കുറവിലങ്ങാട്: ഓണം അടുത്തെത്തി എന്നാൽ, തൂശനില കിട്ടാനില്ല. അതിർത്തി കടന്ന് വാഴയിലകൾ എത്തിത്തുടങ്ങിയെങ്കിലും വില കൂടുതലാണ്. അത്തം എത്തിയപ്പോൾ ഒരു തൂശനിലയുടെ വില 6 രൂപയിൽ എത്തി. തിരുവോണമാകുമ്പോൾ അതു 10 രൂപക്ക് മുകളിൽ എത്തുമെന്നും വ്യാപാരികൾ പറയുന്നു.
ഓണസദ്യ കഴിക്കുന്നത് മലയാളി ആണെങ്കിലും ഇല എത്തുന്നത് തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിൽ നിന്നാണ്. തമിഴ്നാട്ടിലെ മേട്ടുപ്പാളയം, കോയമ്പത്തൂർ, കമ്പം എന്നിവിടങ്ങളിൽനിന്നാണ് വാഴയിലകൾ എത്തിയിരുന്നതെങ്കിൽ ഇപ്പോൾ മൈസൂരു, ബംഗളൂരു എന്നിവിടങ്ങളിൽനിന്നും ഇലയെത്തുന്നുണ്ട്. കമ്പം ഭാഗത്തുനിന്നു വൻതോതിൽ ഇലകൾ വിദേശത്തേക്കു കയറ്റി അയക്കുന്നുണ്ട്. ഇലയുണ്ടെങ്കിൽ വില നൽകി എടുക്കാൻ തയാറാണെന്ന് കമ്പത്തെ മൊത്ത വ്യാപാരികൾ കേരളത്തിലെ കേറ്ററിങ് യൂണിറ്റുകളെ അറിയിച്ചിട്ടുണ്ട്.
10 ഇല വാങ്ങിയാൽ ആറെണ്ണം മാത്രമാണ് ഉപയോഗിക്കാൻ സാധിക്കുന്നത്. ബാക്കി കീറിപ്പോയ അവസ്ഥയിലായിരിക്കും. ഇല നന്നായി തുടച്ച ശേഷം വേണം സദ്യ വിളമ്പാൻ. പക്ഷേ, തുടച്ചുവൃത്തിയാക്കുമ്പോൾ പല ഇലകളും ഉപയോഗിക്കാൻ സാധിക്കാത്ത അവസ്ഥയിലാകും. തമിഴ്നാട്ടിൽ നിന്നുള്ള ഇലയുടെ വരവ് ഇത്തവണ കുറഞ്ഞിട്ടുണ്ട്. കനത്ത മഴയിൽ വാഴക്കൃഷി നശിച്ചതാണ് തമിഴ്നാട്ടിൽ നിന്നുള്ള വാഴയിലയുടെ വരവ് ഇല്ലാതാക്കിയത്. കേരളത്തിൽനിന്നു നാമമാത്രമായാണ് വാഴയില എത്തുന്നതെന്നും വ്യാപാരികൾ പറയുന്നു. പ്രധാനമായും പെരുമ്പാവൂർ, പിറവം, തിരുവാണിയൂർ മേഖലയിൽനിന്നാണ് വാഴയില എത്തുന്നത്.
തമിഴ്നാട്ടിൽ നിന്നു വരുന്ന നല്ല നിറവും വീതിയുമുള്ള തേൻ വാഴയിലക്കാണ് വില കൂടുതൽ. ഞാലിപ്പൂവൻ വാഴയുടെ ഇലയാണ് പ്രധാനമായും സദ്യക്ക് ഉപയോഗിക്കുന്നത്. കണ്ണൻ, പാളയം കോടൻ ഇലകൾക്കും വിപണിയിൽ നല്ല ഡിമാൻഡാണ്. ഓഫിസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണാഘോഷം നടക്കുന്നതിനാൽ ഇലക്ക് ആവശ്യക്കാരേറെയാണ്. കേരളത്തിലെ വിപണിയിലേക്കു വാഴയില കയറ്റി അയക്കാൻ വേണ്ടി മാത്രം കൃഷി ചെയ്യുന്ന ഒട്ടേറെ കർഷകർ തമിഴ്‌നാട്ടിലുണ്ടെന്നും വ്യാപാരികൾ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.