ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന: പ്രതിക്കെതിരെ അരീക്കോട് സ്റ്റേഷനിലും കേസ്

അരീക്കോട്: ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന നടത്തി അരക്കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്ത യുവാവിനെതിരെ അരീക്കോട് സ്റ്റേഷനിലും കേസ്. അരീക്കോട് ഊര്‍ങ്ങാട്ടിരി പഞ്ചായത്തിലെ പൂവത്തിക്കല്‍ പാലോത്ത് ഇരുമ്പടശ്ശേരില്‍ മുഹമ്മദ് ഷാഫിയെയാണ് (30) ബുധനാഴ്ച പത്തനംതിട്ട പൊലീസ് അറസ്റ്റ് ചെയ്തത്. രണ്ടര ലക്ഷം രൂപ നഷ്ടമായ കുലശേഖരപതി സ്വദേശിനി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. പ്രതിയെ പത്തനംതിട്ട സി.ജെ.എം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇയാള്‍ പത്തനംതിട്ട ജില്ല ജയിലിലാണുള്ളത്.

വിവാഹാലോചന നടത്തി ബന്ധം സ്ഥാപിച്ച് 80,000 രൂപ തട്ടിയതായി കാണിച്ച് പെരിന്തല്‍മണ്ണ സ്വദേശിനിയായ നഴ്സാണ് ഷാഫിക്കെതിരെ അരീക്കോട് സ്റ്റേഷനില്‍ പരാതി നല്‍കിയത്. 2015 സെപ്റ്റംബര്‍ 19ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ അരീക്കോട് പൊലീസ് വെള്ളിയാഴ്ച പത്തനംതിട്ട കോടതിയില്‍ അപേക്ഷ നല്‍കും.

2014ലാണ് കേസിനാസ്പദമായ സംഭവം. ഡല്‍ഹിയില്‍ നഴ്സായി ജോലിചെയ്യുന്ന യുവതി ഓണ്‍ലൈന്‍ വിവാഹ പരസ്യം നല്‍കി. ഇത് കണ്ട ഷാഫി നിലമ്പൂര്‍ ചന്തക്കുന്ന് പുലിയൂട്ടില്‍ രാഘവന്‍െറ മകന്‍ സതീഷ് എന്ന പേരില്‍ വ്യാജ പ്രൊഫൈല്‍ ഉണ്ടാക്കി യുവതിയുമായി ബന്ധം സ്ഥാപിച്ചു. ഡല്‍ഹിയില്‍നിന്ന് നേരിട്ടത്തെി വിവാഹാലോചനയും നടത്തി. അബൂദബിയില്‍ പ്രമുഖ ആശുപത്രിയില്‍ ഡോക്ടറാണെന്നാണ് പരിചയപ്പെടുത്തിയത്. ഈ ആശുപത്രിയില്‍ നഴ്സായി ജോലിക്ക് വിസ തരപ്പെടുത്താമെന്ന് പറഞ്ഞ് യുവതിയില്‍നിന്ന് 80,000 രൂപയും സഹപ്രവര്‍ത്തകരായ 20 നഴ്സുമാരില്‍നിന്ന് 50,000 രൂപ വീതവും തട്ടി ഇയാള്‍ മുങ്ങുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

ഷാഫി നയിച്ചത് ആഡംബര ജീവിതം, തട്ടിപ്പിന് ഇരയായത് മുപ്പതോളം യുവതികള്‍

ഡോക്ടര്‍ ചമഞ്ഞ് വിവാഹാലോചന നടത്തി പണം കവര്‍ന്ന കേസില്‍ പിടിയിലായ മുഹമ്മദ് ഷാഫിയുടെ കെണിയില്‍പെട്ടത് മുപ്പതോളം യുവതികള്‍. മിക്കവാറും ജില്ലകളില്‍ ഇയാളുടെ തട്ടിപ്പിന് ഇരയായ യുവതികള്‍ ഉണ്ടെന്ന് പൊലീസ് പറയുന്നു. ഇതുവരെ 12 പരാതികളാണ് ലഭിച്ചിട്ടുള്ളത്. ഇതില്‍ നാലെണ്ണം എറണാകുളത്തും ഒരെണ്ണം പത്തനംതിട്ടയിലും ശേഷിച്ചത് പുത്തൂര്‍, തൊടുപുഴ, അരീക്കോട് ഭാഗങ്ങളിലുമാണ്.

ഇയാള്‍ പിടിയിലാകാന്‍ കാരണമായതും കല്യാണമാലോചിച്ച പെണ്‍കുട്ടികളാണ്. ദുബൈയിലെ ആശുപത്രിയുടെ പേരില്‍ തയാറാക്കിയ വിസിറ്റിങ് കാര്‍ഡ് പരിചയപ്പെട്ട നഴ്സുമാര്‍ക്കെല്ലാം നല്‍കിയിരുന്നു. സുഹൃത്തുക്കളായിരുന്ന നഴ്സുമാര്‍ പരസ്പരം തങ്ങള്‍ക്കുവന്ന വിവാഹാലോചനയെപ്പറ്റി പറയുകയും വിസിറ്റിങ് കാര്‍ഡ് കാണിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പ് മനസ്സിലായത്.

നാലുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ തന്ത്രപൂര്‍വം വിളിച്ചുവരുത്തിയാണ് പത്തനംതിട്ട പൊലീസ് മുഹമ്മദ് ഷാഫിയെ അറസ്റ്റ് ചെയ്തത്. തട്ടിപ്പുനടത്തിയ പണംകൊണ്ട് ആഡംബരജീവിതം നയിച്ചിരുന്ന ഇയാള്‍ പിടിയിലാകുമ്പോള്‍ മൂന്നര ലക്ഷം രൂപ, 1006 ദിര്‍ഹം, ആപ്പിളിന്‍േറതടക്കം നാലു മൊബൈല്‍ ഫോണുകള്‍, വിവിധ കമ്പനിയുടെ 17 സിം കാര്‍ഡുകള്‍, കാമറ, വിവിധ ആശുപത്രികളുടെ ഓഫര്‍ ലെറ്ററുകള്‍, സീലുകള്‍, വിലകൂടിയ രണ്ടു വാച്ച്, സുഗന്ധദ്രവ്യങ്ങള്‍, വിലയേറിയ തുണിത്തരങ്ങള്‍, രണ്ടു പവന്‍ സ്വര്‍ണാഭരണം എന്നിവ കൈവശമുണ്ടായിരുന്നു.

എല്ലാ നീക്കങ്ങളും വ്യാജപ്പേരില്‍ നടത്തിയിരുന്ന ഇയാള്‍ എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റടക്കം വ്യാജമായി നിര്‍മിച്ചിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഡോ. സതീഷ് മേനോന്‍ എന്നാണ് പേരെന്നും ദുബൈയിലെ സ്വകാര്യ ആശുപത്രിയില്‍ കാര്‍ഡിയാക് ട്രാന്‍സ്പ്ളാന്‍റ് സര്‍ജന്‍ ആണെന്നുമാണ് പരിചയപ്പെടുത്തിയിരുന്നത്. വ്യാജ പേരില്‍ പ്രൊഫൈലുണ്ടാക്കി വിവാഹ സൈറ്റില്‍ രജിസ്ട്രേഷന്‍ നടത്തിയശേഷം ബി.എസ്സി നഴ്സിങ് കഴിഞ്ഞ യുവതികളുടെ പ്രൊഫൈലുകളിലേക്ക് താല്‍പര്യം അറിയിച്ച് റിക്വസ്റ്റ് അയച്ചാണ് തട്ടിപ്പിനു വഴിയൊരുക്കിയിരുന്നത്.

പെണ്‍കുട്ടിയും ബന്ധുക്കളുമായി സൗഹൃദം സ്ഥാപിച്ചാല്‍, തന്‍െറ ആശുപത്രിയില്‍ ജോലി ഒഴിവുണ്ടെന്നും കൂടെ പഠിച്ചവര്‍ക്ക് ജോലി വാങ്ങിക്കൊടുക്കാമെന്നും പറഞ്ഞ് അവരുമായും ബന്ധം സ്ഥാപിച്ചു. എട്ടാം ക്ളാസില്‍ തോറ്റ് പഠിപ്പുനിര്‍ത്തിയ മുഹമ്മദ് ഷാഫി പിന്നീട് സ്വകാര്യ ബസുകളില്‍ ഡ്രൈവര്‍, കണ്ടക്ടര്‍ ജോലി ചെയ്തുവരുകയായിരുന്നു. പിന്നീട് കോട്ടയത്ത് നഴ്സിങ് ആന്‍ഡ് മിഡ്വൈഫറി സര്‍ട്ടിഫിക്കറ്റ് കോഴ്സ് പഠിച്ചശേഷം വടക്കേ ഇന്ത്യയിലേക്ക് പോയി അവിടെ ആശുപത്രിയില്‍ പ്രവൃത്തി പരിചയം നേടി. ആറുവര്‍ഷം മുമ്പ് ദുബൈയില്‍ പോയി അവിടെ ഇലക്ട്രോണിക്സ് കടയില്‍ ജോലിചെയ്യുമ്പോഴാണ് തട്ടിപ്പ് തുടങ്ങിയത്. ഇയാള്‍ക്ക് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

Tags:    
News Summary - muhammed-shafi.jpg

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.