റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെ ഉറച്ച നിലപാടുമായി മോട്ടോര്‍ വാഹനവകുപ്പ്

കൊച്ചി: റോഡിലെ നിയമലംഘനങ്ങള്‍ക്കെതിരെയുള്ള നടപടികള്‍ ശ്കതമാക്കുകയാണ് മോട്ടോര്‍ വാഹനവകുപ്പ്. അനാവശ്യ പരിശോധനകൾ, അമിതപിഴ ഈടാക്കുന്നു എന്നെല്ലാമുള്ള മുറവിളികള്‍ക്ക് കൃത്യമായ മറുപടിയും വകുപ്പിന്‍റെ പക്കലുണ്ട്. 2019ല്‍ രാജ്യത്ത് നടപ്പിലാക്കിയ മോട്ടോര്‍ വാഹന ഭേദഗതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള പിഴ ഈടാക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ബാധ്യസ്ഥരാണ്.

റോഡിലെ ചെറുതെന്ന് തോന്നുന്ന പല നിയമലംഘനങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നവയാണ്. ബൈക്കുകള്‍ ഉള്‍പ്പെടെയുള്ള വാഹനങ്ങളിലെ നമ്പര്‍ പ്ലേറ്റില്‍ വരുത്തുന്ന പലതരം മാറ്റങ്ങളും അവയുടെ ഉദ്യേശത്തെതന്നെ ഇല്ലാതാക്കുന്നതാണെന്ന് മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഒരു മില്ലീമീറ്റര്‍ വലിപ്പവ്യത്യാസം ഉള്ള നമ്പര്‍ പ്ലേറ്റ് ദൃക്സാക്ഷികള്‍ക്കോ ഉദ്യോഗസ്ഥര്‍ക്കോ അപകടമുണ്ടാക്കുന്നതോ കുറ്റകൃത്യത്തിന് ഉപയോഗിക്കുന്നതോ ആയ വാഹനത്തെ തിരിച്ചറിയുന്നതില്‍ തടസം സൃഷ്ടിക്കുന്നു. ക്രിമിനലുകള്‍ ഇത്തരത്തില്‍ ബോധപൂര്‍വ്വം നമ്പര്‍ പ്ലേറ്റില്‍ അക്കങ്ങളും അക്ഷരങ്ങളും വിന്യസിക്കുമ്പോള്‍ യുവാക്കളടക്കം സാധാരണക്കാര്‍ ഒരു വ്യത്യസ്തയ്ക്കായി ഇത്തരം നിയമലംഘനങ്ങളില്‍ ഏര്‍പ്പെടുന്നു.

വാഹനങ്ങളില്‍ നടത്തുന്ന ഏത് തരത്തിലുള്ള രൂപമാറ്റങ്ങളും നിയമ വിരുദ്ധമാണ്. വിവിധ വാഹനങ്ങളില്‍ നടത്തുന്ന സൈലന്‍സര്‍ മോഡിഫിക്കേഷന്‍ ഗുരുതരമായ മലിനീകരണ പ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. നിരോധിത എയര്‍ ഹോണുകള്‍ ഗര്‍ഭസ്ഥശിശുവിന്‍റെ കേൾവിശക്തിയെപോലും ദോഷകരമായി ബാധിക്കുന്നകാര്യവും പലരും വിസ്മരിക്കുന്നു. അടുത്തകാലത്തായി കൂടുതല്‍ കണ്ടുവരുന്ന വാഹനങ്ങള്‍ റോഡില്‍ കത്തുന്ന സംഭവങ്ങളിലും മോഡിഫിക്കേഷന്‍ പ്രവര്‍ത്തനങ്ങള്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ട്. ഉയര്‍ന്ന പ്രകാശതീവ്രതയുള്ളവ അടക്കം കൂടുതലായി വണ്ടിയില്‍ പിടിപ്പിക്കുന്ന ലൈറ്റുകള്‍ വാഹനത്തിന്‍റെ ഇലക്ട്രിക്കല്‍ സംവിധാനങ്ങളെ അപകടത്തിലാക്കുന്നതാണ് ഇത്തരം പല അപകടങ്ങള്‍ക്കും കാരണം. ദേശീയ പാതയടക്കം ഏത് റോഡിലും ആ റോഡിൽ നിഷ്കർഷിച്ചിട്ടുള്ള വേഗപരിധി പാലിച്ച് വേണം ഓടിക്കേണ്ടത്.

എറണാകുളം ആര്‍.ടി.ഒ എന്‍ഫോഴ്സ്മെന്‍റിന്‍റെ കീഴില്‍ എട്ട് സ്ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയെ അഞ്ച് സെക്ടറുകളായി തിരിച്ചാണ് ഇവയുടെ 24 മണിക്കൂര്‍ പ്രവര്‍ത്തനം. പേപ്പര്‍രഹിത ഇ ചെലാന്‍ സംവിധാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് സംവിധാനങ്ങളുടെ പ്രവര്‍ത്തനം. 100ല്‍ അധികം മോട്ടോര്‍വാഹന നിയമലംഘനങ്ങളാണ് ശരാശരി എന്‍ഫോഴ്സ്മെന്‍റ് വിഭാഗം മാത്രം ജില്ലയില്‍ കണ്ടെത്തുന്നത്. നിസ്സാരമെന്ന് പലരും പറയുന്ന ചട്ടലംഘനങ്ങള്‍ മൂലം പറയുന്നവര്‍ക്കോ അവരുടെ വേണ്ടപ്പെട്ടവര്‍ക്കോ അപകടം പിണയുമ്പോള്‍ മാത്രമാണ് പലര്‍ക്കും തിരിച്ചറിവ് ഉണ്ടാകുന്നതെന്നും മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.