തൃശൂർ: മണ്ണുത്തിക്ക് സമീപം മുല്ലക്കരയിൽ നടക്കാനിറങ്ങിയ വയോധികക്ക് നേരെ യുവാവിന്‍റെ ആക്രമണം. മുടിക്ക് കുത്തിപ്പിടിക്കുകയും മുഖത്ത് അടിക്കുകയും ചെയ്ത ഇയാൾ സംഭവം കണ്ട് ഓടിയെത്തിയവരെയും ഭീഷണിപ്പെടുത്തുകയും ആക്രമിക്കുകയും ചെയ്തതായി പറയുന്നു.
മുല്ലക്കര കൊളങ്ങര വീട്ടിൽ ജമീലക്ക് (63) നേരെയാണ് ആക്രമണമുണ്ടായത്. രാവിലെ ഏഴോടെ നടക്കാനിറങ്ങിയ ജമീലയെ വീടിന് സമീപത്ത് വെച്ചാണ് ആക്രമിച്ചത്. ബാബു എന്നയാളാണ് ആക്രമിച്ചത്. ഇയാൾ ബി.ജെ.പി പ്രവർത്തകനാണെന്ന് പറയുന്നു.
നിങ്ങൾ ഇവിടെ താമസിക്കേണ്ടവരല്ലെന്നും പാകിസ്ഥാനിലേക്ക് പോകണമെന്നും പറഞ്ഞായിരുന്നു മർദ്ദനമെന്ന് ജമീല പറഞ്ഞു. നാട്ടുകാർ ഓടിയെത്തിയതോടെ ഇയാൾ ഓടി വീട്ടിലൊളിച്ചു. മർദ്ദനമേറ്റ ജമീലയെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മണ്ണുത്തി പൊലിസ് അക്രമിയെ കസ്റ്റഡിയിലെടുത്തു. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്നാണ് പൊലിസ് പറയുന്നത്. ആക്രമണം കണ്ട് ഓടിയെത്തിയ സമീപത്തെ റിട്ട. പൊലിസുദ്യോഗസ്ഥനെയും ഇയാൾ ആക്രമിച്ചതായി പറയുന്നു. ഇയാളെ ഗവ. മാനസികാരോഗ്യ കേന്ദ്രത്തിൽ പരിശോധനക്ക് എത്തിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.