പൊലീസിന്‍റെ ശ്വാനസേനയിലേക്ക് കൂടുതല്‍ പുതുമുഖങ്ങള്‍ എത്തുന്നു

അമ്പലത്തറ: കേരള പൊലീസിന്‍റെ ശ്വാനസേനയിലേക്ക് കൂടുതല്‍ പുതുമുഖങ്ങള്‍ എത്തുന്നു. കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും കുറ്റവാളികളെ കണ്ടെത്തി പിടികൂടാന്‍ കാലതാമസം ഉണ്ടാകുന്നതും കണക്കിലെടുത്താണ് നടപടി. കള്ളന്മാരെയും ഭീകരന്മാരെയും സ്പിരിറ്റ് കടത്തുന്ന സംഘങ്ങളെയും പിടികൂടാനായി കേരള പൊലീസിന് ലാബ്രഡോര്‍, ജർമന്‍ ഷെപ്പേർഡ്, ഡോബര്‍മാന്‍, രാജപാളയം, ചിപ്പിപാറ എന്നിവക്കൊപ്പം ബെല്‍ജിയന്‍ മലിനോയിസ്, കോക്കര്‍ സ്പാനിയല്‍, ബിഗിള്‍ എന്നീ ഇനങ്ങൾ കൂടുതലായി ഉൾപ്പെടുത്തും.

ജില്ലയില്‍ 23 ശ്വാനന്മാരാണ് സേനയില്‍ ഉള്ളത്. ഇതില്‍ 11 എണ്ണം റൂറലിലും 12 എണ്ണം സിറ്റിയിലുമാണ്. ഇതില്‍ ബെല്‍ജിയന്‍ മലിനോയിസ് രണ്ടെണ്ണവും ബിഗിള്‍ ഒരെണ്ണവുമാണുള്ളത്. വി.വി.ഐ.പികളുടെ സുരക്ഷാജോലിക്ക് കൂടുതല്‍ അനുയോജ്യമായത് ബെല്‍ജിയന്‍ മലിനോയിസ് ആണ്. കോക്കര്‍ സ്പാനിയൽ ഇല്ല. ഇതിന് അതത് പൊലീസ് സബ് ഡിവിഷന് കീഴില്‍ പ്രത്യേകമായി ശ്വാനസേനയുടെ യൂനിറ്റുകള്‍ നിര്‍ബന്ധമായും ഉണ്ടായിരിക്കണമെന്ന് നിര്‍ദേശം ഉണ്ടങ്കിലും മിക്ക സബ് ഡിഷനുകളുടെ കീഴിലും നിലവില്‍ യൂനിറ്റുകള്‍ ഇല്ല. റൂറലില്‍ വെഞ്ഞാറമൂടും കാഞ്ഞിരംകുളത്തും സിറ്റിയില്‍ ബീമാപള്ളി പത്തേക്കറിലുമാണ് യൂനിറ്റുകള്‍ ഉള്ളത്.

വിദഗ്ധരെ എത്തിക്കാനുളള പദ്ധതിക്ക് അനുമതിയായെങ്കിലും പുതിയ ശ്വാനന്മാരെ കിട്ടാനുള്ള ബുദ്ധിമുട്ട് സേനയെ കാര്യമായി വലക്കുന്നുമുണ്ട്. കെന്നല്‍ ക്ലബ് ഓഫ് ഇന്ത്യയില്‍ അംഗങ്ങളായ നായ് വളര്‍ത്തുകാരില്‍നിന്നുമാത്രമാണ് സേനയിലേക്ക് ശ്വാനന്മാരെ വാങ്ങുന്നത്. പൊലീസിലും പട്ടാളത്തിലും ശ്വാനവിഭാഗത്തില്‍ അംഗങ്ങളായിരുന്ന നായ്ക്കളുടെ പിന്‍തലമുറക്കാര്‍ക്കാണ് മുന്‍ഗണന. ശ്വാന സേനയിൽ ഇപ്പോഴത്തെ നായ്ക്കളില്‍ പലതും ഈ വിഭാഗത്തില്‍ പെട്ടതാണ്. വെറ്ററിനറി ഡോക്ടര്‍മാരും ശ്വാന സേനയിലെ അംഗങ്ങളും ഉൾപ്പെട്ട വിദഗ്ധ സമിതിയുടെ നേതൃത്വത്തില്‍ എക്സ്റേ ഉൾപ്പെടെയുള്ള പരിശോധനക്ക് ശേഷമാണ് ശ്വാനന്മാരെ വാങ്ങുന്നത്. തുടര്‍ന്ന് പൊലീസ് ട്രെയിനിങ് സ്കൂളില്‍ ഒമ്പതു മാസത്തെ കഠിനപരീശിലനം. 

സേനയിൽ ഇപ്പോഴുള്ളത് നൂറിലധികം നായ്ക്കൾ

1959ല്‍ മൂന്ന് അല്‍സേഷന്‍ നായ്ക്കളുമായി തുടങ്ങിയ സംസ്ഥാന ശ്വാനസേനയില്‍ ഇപ്പോള്‍ നൂറിലധികം ശ്വാനന്മാര്‍ ഉണ്ട്. ഇവയില്‍ പലതിന്‍റെയും പ്രായം എട്ടും ഒമ്പതുമാണ്. ഇവയ്ക്ക് സേനയില്‍നിന്നുതന്നെ വിരമിക്കാനുള്ള പ്രായമായി. ചിലത് രോഗബാധിതരാണ്. നിലവിലുള്ള ശ്വാനന്മാര്‍ക്ക് കാര്യക്ഷമത കുറഞ്ഞതായി ഡോഗ്സ്ക്വാഡിന്‍റെ മെഡിക്കല്‍ സംഘത്തിന്‍റെ പരിശോധനയില്‍ കെണ്ടത്തിയിരുന്നു.

ബെല്‍ജിയന്‍ മലിനോസുകൾക്ക് സ്ഫോടകവസ്തുക്കളുടെ മണം പിടിച്ചാല്‍ അതിരിക്കുന്ന ഭാഗത്തേക്ക് കണ്ണും മൂക്കും ചെവിയും കൂര്‍പ്പിച്ച് സുരക്ഷ ഉദ്യേഗസ്ഥര്‍ക്ക് കൃത്യമായി മുന്നറിയിപ്പ് നൽകാന്‍ ഇവയ്ക്ക് പ്രത്യേക കഴിവുണ്ട്. ഇതിനു പുറമേ, എതിരാളിയുടെ കൈവശം ഇരിക്കുന്ന ആയുധങ്ങള്‍ തട്ടിയെടുക്കുന്നതിലും ഇവ വിദഗ്ധരാണ്. തുടര്‍ച്ചയായി 20 മണിക്കൂര്‍ വരെ ഇവ ജോലിയെടുക്കും.

രാഷ്ടപതി, പ്രധാനമന്ത്രി തുടങ്ങിയവര്‍ എത്തുമ്പോള്‍ കാവല്‍ജോലിക്ക് എറ്റവും അനുയോജ്യവും മണംപിടിക്കാന്‍ കഴിവുള്ളതുമായ ബിഗിളിന്‍റെയും വിമാനത്താവളങ്ങളില്‍ മറ്റും പരിശോധനക്ക് ഉപയോഗിക്കാന്‍ പറ്റുന്ന ഭാരം കുറഞ്ഞ കോക്കസ് സ്പാനിയലിന്‍റെയും എണ്ണം കൂട്ടും. നിലവില്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്താന്‍ ശേഷിയുള്ള സ്നിഫര്‍ ശ്വാനന്മാരും കൊലപാതകം, മോഷണവും മറ്റ് ആക്രമണ സംഭവങ്ങളും നടന്നയിടങ്ങളില്‍ തെളിവെടുപ്പിന് ഉപയോഗിക്കുന്ന ട്രാക്കര്‍ നായ്ക്കളുമാണ് കൂടുതലായി സ്ക്വാഡിലുള്ളത്. അടുത്തിടെയായി ലഹരിമരുന്നുകളും കഞ്ചാവും പിടികൂടാനുള്ള ശ്വാനന്മാരെ പരിശീലിപ്പിച്ച് എടുത്തെങ്കിലും എണ്ണം കുറവായ കാരണം പലയിടത്തും ഇവരുടെ സേവനം ഉപയോഗിക്കാന്‍ കഴിയുന്നില്ല. മാവോവാദി വേട്ടക്ക് പലപ്പോഴും ഇത്തരം നായ്ക്കളുടെ സേവനമാണ് പൊലീസിന് മുതല്‍ക്കൂട്ടായി മാറുന്നത്.

Tags:    
News Summary - More newcomers joining kerala police dog squad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.