മോക്ഡ്രിൽ ദുരന്തം: അന്വേഷണം പ്രഖ്യാപിച്ചിട്ടും തുടർ നടപടി വൈകുന്നു

മല്ലപ്പള്ളി: കല്ലൂപ്പാറ പടുതോട് പാലത്തിനു സമീപം പ്രളയകാലത്തെ അതിജീവിക്കുന്നവിധം നാടിനെ അറിയിക്കാനെത്തി സ്വയം ദുരന്തം സൃഷ്ടിച്ച വിവിധ സർക്കാർ വകുപ്പുകൾ നഷ്ടമാക്കിയത് സമൂഹത്തിന് ഏറെ പ്രിയപ്പെട്ട ഒരു യുവാവിനെ. കാലഹരണപ്പെട്ട ഉപകരണങ്ങളും അടിസ്ഥാന അറിവുപോലുമില്ലാത്ത രക്ഷാപ്രവർത്തകരും ചേർന്നപ്പോൾ ഉദ്യോഗസ്ഥരുടെ വാക്ക് വിശ്വസിച്ച യുവാവ് ഒടുവിൽ രക്തസാക്ഷിയാകുകയായിരുന്നു.

പ്രകടനത്തിന് നേതൃത്വം നൽകിയ ദേശീയ ദുരന്ത നിവാരണ സേനയുടെ മുപ്പതോളം ഉദ്യോഗസ്ഥർ ആസ്ഥാനത്തേക്ക് മടങ്ങിക്കഴിഞ്ഞു. ചുക്കാൻ പിടിച്ച റവന്യൂ വകുപ്പ്, സംസ്കാര ചടങ്ങുകൾ വരെ മുന്നിൽനിന്ന് നടത്തി പതിവ് കാര്യങ്ങളിലേക്ക് പ്രവേശിച്ചു. അഗ്നിരക്ഷ സേന, പൊലീസ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് തുടങ്ങിയവയും സ്ഥിരം ജോലികളിൽ വ്യാപൃതരായി.

ഒന്നുമറിയാത്ത സാധാരണക്കാരായ നാട്ടുകാരെ ‘അഭിനയിക്കാൻ’ ഇറക്കിയത് എന്തിനാണെന്ന ചോദ്യത്തിന് ഇതുവരെ ഉത്തരമില്ല. അതിലൊരാൾ മുങ്ങിത്താഴുമ്പോൾ ബോട്ടിൽനിന്ന് ലൈഫ് ബോയ് എന്ന കാറ്റ് നിറച്ച വളയം എറിഞ്ഞു കൊടുക്കുക മാത്രമാണ് ഉദ്യോഗസ്ഥൻ ചെയ്തത്.

അതിൽ പിടിക്കാനാവാതെ ബിനു സോമൻ മുങ്ങിത്താഴുമ്പോൾ വളയം വലിച്ചെടുത്ത് അൽപം കഴിഞ്ഞ് വീണ്ടും ഇട്ടുകൊടുക്കുന്നു. ബാക്കി മൂന്നുപേരും സുരക്ഷിതരായി ബോട്ടിനരികെ എത്തിയ ശേഷവും പൊങ്ങിവരാത്ത ബിനുവിനെ തിരയാൻ ആദ്യം ആരും സന്നദ്ധരായതുമില്ല. ബോട്ടിലെ സുരക്ഷ പ്രവർത്തകരിൽ പലർക്കും നീന്തൽ വശമില്ലായിരുന്നെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

അരമണിക്കൂറോളം കഴിഞ്ഞ് മറ്റ് രണ്ട് ബോട്ടിലെ ആളുകളുടെ സഹായത്തോടെ വെള്ളത്തിൽനിന്ന് ബിനുവിനെ കണ്ടെത്തിയെങ്കിലും ബോട്ടിന്‍റെ മോട്ടോറുകൾ തകരാറിലായിരുന്നു. കെട്ടിവലിച്ച് കരയിലെത്തിച്ച് ആംബുലൻസിൽ കയറ്റിയപ്പോൾ ഓക്സിജനുമില്ല.

ഇതൊക്കെ നേരിട്ടുകണ്ട നാട്ടുകാർ ചോദിക്കുന്ന ചോദ്യങ്ങളും ഏറെയാണ്. മരണവെപ്രാളത്തിൽ ഒരാൾ മുങ്ങിത്താഴ്ന്നിട്ടും ഉടൻ ഒപ്പം ചാടാതിരുന്ന രക്ഷാപ്രവർത്തകർക്ക് എന്ത് പരിശീലനമാണ് ഇതുവരെ നൽകിയത്. പ്രകടനത്തിന് വരുമ്പോൾപോലും പ്രവർത്തിക്കുന്ന മോട്ടോറും നിറഞ്ഞ ഓക്സിജനും ഇല്ലെങ്കിൽ യഥാർഥ ദുരന്തമുഖത്ത് എന്താവും സ്ഥിതിയെന്നതിനും ഉത്തരമില്ല.

അമ്പാട്ട് ഭാഗത്തുനിന്ന് പടുതോടേക്ക് പ്രകടന സ്ഥലം മാറ്റിയതാണ് എല്ലാ കുഴപ്പത്തിനും കാരണമെന്ന് ഇപ്പോൾ അധികൃതർ പറഞ്ഞുതുടങ്ങിയിട്ടുണ്ട്. എല്ലാ സൗകര്യങ്ങളും ഉള്ള സ്ഥലത്ത് അപകടത്തിൽപെടുന്നവരെ രക്ഷിക്കാനാണോ ഈ സംവിധാനങ്ങൾ എന്ന മറു ചോദ്യമാണ് ജനങ്ങൾ ചോദിക്കുന്നത്.

സർക്കാർ പ്രഖ്യാപിക്കുന്ന അന്വേഷണം നാട്ടുകാരെ അറിയിച്ച് നടത്തിയാൽ അവിടെ വ്യക്തമായ വിവരങ്ങൾ നൽകാനും ഈ ചോദ്യങ്ങൾ ഉന്നയിക്കാനുമാണ് നാട് കാത്തിരിക്കുന്നത്. എന്നാൽ, ദുരന്തം നടന്ന് ഒരാഴ്ചയായിട്ടും നടപടി വൈകുകയാണ്. ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ അറിയാതെയാണ് ഈ നാടകം നടന്നതെന്നാണ് ഇപ്പോൾ അറിയുന്നതും. വിവിധ വകുപ്പുകൾ പരസ്പരം പഴിചാരി രക്ഷപ്പെടാനുള്ള ശ്രമമാണ് നടക്കുന്നത്.

Tags:    
News Summary - Mokdrill disaster: Inquiry announced, further action delayed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.