കോഴിക്കോട്: എല്ലാസാമൂഹിക വിഷയങ്ങളിലും പരസ്യമായി അഭിപ്രായം പ്രകടിപ്പിക്കാറില്ലെങ്കിലും ഇടപെട്ട ചില വിഷയങ്ങളിൽ അതിരൂക്ഷമായാണ് എം.ടി വാസുദേവൻ നായർ പ്രതികരിച്ചിരുന്നത്. അത്തരത്തിൽ ഒന്നായിരുന്നു രാജ്യത്തെ ജനലക്ഷങ്ങളെ വലച്ച ഒന്നാം മോദിസർക്കാറിന്റെ നോട്ടു നിരോധനം. ഇതിനെതിരെ പലതവണയാണ് പൊതുവേദികളിലടക്കം വിമര്‍ശനവുമായി എം.ടി രംഗത്തെത്തിയത്. രാജ്യത്തിന് യാതൊരുപ്രയോജനവും ചെയ്യാത്ത നീക്കത്തെ തുടർന്ന് മോദിയെ തുഗ്ലക്കിനോടാണ് അദ്ദേഹം ഉപമിച്ചത്. ഇത് സംഘ്പരിവാർ കേന്ദ്രങ്ങളെ ചെറുതായൊന്നുമല്ല പ്രകോപിപ്പിച്ചത്. കുമ്മനം രാജശേഖരൻ അടക്കമുള്ളവർ എം.ടിക്കെതിരെ രംഗത്തുവന്നിരുന്നു.
നോട്ടുനിരോധനം സാധാരണക്കാരന്റെ ജീവിതം താറുമാറാക്കിയെന്നും തുഗ്ലക്കിനെപ്പോലെ മോദിക്കും ഗൂഢലക്ഷ്യങ്ങളുണ്ടെന്നുമാണ് എം.ടി തുറന്നടിച്ചത്. നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായിരുന്ന പ്രതിസന്ധി ഇപ്പോഴും തുടരുകയാണെന്നും ഈ സാഹചര്യത്തിലും പ്ലാസ്റ്റിക് മണിയെ കുറിച്ചാണ് ചിലര്‍ സംസാരിക്കുന്നതെന്നും ഇതെന്താണെന്ന് ഇതുവരെ മനസിലായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനത്തെ തുടര്‍ന്ന് തുഞ്ചന്‍ സാഹിത്യോല്‍സവം നടത്താന്‍പോലും ആവശ്യത്തിനു പണമില്ലാത്ത അവസ്ഥയാണെന്ന് തന്നെ സന്ദര്‍ശിച്ച സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം എം.എ. ബേബിയോട് അദ്ദേഹം സൂചിപ്പിച്ചിരുന്നു. പണ്ടൊക്കെയായിരുന്നെങ്കില്‍ ആരോടെങ്കിലും കടംവാങ്ങാമായിരുന്നു, എന്നാല്‍ ഇന്ന് ആരുടെ കൈയിലും പണമില്ലാതായിരിക്കുകയാണെന്നും എം.ടി പറഞ്ഞു. സാഹിത്യോല്‍സവത്തിനുള്ള ഫണ്ടിന്റെ കാര്യത്തില്‍ ഇടപെടാമെന്ന് ഉറപ്പുനല്‍കിയിട്ടാണ് ബേബി മടങ്ങിയത്.
നോട്ട് നിരോധന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തുണ്ടായ നോട്ട് പ്രതിസന്ധി തുടരുകയാണെന്ന് തന്നെ വീട്ടിലെത്തിക്കണ്ട അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോട് എം.ടി പറഞ്ഞിരുന്നു. പിന്നീട് മടപ്പള്ളി ഗവ. കോളജ് മലയാളവിഭാഗം സംഘടിപ്പിച്ച എം.ടിയുടെ രചനാലോകം എന്ന ദേശീയ സെമിനാറിന്റെ ഭാഗമായ മുഖാമുഖം പരിപാടിയിലും എം.ടി നോട്ടുനിരോധനത്തിനെതിരെ പ്രതികരിച്ചിരുന്നു. അത് തന്നെ വ്യക്തിപരമായി ബാധിക്കുന്നില്ലെങ്കിലും വീട്ടുകാരെ പ്രയാസപ്പെടുത്തുകയാണ്. നിത്യജീവിത വിനിമയത്തിന് 2000 രൂപ തടസ്സമാവുകയാണ്. നമ്മുടെ കടകളിൽനിന്ന് അത് മാറിക്കിട്ടുക പ്രയാസം തന്നെയാണ്. ഇതിനൊരു പരിഹാരം തന്റെ കൈയിലുമില്ല എന്നായിരുന്നു സാഹിത്യസെമിനാറിൽ എം.ടിയുടെ പ്രതികരണം.
മോദിവിമർശനത്തിന് പിന്നാലെ ബി.ജെ.പി -ആർ.എസ്.എസ് നേതാക്കള്‍ അദേഹത്തിനെതിരെ രംഗത്തുവന്നിരുന്നു. സംഘ്പരിവാര്‍ അനുകൂലികള്‍ സോഷ്യല്‍മീഡിയയിലും എം.ടിക്കെതിരെ അധിക്ഷേപങ്ങളുമായി എത്തി. മോദിയെ വിമര്‍ശിക്കാന്‍ എം.ടി ആരാണെന്നായിരുന്നു ബി.ജെ.പി നേതാവ് എ.എന്‍ രാധാകൃഷ്ണന്റെ പ്രതികരണം. എം.ടി വിമര്‍ശനങ്ങള്‍ക്ക് അതീതനല്ലെന്ന് കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.