ഗൂഢാലോചനാ കേസിൽ പ്രതിചേർക്കാൻ നീക്കം: ഷാജ് കിരണും ഇബ്രാഹീമും കേരളം വിട്ടു

തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഉൾപ്പെട്ട ഗൂഢാലോചനാ കേസില്‍ ഷാജ് കിരണിനെയും സുഹൃത്ത് ഇബ്രാഹിമിനെയും പ്രതിചേർത്തേക്കുമെന്ന വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ ഇരുവരും കേരളം വിട്ടു. കേസിൽ ഇവരെയും പ്രതിയാക്കുന്നത് സംബന്ധിച്ച് അന്വേഷണ സംഘം നിയമ പരിശോധന ആരംഭിച്ചിട്ടുണ്ട്. ഇരുവർക്കും സ്വപ്നയുമായി അടുത്ത ബന്ധമുണ്ടെന്ന് വ്യക്തമായ സാഹചര്യത്തിലായിരുന്നു നീക്കം.

അതേസമയം, തങ്ങള്‍ തമിഴ്നാട്ടില്‍ ഉണ്ടെന്ന് ഇബ്രാഹിം മീഡിയ വണിനോട് പറഞ്ഞു. സ്വപ്നയുമായി കൂടിക്കാഴ്ച നടത്തിയതിന്‍റെ വീഡിയോ തന്‍റെ കയ്യിലുണ്ട്. അത് വീണ്ടെടുക്കാനാണ് തമിഴ്നാട്ടിലേക്ക് പോയത്. നാളെ തന്നെ തിരിച്ചെത്തുമെന്നും ഇബ്രാഹിം പറഞ്ഞു.

ഷാജ് കിരണുമായി വർഷങ്ങളായുള്ള ബന്ധമാണെന്നും നിവൃത്തിയില്ലാതെയാണ് ഷാജിന്‍റെ സംഭാഷണം റെക്കോർഡ് ചെയ്തതെന്നും ശബ്ദരേഖ പുറത്തുവിടുന്നതിനുമുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സ്വപ്ന പറഞ്ഞിരുന്നു. ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തി. ആരോടാണ് കളിച്ചത് എന്നറിയാമല്ലോയെന്ന് ഷാജ് കിരൺ ചോദിച്ചു. അഡ്വ. കൃഷ്ണരാജാണ് തന്‍റെ രക്ഷകനെന്നും സ്വപ്ന കൂട്ടിച്ചേര്‍ത്തിരുന്നു.

അതേസമയം അഭിഭാഷകനും, എച്ച്.ആർ.ഡി.എസും പറഞ്ഞത് പ്രകാരമാണ് രഹസ്യമൊഴി നൽകിയതെന്ന് സ്വപ്ന പറഞ്ഞിട്ടുണ്ടെന്ന് ഷാജ് കിരൺ മീഡിയാവൺ സ്‌പെഷ്യൽ എഡിഷനിൽ പറഞ്ഞിരുന്നു.

ഷാജ് കിരണ്‍ എന്നയാള്‍ പാലക്കാടെത്തി തന്നെ കണ്ട് രഹസ്യമൊഴി പിന്‍വലിക്കാന്‍ ശ്രമിച്ചുവെന്നായിരുന്നു സ്വപ്ന ഹൈക്കോടതിയില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നത്. ആര്‍.എസ്.എസിന്‍റെയും ബി.ജെ.പിയുടെയും സമ്മര്‍ദം കൊണ്ടാണ് മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിയതെന്ന് വീഡിയോയില്‍ ചിത്രീകരിച്ച് നല്‍കണമെന്ന് ഷാജ് കിരണ്‍ ആവശ്യപ്പെട്ടതായും സ്വപ്ന പറഞ്ഞിരുന്നു. വീഡിയോ മുഖ്യമന്ത്രിക്ക് കൈമാറാനുള്ളതാണെന്നും അറിയിച്ചെന്നും സ്വപ്ന സമര്‍പ്പിച്ച ഹരജിയില്‍ പറയുന്നു. ഇതിനുതൊട്ടുപിന്നാലെ സ്വപ്നയുടെ ആരോപണം നിഷേധിച്ച് ഷാജ് കിരണ്‍ രംഗത്തെത്തിയിരുന്നു.

Tags:    
News Summary - Move to include as accused in conspiracy case against Swapna suresh: Shaj Kiran and Ibrahim leave Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.