കോഴിക്കോട്ട് നടന്ന പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ ഫൗണ്ടേഷൻ രൂപവത്കരണ യോഗത്തിൽ പാണക്കാട് മുഈനലി തങ്ങൾ സംസാരിക്കുന്നു

ലീഗിലെ അതൃപ്തർ പുതിയ കൂട്ടായ്മക്ക്​ രൂപം നൽകി; മുഈനലി തങ്ങൾ ചെയർമാൻ

കോഴിക്കോട്: മുസ്​ലിം ലീഗിലെ അതൃപ്തർ ചേർന്ന്​ പുതിയ കൂട്ടായ്മക്ക്​ രൂപം നൽകി. പാണക്കാട്​ ഹൈദരലി തങ്ങൾ ഫൗണ്ടേഷൻ എന്നു പേരിട്ട കൂട്ടായ്മയുടെ പ്രഥമയോഗം കോഴിക്കോട്ട്​ ചേർന്ന്​ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഹൈദരലി തങ്ങളുടെ മകനും യൂത്ത്​ലീഗ്​ ദേശീയ വൈസ്​ പ്രസിഡന്‍റുമായ മുഈനലി തങ്ങളാണ്​ ​ഫൗണ്ടേഷൻ ചെയർമാൻ. ലീഗിൽനിന്ന്​ പുറ​ത്താക്കപ്പെട്ട മുൻ സംസ്ഥാന സെക്രട്ടറി കെ.എസ്​. ഹംസയാണ്​ ജനറൽ കൺവീനർ. മികച്ച സാമൂഹിക പ്രവർത്തകക്കുള്ള ഫൗണ്ടേഷന്റെ പ്രഥമ ഹൈദരലി തങ്ങൾ ദേശീയ പുരസ്‌കാരം ദയാബായിക്ക് നൽകാൻ യോഗം തീരുമാനിച്ചു.

മുസ്​ലിം ലീഗിലും എം.എസ്​.എഫിലും അച്ചടക്ക നടപടിക്ക്​ വിധേയരായവരും ഔദ്യോഗിക നേതൃത്വത്തിന്‍റെ നടപടികളിൽ നീരസമുള്ളവരുമായ വിവിധ ജില്ലകളിൽനിന്നുള്ള ലീഗ്​ ഭാരവാഹികളും പ്രവർത്തകരുമാണ്​ കെ.പി. കേശവമേനോൻ ഹാളിൽ നടന്ന കൂട്ടായ്മയിൽ പ​ങ്കെടുത്തത്​. എം.എസ്.എഫ് മുൻ നേതാക്കളായ ലത്തീഫ് തുറയൂർ, പി.പി. ഷൈജൽ, എ.പി. അബ്ദുസ്സമദ് തുടങ്ങിയവരുമുണ്ടായിരുന്നു.

ഇത് വിമതരുടെ യോഗമല്ലെന്നും ഹൈദരലി ശിഹാബ് തങ്ങളുടെ സ്മരണ നിലനിർത്താൻ രൂപവത്​കരിക്കുന്ന കൂട്ടായ്മയാണെന്നും നേതാക്കൾ മാധ്യമപ്രവർത്തകരോട്​ പറഞ്ഞു. ഫൗണ്ടേഷന്‍റെ ജില്ല ചാപ്​റ്ററുകൾ ഉടൻ നിലവിൽവരും. വിദ്യാഭ്യാസ പ്രവർത്തനങ്ങളും യുവാക്കൾക്ക് തൊഴിൽ പരിശീലനവും പദ്ധതിയിലുണ്ടെന്ന്​ ഭാരവാഹികൾ കൂട്ടിച്ചേർത്തു.

ഫൗണ്ടേഷന്‍റെ മറ്റു ഭാരവാഹികൾ: അബ്​ദുൽ ഖാദർ എറണാകുളം, നവാസ്​ വരവിള കൊല്ലം, പി.എ. കരീം തൃശൂർ, എം.യു. ഇബ്രാഹിം (വൈ. ചെയർ), അഡ്വ. എസ്​. കബീർ ആലപ്പുഴ, എം.ടി. ജബ്ബാർ, ലത്തീഫ്​ തുറയൂർ, പി.എം. ഇഖ്​ബാൽ (കൺ.).

മുഈനലി തങ്ങൾ ​യോഗം ഉദ്​ഘാടനം ചെയ്തു. കെ.എസ്​. ഹംസ അധ്യക്ഷത വഹിച്ചു. ഹനീഫ മൗലവി ഹൈദരലി തങ്ങൾ അനുസ്മരണ പ്രഭാഷണം നടത്തി. എം.പി. അബ്​ദുൽ ഖാദർ എറണാകുളം, വരവിള നവാസ്​ എന്നിവർ സംസാരിച്ചു. അഡ്വ. എസ്​. കബീർ സ്വാഗതവും ലത്തീഫ്​ തുറയൂർ നന്ദിയും പറഞ്ഞു.

Tags:    
News Summary - mueen ali thangal attended muslim league rebels meeting in kozhikode

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.