ഇന്ന് പാർലമെൻറിൽ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തികൾ- മുഖ്യമന്ത്രി, ജനാധിപത്യം നിലനില്‍ക്കാന്‍ ആര്‍.എസ്.എസ് ആഗ്രഹിക്കുന്നില്ല

കോഴിക്കോട്: ഇന്ന് പാർലമെന്റിൽ നടന്നത് രാജ്യത്തിന് ചേരാത്ത പ്രവൃത്തികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ജനാധിപത്യം നിലനില്‍ക്കാന്‍ ആര്‍.എസ്.എസ് ആഗ്രഹിക്കുന്നില്ല. രാജ്യത്ത് മതനിരപേക്ഷത തകര്‍ക്കാനുള്ള ശ്രമങ്ങളുണ്ടാകുന്നുവെന്നും ഇതിന്റെ മകുടോദാഹരണമാണ് പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കോഴിക്കോട് സോഷ്യലിസ്റ്റ് നേതാവും കേന്ദ്രമന്ത്രിയുമായിരുന്ന എം.പി. വീരേന്ദ്രകുമാര്‍ അനുസ്മരണറാലിയും ഫാസിസ്റ്റ് വിരുദ്ധ കൂടായ്മയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്ത് മതനിരപേക്ഷത വലിയ തോതില്‍ ആക്രമിക്കപ്പെടുന്നു. മതാധിഷ്ഠിത രാഷ്ട്രമാവണമെന്നാണ് ഭരിക്കുന്നവര്‍ ആഗ്രഹിക്കുന്നത്. അതിന്റെ പ്രതിഫലനമാണ് ഇന്ന് പാര്‍ലമെന്റില്‍ കണ്ടത്. മതനിരപേക്ഷത തകര്‍ക്കാന്‍ വലിയ ശ്രമങ്ങള്‍ ഉണ്ടാവുന്നു. മത ന്യൂനപക്ഷങ്ങള്‍ വലിയ തോതില്‍ വേട്ടയാടപ്പെടുന്നു. രാജ്യം ഇന്ന് വലിയ വെല്ലുവിളികളാണ് നേരിടുന്നത്. സോഷ്യലിസ്റ്റ് വീക്ഷണം ഉള്‍പ്പെടെ വെല്ലുവിളിക്കപ്പെടുന്നു. അധികാരം കൂടുതലായി കേന്ദ്രത്തിലേക്കാണ് കേന്ദ്രീകരിക്കപ്പെടുന്നത്. കേന്ദ്രവും സംസ്ഥാനവും ഒരു പോലെ ചര്‍ച്ച ചെയ്യേണ്ട കാര്യങ്ങളില്‍ സംസ്ഥാനവുമായി യാതൊരു ആലോചനയും ഉണ്ടാവുന്നില്ല.

എല്ലാം ഞങ്ങളുടെ കാല്‍ക്കീഴിലാവണമെന്നാണ് ബി.ജെ.പി ആഗഹിക്കുന്നത് ജുഡീഷ്യറിയെ കാല്‍ക്കീഴിലാക്കാക്കാനുള്ള ശ്രമങ്ങള്‍ വരെ നടന്നു. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാനുള്ള ശ്രമം നടക്കുകയാണ്. പാര്‍ലമെന്റിന് പോലും കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നില്ല. വ്യത്യസ്ത ശബ്ദങ്ങള്‍ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ഭരിക്കുന്ന പാര്‍ട്ടിക്ക് കഴിയേണ്ടതുണ്ട്, പക്ഷെ എല്ലാം തങ്ങളുടെ താല്‍പര്യത്തിന് പ്രവര്‍ത്തിക്കണമെന്നാണ് കേന്ദ്ര താല്‍പര്യം. ഫലപ്രദമായ ചര്‍ച്ചകള്‍ പോലും പാര്‍ലമെന്റില്‍ ഉണ്ടാവുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

എല്‍ ജെഡി സംസ്ഥാന പ്രസിഡന്റ് എം.വി. ശ്രേയാംസ് കുമാര്‍ , കെ.പി. മോഹനന്‍ എം.എൽ.എ . ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വിയാദവ്, ആർ.ജെ.ഡി എം.പി. മനോജ് കുമാര്‍ ഝാ, മന്ത്രി കെ. കൃഷ്ണന്‍ കുട്ടി മേയര്‍ ബീനാ ഫിലിപ്പ്, ആലംകോട് ലീലാ കൃഷ്ണന്‍, ഡോ വര്‍ഗീസ് ജോര്‍ജ് എന്നിവർ ചടങ്ങില്‍ സംബന്ധിച്ചു.

Tags:    
News Summary - MP Virendra Kumar Commemoration: Chief Minister Pinarayi Vijayan's speech

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.