കൊച്ചി: ലക്ഷദ്വീപിലെ കൽപേനിയിൽ സ്കൂളുകളുടെ പേരുമാറ്റാനുള്ള അഡ്മിനിസ്ട്രേഷൻ തീരുമാനത്തിനെതിരെ പ്രതിഷേധം. കൽപേനി ഡോ.കെ.കെ. മുഹമ്മദ് കോയ ഗവ. സീനിയർ സെക്കൻഡറി സ്കൂൾ, ബീയുമ്മ മെമ്മോറിയൽ ജൂനിയർ ബേസിക് സ്കൂൾ എന്നീ പേരുകൾ മാറ്റാനാണ് തീരുമാനം. പകരം സ്വാതന്ത്ര്യസമര സേനാനികളുടെ പേരിടുമെന്നാണ് അറിയിപ്പ്.
പ്രത്യേകിച്ച് പേരുകളൊന്നുമില്ലാത്ത നിരവധി സ്കൂളുകൾ ലക്ഷദ്വീപിലുള്ളപ്പോൾ ഈ വിദ്യാലയങ്ങളുടെ പേര് മാത്രം മാറ്റി പുനർനാമകരണം ചെയ്യുന്നതിന് പിന്നിൽ പ്രത്യേക താൽപര്യങ്ങൾ സംശയിക്കുന്നതായി ലക്ഷദ്വീപിലെ എൻ.സി.പി നേതാക്കൾ ആരോപിച്ചു. ലക്ഷദ്വീപ് ജില്ല പഞ്ചായത്തിന്റെ ആദ്യ ചീഫ് കൗൺസിലറും പ്രമുഖ നേതാവുമാണ് ഡോ. കെ.കെ. മുഹമ്മദ് കോയ. ദ്വീപിലെ ആദ്യ വനിത മെട്രിക്കുലേഷൻ ജേതാവും പ്രഥമ ടി.ടി.സി അധ്യാപികയുമായിരുന്നു ബീയുമ്മ. ഇരുവരുടെയും സ്മരണാർഥമാണ് ഈ സ്കൂളുകൾക്ക് വർഷങ്ങൾക്ക് മുമ്പ് അവരുടെ പേര് നൽകിയത്. സ്വാതന്ത്ര്യസമര സേനാനികളുടെ പേരിടുന്നതിലല്ല, ഈ രണ്ട് സ്കൂളുകളുടെ പേരുകൾ തന്നെ മാറ്റി പുനർനാമകരണം ചെയ്യുന്നതിനോടാണ് തങ്ങളുടെ വിയോജിപ്പെന്ന് അവർ വ്യക്തമാക്കി.
ലക്ഷദ്വീപ് സ്റ്റുഡൻറ്സ് അസോസിയേഷൻ വിഷയത്തിൽ കൊച്ചിയിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫിസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. വിദ്യാഭ്യാസ രംഗവുമായി ബന്ധപ്പെട്ട നിരവധി പ്രശ്നങ്ങൾക്ക് പരിഹാരം ആവശ്യപ്പെട്ടിട്ടും നടപടികൈക്കൊള്ളാത്ത ലക്ഷദ്വീപിലെ വിദ്യാഭ്യാസ വകുപ്പാണ് പുതിയ പരിഷ്കാരങ്ങളുമായി എത്തിയിരിക്കുന്നതെന്ന് അവർ ചൂണ്ടിക്കാട്ടി. ലക്ഷദ്വീപിലെ സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ മണ്ഡലങ്ങളിൽ ഏറെ പ്രാധാന്യമർഹിക്കുന്ന ഇവരെ ആദരിച്ചുകൊണ്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജനാധിപത്യ രീതിയിൽ നൽകിയ പേര് മാറ്റുന്നത് അനൗചിത്യവും പ്രഫുൽ ഖോദ പട്ടേലെന്ന അഡ്മിനിസ്ട്രേറ്ററുടെ രാഷ്ട്രീയ പാപ്പരത്ത്വവുമാണെന്ന് മുഹമ്മദ് ഫൈസൽ എം.പി പ്രതികരിച്ചു. ആന്ത്രോത്ത് ദ്വീപിലെ പി.എം. സയീദ് കാലിക്കറ്റ് യൂനിവേഴ്സിറ്റി സെൻററിന്റെ പേര് പുനർനാമകരണം ചെയ്തതും വിവാദമായിരുന്നു. മുൻ കേന്ദ്ര മന്ത്രി പി.എം. സയീദിന്റെ പേരാണ് അന്ന് നീക്കം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.