എം.ടി. പറഞ്ഞത് കേരളം കേൾക്കാൻ കാത്തിരുന്ന വാക്കുകൾ -വി.ഡി. സതീശൻ

കോഴിക്കോട്: കേരളം കേൾക്കാൻ കാത്തിരുന്ന വാക്കുകളാണ് സാഹിത്യകാരൻ എം.ടി. വാസുദേവൻ നായർ പറഞ്ഞതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിയുടെ സ്തുതിപാഠകർ എം.ടിയുടെ വാക്കുകൾ ശ്രദ്ധിക്കണം. എം.ടിയുടെ വാക്കുകൾ വഴിതിരിച്ചുവിടാൻ ശ്രമം നടക്കുകയാണെന്നും വി.ഡി. സതീശൻ പറഞ്ഞു.

മുഖ്യമന്ത്രിയെ വേദിയിലിരുത്തി എം.ടി. പറഞ്ഞ വാക്കുകൾ ബധിര കർണങ്ങളിൽ പതിക്കരുത്. കാലത്തിന്‍റെ ചുവരെഴുത്താണ് അദ്ദേഹം വായിച്ചത്. ഈ കാലം ആവശ്യപ്പെടുന്ന കാര്യമാണ് എം.ടി. പറഞ്ഞത്. നിഷ്പക്ഷത നടിച്ച് നടന്ന സർക്കാറിനെ താങ്ങി നിർത്തുന്ന ബുദ്ധിജീവികളും സാംസ്കാരിക പ്രവർത്തകരും ചില മാധ്യമപ്രവർത്തകരും നിഷ്പക്ഷരാണെന്ന് കരുതി വന്ന് സമൂഹ മാധ്യമങ്ങളിലൂടെ സർക്കാറിന് സ്തുതിഗീതം പാടുന്നവരും എം.ടിയുടെ വാക്കുകൾ ശ്രദ്ധയോടെ കേൾക്കണം.

എം.ടിയുടെ വാക്കുകൾ പ്രധാനപ്പെട്ടതാണ്. അധികാരം എങ്ങനെ മനുഷ്യനെ ദുഷിപ്പിക്കുന്നു. അധികാരം അഹങ്കാരത്തിലേക്കും ധാർഷ്ട്യത്തിലേക്കും എങ്ങനെ പോകുന്നു. പ്രതിഷേധങ്ങളെ ഭയപ്പെടുന്നു. പ്രതിഷേധിക്കാനുള്ള അവകാശത്തെ ഹനിക്കുന്നു, അതിനെ അടിച്ചമർത്തുന്നു. ക്രൂരമായ മർദനമുറകൾ സംസ്ഥാനത്തൊട്ടാകെ അഴിച്ചുവിടുന്നു. ഇതൊക്കെ കണ്ട് എം.ടിയെ പോലുള്ള ഒരാൾ പ്രതികരിച്ചതിൽ സന്തോഷമുണ്ട്. എം.ടിയുടെ വാക്കുകൾക്ക് അത്രയേറെ മൂർച്ചയുണ്ടെന്ന് കരുതുന്നു. അത് വഴിതിരിച്ചുവിടാതെ മനസിലാക്കാനാണ് ശ്രമിക്കേണ്ടത്. വഴിതിരിച്ചുവിടാൻ ശ്രമിച്ചാൽ കേരളം വീണ്ടും ആപത്തിലേക്ക് പോകും.

നെഹ്‌റുവിനെ താരതമ്യപ്പെടുത്തിയുള്ള രാജ്യത്തെ രാഷ്ട്രീയ സാഹചര്യമല്ല എം.ടി. വിശദീകരിച്ചത്. ഇ.എം.എസിനെ താരതമ്യപ്പെടുത്തി വ്യക്തി പൂജയെ കുറിച്ചാണ് പറഞ്ഞത്. അധികാരം എങ്ങനെ ആധിപത്യം സ്ഥാപിക്കാന്‍ പ്രേരിപ്പിക്കുന്നു എന്നതിനെ കുറിച്ചും അധികാരം എങ്ങനെ ദുഷിപ്പിക്കുന്നു എന്നുമാണ് പറഞ്ഞത്. കുറേക്കാലമായി കണ്ടുകൊണ്ടിരിക്കുന്ന കാഴ്ചകളില്‍ പ്രതികരിക്കാന്‍ മറന്നു പോയ സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് കൂടിയുള്ള വഴിവിളക്കാണ് അദ്ദേഹം കത്തിച്ചുവച്ചത്.

സാമാന്യബോധമുള്ളതു കൊണ്ട് ആരെ കുറിച്ചാണ് എം.ടി. പറഞ്ഞതെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ട്. ഇ.പി. ജയരാജന് മനസിലാകാത്തതിന് എന്തു ചെയ്യാന്‍ പറ്റും. അദ്ദേഹത്തെ മനസിലാക്കിക്കൊടുക്കാന്‍ വലിയ പാടാണ്. കേരളത്തിലെ സി.പി.എം നേതാക്കള്‍ പറഞ്ഞതു കൊണ്ടാണ് അയോധ്യയുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തതെന്നുള്ള എം.വി. ഗോവിന്ദന്‍റെ പ്രസ്താവന ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. തുടര്‍ച്ചയായി വിവരക്കേട് പറയുകയെന്നത് ഗോവിന്ദന്‍ ഒരു ശീലമാക്കി മാറ്റിയിരിക്കുകയാണ്.

ദേശാഭിമാനി തെറ്റായി പറഞ്ഞ കാര്യങ്ങള്‍ ഓരോന്നായി പുറത്ത് വന്നു കൊണ്ടിരിക്കുകയാണ്. ചായക്കട നടത്തി ജീവിക്കുന്ന ചെറുപ്പക്കാരന്‍ വ്യാജ ഡിഗ്രി നേടിയെന്ന കഥയുണ്ടാക്കി വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതാണ് ദേശാഭിമാനി. വ്യാജ സര്‍ട്ടിഫിക്കറ്റ് ചമച്ചതിന് അകത്ത് പോകേണ്ട ആളുകളാണ് ദേശാഭിമാനിക്കാരെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

Tags:    
News Summary - M.T. The words Kerala was waiting to hear - V.D. Satishan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.