മുല്ലപ്പെരിയാർ: മേൽനോട്ട സമിതിക്ക് കൂടുതൽ അധികാരം നൽകുന്നതിൽ സമവായമായില്ല

ന്യൂഡൽഹി: മുല്ലപ്പെരിയാർ വിഷയത്തിൽ കേരളവും തമിഴ്നാടും സമവായത്തിലെത്തിയില്ല. മേൽനോട്ടസമിതിക്ക് കൂടുതൽ അധികാരം നൽകുന്നതിനുള്ള ശിപാർശകളിലാണ് തർക്കം തുടരുന്നത്. സാ​ങ്കേതിക വിദഗ്ധരെ ഉൾപ്പെടുത്തി സമിതി പുനഃസംഘടിപ്പിക്കാൻ മാത്രം ധാരണയായിട്ടുണ്ട്. പുതിയ അണക്കെട്ട് എന്ന കേരളത്തിന്റെ ആവശ്യത്തിനെതിരെ ഇത്തവണയും തമിഴ്നാട് രംഗത്തെത്തി.

ഡാം ബലപ്പെടുത്തൽ നടപടി മേൽനോട്ടസമിതി സ്വീകരിക്കണമെന്ന നിലപാട് കേരളം തള്ളി. അണക്കെട്ടിന്റെ സുരക്ഷ രാജ്യാന്തര വിദഗ്ധൻ പരിശോധിക്കണമെന്ന കേരളത്തിന്റെ ആവശ്യവും തമിഴ്നാട് തള്ളി. തുടർന്ന് നിർദേശങ്ങൾ എഴുതി നൽകാൻ ഇരു സംസ്ഥാനങ്ങളോടും സുപ്രീംകോടതി ആവശ്യപ്പെട്ടു.

അതേസമയം, മുല്ലപ്പെരിയാർ അണക്കെട്ട് തകർന്നാൽ മഹാദുരന്തമുണ്ടാകുമെന്നും മേൽനോട്ട സമിതി പുനഃസംഘടിപ്പിക്കണമെന്നും പുതിയ അണക്കെട്ട് പണിയണമെന്നും കേരളം വാദിച്ചിരുന്നു. മേൽനോട്ട സമിതി തീരുമാനങ്ങളിൽ കേരളവുമായുള്ള സമവായം പരിഗണിക്കണമെന്ന് കേരള സർക്കാറിനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ജയദീപ് ഗുപ്ത ആവശ്യപ്പെട്ടപ്പോൾ കേരളവും തമിഴ്നാടുമായും ഉള്ള സമവായം എന്ന് തിരുത്തണമെന്ന് ജസ്റ്റിസ് ഖൻവിൽകർ അധ്യക്ഷനായ ബെഞ്ച് (അണക്കെട്ടിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട) നിർദേശിച്ചു. ജലനിരപ്പുമായി ബന്ധപ്പെട്ട സാങ്കേതിക വിഷയങ്ങൾ വിദഗ്ധ സമിതിക്ക് വിടണം. സുപ്രീംകോടതി നിജപ്പെടുത്തിയ മുല്ലപ്പെരിയാർ അണക്കെട്ടിലെ 142 അടി ജലനിരപ്പ് പുനഃപരിശോധിക്കേണ്ട സാഹചര്യമെന്താണ് എന്ന് ആരാഞ്ഞ ബെഞ്ച്, 2014ലെ വിധി കേരളത്തെ വായിച്ചുകേൾപ്പിച്ചു. 2014ലെ വിധിയുടെ സാഹചര്യം 2017ഓടെ മാറിയെന്ന് അഡ്വ. ജയ്ദീപ് ഗുപ്ത മറുപടി നൽകി.

മേഖലയിലെ കാലാവസ്ഥാ വ്യതിയാനവും മഴ പെയ്യുന്നതിലെ മാറ്റങ്ങളും മാറിയ സാഹചര്യമാണ്. അവസാനമായി അണക്കെട്ടിന്‍റെ സുരക്ഷ വിലയിരുത്തിയത് 2011-12ലാണ്. 10 വർഷത്തിലൊരിക്കൽ സുരക്ഷ പരിശോധിക്കേണ്ടതിനാൽ 2022ൽ പരിശോധന അനിവാര്യമാണ്. കേരളം നിർദേശിച്ച ജലനിരപ്പ് അംഗീകരിച്ചാലും തമിഴ്നാടിന്‍റെ ജല ആവശ്യം നിറവേറും. അവരുടെ ആവശ്യത്തിലും അണക്കെട്ടിന്‍റെ സുരക്ഷയിലും വിട്ടുവീഴ്ച ചെയ്യാത്ത നടപടിയാണ് കേരളം തേടുന്നത്. 140 അടിയാണ് നിലനിർത്തേണ്ട ശരിയായ ജലനിരപ്പ്. 142 പരമാവധി പോകാവുന്ന അളവാണ്.

മേൽനോട്ട സമിതി പുനഃസംഘടിപ്പിച്ച് കേരള- തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗങ്ങളെ അതിലുൾപ്പെടുത്തണമെന്ന് കേരളം ആവശ്യപ്പെട്ടിരുന്നു. തേനി, ഇടുക്കി ജില്ല കലക്ടർമാരെ ഉൾപ്പെടുത്തണം. സുരക്ഷയാണ് പ്രധാന വിഷയം. പുതിയ അണക്കെട്ട് ആവശ്യമാണ് എങ്കിലും തമിഴ്നാട് എതിർക്കുകയാണ്. അണക്കെട്ട് ബലപ്പെടുത്താനുള്ള നടപടികൾക്കാണ് തമിഴ്നാട് ഊന്നൽ നൽകുന്നത്. അതുവഴി ജലനിരപ്പ് ഉയർത്താനാണ് ശ്രമം. ഷട്ടറുകൾ തുറക്കുന്നതിനുള്ള സമയക്രമം നിർണയിക്കണം. റൂൾ കർവ് തീരുമാനിച്ചാൽ മാത്രമേ അത് നിശ്ചയിക്കാനാകൂ. അർധരാത്രി പെട്ടെന്ന് തുറന്നത് വലിയ പ്രശ്നമുണ്ടാക്കിയെന്നും കേരളം വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Mullaperiyar: There was no consensus on giving more powers to the oversight committee

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.