തൃപ്പൂണിത്തുറയിലെ അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു
അത്തപ്പൊലിമയിൽ ഘോഷയാത്ര; മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു, ഇനി ഓണക്കാലം
തൃപ്പൂണിത്തുറ: ഓണാഘോഷത്തിന് തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര മുഖ്യമന്ത്രി വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറയെ പൈതൃക നഗരമാക്കാൻ നിർദേശം സമർപ്പിച്ചാൽ നടപ്പാക്കാൻ സർക്കാർ തയാറാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു. തൃപ്പൂണിത്തുറ അത്തം ആഘോഷങ്ങളുടെ ഉദ്ഘാടന വേദിയിൽ പൈതൃക സംരക്ഷണത്തിന്റെ പ്രാധാന്യം മുഖ്യമന്ത്രി ഓർമിപ്പിച്ചു. തൃപ്പൂണിത്തുറയുടെ സമ്പന്നമായ കൊച്ചി രാജകീയ പാരമ്പര്യവും അനുഷ്ഠാന കലകളും ചരിത്ര സ്മാരകങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തറ അത്തച്ചമയ ഘോഷയാത്രയിൽ നിന്ന്
ദീപക് ജോയ് എം.എൽ.എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ചലച്ചിത്ര താരം ജഗദീഷ് മുഖ്യാതിഥിയായി. അത്തച്ചമയത്തിന് ഉയർത്താനുള്ള പതാക ഹിൽപാലസിൽനിന്നു നഗരസഭാധ്യക്ഷൻ പി.എൽ. ബാബു ഏറ്റുവാങ്ങി. രാജകുടുംബത്തിന്റെ പ്രതിനിധിയായ രാമദാസ് തമ്പുരാൻ പതാക കൈമാറി. അത്തംഘോഷ ജനറൽ കൺവീനർ ഇ.എസ്. രാകേഷ് പൈ സംസാരിച്ചു. തുടർന്നു ചെറു ഘോഷയാത്രയോടെയാണു പതാകയും കൊടിമരവും അത്തം നഗറിൽ എത്തിച്ചത്. കൊടിമര ഘോഷയാത്രക്ക് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഫാ. റിജോ ജോർജ് കൊമരിക്കൽ നേതൃത്വം നൽകി.
അത്തച്ചമയ ഘോഷയാത്രയിൽ നിന്ന്
തൃപ്പൂണിത്തുറയിലെ അത്തം ഘോഷയാത്രയുടെ ഭാഗമായി നഗരത്തിൽ ഇന്ന് രാവിലെ എട്ടു മുതൽ വൈകീട്ട് മൂന്നുവരെ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തി.
- കോട്ടയം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, സീപോർട്ട് - എയർപോർട്ട് റോഡ് വഴി എറണാകുളം ഭാഗത്തേക്കും വൈക്കം ഭാഗത്തുനിന്ന് വരുന്ന വലിയ വാഹനങ്ങൾ വലത്തേക്കു തിരിഞ്ഞു മുളന്തുരുത്തി - തിരുവാങ്കുളം റോഡിലൂടെ എറണാകുളത്തേക്കും പോകണം.
- കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്ന് എറണാകുളത്തേക്കു വരുന്ന ബസുകളും ചെറുവാഹനങ്ങളും കണ്ണൻകുളങ്ങര ജങ്ഷൻ, മിനി ബൈപാസ് വഴി പോകണം.
- കോട്ടയം, വൈക്കം, മുളന്തുരുത്തി ഭാഗങ്ങളിൽ നിന്നും കാക്കനാട്, അമ്പലമേട്, തിരുവാങ്കുളം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ നടക്കാവ് തിരിഞ്ഞ് മുളന്തുരുത്തി ചോറ്റാനിക്കര വഴി പോകണം.
- എറണാകുളം, വൈറ്റില ഭാഗങ്ങളിൽ നിന്നു വൈക്കം, മുളന്തുരുത്തി, കോട്ടയം ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും ബസുകളും പേട്ട ജങ്ഷനിൽ എത്തി മിനി ബൈപാസ് വഴി പോകണം.
- വൈറ്റില, കുണ്ടന്നൂർ ഭാഗങ്ങളിൽനിന്ന് അമ്പലമേട്, ചോറ്റാനിക്കര, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട എല്ലാ വാഹനങ്ങളും പേട്ട ജങ്ഷൻ, ഇരുമ്പനം ജങ്ഷൻ വഴി പോകണം.
- വെണ്ണല, എരൂർ ഭാഗങ്ങളിൽ നിന്നു കോട്ടയം, അമ്പലമേട്, മൂവാറ്റുപുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ എരൂർ ലേബർ ജങ്ഷൻ, ട്രാക്കോ കേബിൾ ജങ്ഷൻ, ഇരുമ്പനം ജങ്ഷൻ വഴി പോകണം.
- മൂവാറ്റുപുഴ, തിരുവാങ്കുളം, അമ്പലമേട് ഭാഗങ്ങളിൽ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട ചെറുവാഹനങ്ങളും ബസുകളും കരിങ്ങാച്ചിറ ഇരുമ്പനം - എസ്.എൻ ജങ്ഷൻ - പേട്ട വഴി പോകണം. വലിയ വാഹനങ്ങൾ കാക്കനാട്, പാലാരിവട്ടം വഴി പോകണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.