കൊച്ചി: പ്രാഥമിക സഹകരണ സംഘങ്ങൾ നടത്തുന്ന പ്രതിമാസ നിക്ഷേപ പദ്ധതികൾക്ക് ജി.എസ്.ടി രജിസ്ട്രേഷൻ നിർബന്ധമാണെന്ന് ഹൈകോടതി. ജി.എസ്.ടി ഒഴിവാക്കാനാണ് ചിട്ടിക്ക് പകരം പ്രതിമാസ നിക്ഷേപ പദ്ധതികൾ (എം.ഡി.എസ്) നടത്തുന്നതെന്നും ജസ്റ്റിസ് അമിത് റാവൽ, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വിലയിരുത്തി.
വായ്പാകുടിശ്ശിക തിരിച്ചുപിടിക്കാൻ അഞ്ച് സഹകരണ സംഘങ്ങൾക്കായി ഒരു സെയിൽസ് ഓഫിസറെ വീതം നിയമിക്കണം. റിക്കവറി നടപടിയിലൂടെ ലഭിക്കുന്ന പണം ജില്ല കലക്ടറുടെ പേരിലുള്ള പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കുകയും നിക്ഷേപകർക്ക് മുൻഗണനാ ക്രമത്തിൽ വിതരണം ചെയ്യുകയും വേണം. സഹകരണ സംഘങ്ങളിൽനിന്ന് തുക തിരികെ ലഭിക്കാത്തതിനെതിരെ നിക്ഷേപകർ നൽകിയ അപ്പീലിലാണ് ഉത്തരവ്.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേന്ദ്ര ജി.എസ്.ടി വകുപ്പ് എന്നിവരെ കക്ഷി ചേർത്താണ് കോടതി വിഷയം പരിശോധിച്ചത്. അമിക്കസ് ക്യൂറിയേയും നിയമിച്ചു. നിക്ഷേപ പദ്ധതിയുടെ പേരിൽ ജി.എസ്.ടി ഒഴിവാക്കുന്നതടക്കമുള്ള വിഷയം അമിക്കസ് ക്യൂറിയാണ് ശ്രദ്ധയിൽപെടുത്തിയത്. കരുവന്നൂർ സഹകരണ ബാങ്കിലടക്കം നടന്ന ക്രമക്കേടുകൾ ഇ.ഡിയും ചൂണ്ടിക്കാട്ടി. സർക്കാർ നടപ്പാക്കിയ നിക്ഷേപ ഗ്യാരന്റി പദ്ധതി പ്രകാരമുള്ള അനുവദനീയമായ തുക നിക്ഷേപകർക്ക് ഉടൻ വിതരണം ചെയ്യാനും കോടതി ആവശ്യപ്പെട്ടു. അതേസമയം, ഉത്തരവിനെതിരെ സർക്കാർ അടുത്ത ദിവസം പുനഃപരിശോധന ഹരജി നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.