കപ്പൽ അപകടത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കേസെടുക്കാം; കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഹൈകോടതി

കൊച്ചി: കേരളതീരത്തെ കപ്പൽ അപകടത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് കേസെടുക്കാമെന്ന് ഹൈകോടതി. നിയമനടപടി ക്രമങ്ങളിൽ കാലതാമസം പാടില്ലെന്നും കപ്പൽ കമ്പനിയിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും കോടതി നിർദേശിച്ചു. എം.എസ്.സി എൽസ 3 ചരക്കുകപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപൻ നൽകിയ ഹരജിയിലാണ് കോടതിയുടെ നിർദേശം.

നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് എന്തൊക്കെ നടപടി സ്വീകരിക്കാമെന്ന് സംസ്ഥാന സർക്കാർ അറിയിക്കണം. ചട്ടങ്ങളും അന്താരാഷ്ട്ര കരാറുകളും പരിശോധിക്കണം. കോടതിയെ സഹായിക്കാൻ അമിക്കസ് ക്യൂറിയെ നിയമിക്കാമെന്നും ഹൈകോടതി വ്യക്തമാക്കി. സിം​​ഗ​​പ്പൂ​​ർ ചരക്കു കപ്പൽ എം.​​വി വാ​​ൻ​​ഹാ​​യ് 503ലെ തീപിടിച്ച സംഭവവും എം.എസ്.സി എൽസ 3 കപ്പൽ അപകട കേസിനൊപ്പം പരിഗണിക്കാൻ ഹൈകോടതി നിർദേശം നൽകി.

എം.എസ്.സി എൽസ3 കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് കേസെടുത്തതായി കേരള സർക്കാർ ഹൈകോടതിയെ അറിയിച്ചു. രണ്ട് കപ്പൽ അപകടങ്ങളിലും ശക്തമായ നടപടി വേണമെന്ന് ഹൈകോടതി നിർദേശിച്ചു. നഷ്ടപരിഹാര കാര്യത്തിൽ തീരുമാനം ഉണ്ടാകേണ്ടതുണ്ടെന്ന് അഡ്വക്കറ്റ് ജനറൽ അറിയിച്ചപ്പോൾ, കപ്പൽ അപകടം ആവർത്തിച്ചെന്നും നടപടി എടുക്കാതിരിക്കരുതെന്നും ഹൈകോടതി വ്യക്തമാക്കി.

നിയമനടപടി വൈകരുതെന്ന് ടി.എൻ. പ്രതാപന്‍റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. കേസെടുക്കാൻ അധികാരമുണ്ടെന്നും അതു പ്രകാരമാണ് മുന്നോട്ടു പോകുന്നതെന്നും അഡ്വക്കറ്റ് ജനറലും വ്യക്തമാക്കി.

കപ്പൽ അപകടവുമായി ബന്ധപ്പെട്ട് എത്രതുക കേന്ദ്ര, സംസ്ഥാന സർക്കാരുകൾ മുടക്കിയിട്ടുണ്ടെന്ന് ഹൈകോടതി ചോദിച്ചു. ജനങ്ങളുടെ നികുതി പണമാണ്. മത്സ്യ, സാമ്പത്തിക മേഖലകൾ അടക്കം ഏതെല്ലാം തരത്തിൽ നഷ്ടപരിഹാരം ഈടാക്കാമെന്ന് സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാറിനെ അറിയിക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി.

കൊച്ചി അപകടത്തിൽ എണ്ണച്ചോർച്ചയാണ് പ്രധാന പ്രശ്നമെന്നും സിവിൽ, ക്രിമിനൽ നടപടിയുമായി മുന്നോട്ടു പോകുന്നതിൽ എന്താണ് പ്രശ്നമെന്നും ഹൈകോടതി സംസ്ഥാന സർക്കാറിനോട് ചോദിച്ചു.

എം.എസ്.സി എൽസ 3 ചരക്കുകപ്പൽ അപകടത്തിൽപെട്ട് കടലിൽ മുങ്ങിയ സംഭവത്തിൽ ഫോർട്ട്​ കൊച്ചി കോസ്റ്റൽ പൊലീസ് ഇന്നലെ കേസെടുത്തിരുന്നു. കേസിൽ കപ്പൽ കമ്പനി ഉടമ ഒന്നാം പ്രതിയും ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയും കപ്പലിലെ നാവികരും ജീവനക്കാരും മൂന്നാം പ്രതിയുമാണ്. മത്സ്യത്തൊഴിലാളിയായ ആലപ്പുഴ നീർക്കുന്നം തെക്കുംമുറിയിൽ സി. ഷാജിയുടെ പരാതിയെതുടർന്ന് ഭാരതീയ ന്യായ സംഹിതയിലെ 282, 285, 286, 287, 288, 3(5) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. 3(5) ഒഴികെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ്.

മേയ് 24നാണ്​ കൊച്ചിക്ക് പടിഞ്ഞാറ് കപ്പൽ മുങ്ങിയത്​. സംഭവത്തിൽ കേസ് എടുക്കേണ്ടെന്നും നഷ്ടപരിഹാരത്തിന് ഊന്നൽ നൽകണമെന്നുമുള്ള ചീഫ് സെക്രട്ടറിയുടെ കുറിപ്പ് വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. കേരളതീരത്തു നിന്ന് 12 നോട്ടിക്കൽ മൈൽ അകലെയുണ്ടാകുന്ന സംഭവങ്ങളിൽ മാത്രമേ കേസെടുക്കാൻ അധികാരമുള്ളൂ എന്നായിരുന്നു സർക്കാർ വിലയിരുത്തൽ.

200 നോട്ടിക്കൽ മൈൽ വരെയുണ്ടാകുന്ന സംഭവങ്ങളിൽ കേസെടുക്കാൻ തീര സംസ്ഥാനങ്ങൾക്ക് അധികാരം നൽകി കേന്ദ്ര വിജ്ഞാപനം ഉണ്ടെന്നും അതിന്‍റെ അടിസ്ഥാനത്തിൽ കേസെടുക്കാമെന്നും വാദങ്ങളുണ്ടായിരുന്നു. കേരളത്തിൽ ഇങ്ങനെ കേസെടുക്കാൻ അധികാരമുള്ളത് ഫോർട്ട്കൊച്ചി തീരദേശ പൊലീസിനാണ്.

Tags:    
News Summary - MSC elsa 3 cargo ship accident: The central and state governments can file a case -High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.