ഷികൾ അറിയിച്ചു. പൊതു പ്രാധാന്യത്തിെൻറ പേരിൽ മുനമ്പത്തെ വഖഫ് ഭൂമിയിലെ താമസക്കാരെ എങ്ങനെ സംരക്ഷിക്കാനാവും എന്നതുസംബന്ധിച്ച് പരിശോധിക്കാനാണ് സർക്കാർ കമീഷനെ നിയമിച്ചതെന്ന് ഹരജിക്കാർ പറഞ്ഞു. വഖഫ് ഭൂമിയാണെന്ന് നിയമപരമായി ഉത്തരവുകളുള്ള സാഹചര്യത്തിൽ അവിടെ നിലവിലുള്ളതെല്ലാം കൈേയറ്റമാണ്.
കൈയേറ്റക്കാരുടെ എന്ത് അവകാശം സംരക്ഷിക്കാനാണ് സർക്കാറിന് ബാധ്യതയുള്ളത്. നിയമപരമായി തീരുമാനിച്ച കാര്യത്തിൽ സർക്കാറിന് പുനഃപരിശോധന സാധ്യമല്ല. സർക്കാർ നടപടി നിയമവാഴ്ചക്കും ധാർമികതക്കും എതിരാണ്. സാധുതയുള്ള ഒരു രേഖയുമില്ലാതെ ഭൂമി കൈയേറിയവർക്ക് എന്ത് അവകാശമാണുള്ളതെന്നും ഹരജിക്കാർ ചോദിച്ചു.
വ്യവഹാര കാര്യസ്ഥന് കോളജ് മാനേജ്മെൻറിെൻറ പേരിൽ സത്യവാങ്മൂലം നൽകാൻ അധികാരമില്ലെന്ന വാദമാണ് കോളജിന് അനുകൂലമായി ഉയർന്നത്. ഭൂമി വഖഫ് ഭൂമിയല്ലെന്നും ഇഷ്ടദാനം നൽകിയതാണെന്നുമടക്കം ചൂണ്ടിക്കാട്ടി മാനേജ്മെൻറിന് അനുകൂലമായി കക്ഷി ചേരാൻ നൽകിയ അപേക്ഷകളും കോടതി പരിഗണിച്ചു. തുടർന്നാണ് എതിർ വിശദീകരണങ്ങളുണ്ടെങ്കിൽ സമർപ്പിക്കാൻ സമയം അനുവദിച്ച് കോടതി വിഷയം വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.