‘ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുത്’; ഷെബിനയെ ഭർതൃ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്ത്

വടകര: ഓർക്കാട്ടേരി കുന്നുമ്മക്കരയിൽ ഭർതൃവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ ഷെബിനയെ ഭർത്താവിന്‍റെ ബന്ധുക്കൾ ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്ത്. ജീവനൊടുക്കുന്ന തിങ്കളാഴ്ച ഷെബിനയെ ഭർത്താവിന്‍റെ വീട്ടുകാർ അസഭ്യം വിളിക്കുന്ന വിഡിയോയാണ് മാധ്യമങ്ങൾ പുറത്തുവിട്ടത്.

ആണുങ്ങളോട് ഉച്ചത്തിൽ സംസാരിക്കരുതെന്ന് ഷെബിനയോട് ഭീഷണിപ്പെടുത്തുന്നത് ദൃശ്യങ്ങളിലുണ്ട്. കൂടാതെ, ഭർത്താവ് ഹബീബിന്‍റെ മാതൃസഹോദരൻ ഹനീഫ ഷെബിനയെ മർദിക്കാൻ ശ്രമിക്കുന്നതും വിവാഹബന്ധം വേർപ്പെടുത്തുന്നത് സംബന്ധിച്ച് വീട്ടുകാർ സംസാരിക്കുന്നതും ഷെബിന മൊബൈലിൽ പകർത്തിയ വിഡിയോയിലുണ്ട്.

ഹനീഫ മർദിക്കാൻ ശ്രമിക്കുന്നതിന്‍റെ സി.സി ടിവി ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് പൊലീസ് ഹനീഫയെ അറസ്റ്റ് ചെയ്തത്. അതേസമയം, ഗാർഹികപീഡനത്തിന്‍റെ പുതിയ തെളിവുകൾ പുറത്തു വന്നതോടെ ഷെബിനയുടെ ഭർത്താവിന്‍റെ ബന്ധുക്കളെ ചോദ്യം ചെയ്യാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.

ഇന്നലെയാണ് ഫെബിനയുടെ മരണവുമായി ബന്ധപ്പെട്ട് ഭർത്താവിന്റെ മാതൃസഹോദരൻ ഓർക്കാട്ടേരി കുന്നുമ്മക്കര നെല്ലാച്ചേരി സ്വദേശി താഴെ പുതിയോട്ടിൽ ഹനീഫയെ അറസ്റ്റ് ചെയ്തത്. ഇയാൾ നിലവിൽ റിമാൻഡിലാണ്. ആത്മഹത്യ പ്രേരണക്കും യുവതിയെ മർദിച്ചതിനുമടക്കം വിവിധ വകുപ്പുകൾ പ്രകാരമാണ് ഹനീഫക്കെതിരെ കേസെടുത്തത്.

ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർകണ്ടി ഹബീബിന്റെ ഭാര്യ ഷെബിനയെയാണ് (30) തിങ്കളാഴ്ച രാത്രി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർതൃവീട്ടുകാരുടെ നിരന്തര പീഡനമാണ് യുവതിയുടെ മരണത്തിന് ഇടയാക്കിയതെന്നാണ് പരാതി.

യുവതിയുടെ മരണത്തിൽ എടച്ചേരി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു. മരണം ഗാർഹിക പീഡനം മൂലമാണെന്ന പരാതിയുമായി ബന്ധുക്കൾ രംഗത്തു വന്നതോടെയാണ് അന്വേഷണം വടകര ഡിവൈ.എസ്.പി ആർ. ഹരിപ്രസാദിന് കൈമാറിയത്. അരൂർ കുനിയിൽ താമസിക്കുന്ന പുളിയംവീട്ടിൽ അമ്മദ്-മറിയം ദമ്പതികളുടെ മകളാണ് ഷെബിന.

Tags:    
News Summary - More videos of Shebina's in-laws threatening her is out

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.