എം.ജി സർവകലാശാലയിൽ ആരുമറിയാതെ ആൾക്കൂട്ട മർദനം: ഗവേഷക വിദ്യാർഥി നീതി തേടുന്നു, ഒതുക്കാൻ ഓട്ടപ്പാച്ചിൽ

കോട്ടയം: എം.ജി സർവകലാശാല കാമ്പസിൽ സഹവിദ്യാർഥികളുടെ ക്രൂരമർദനത്തിന്​ ഇരയായ ഗവേഷക വിദ്യാർഥിക്ക്​ മാസങ്ങൾ കഴിഞ്ഞിട്ടും നീതിയില്ല. പൂക്കോട്​ വെറ്റിനറി സർവകലാശാലയിൽ സിദ്ധാർത്ഥൻ എന്ന വിദ്യാർഥി സഹപാഠികളുടെ മർദനമേറ്റ്​ ആത്​മഹത്യ ചെയ്​ത സംഭവത്തിനു മുമ്പാണ്​ മനസാക്ഷി മരവിക്കുന്ന സംഭവങ്ങൾക്ക്​ മഹാത്മാഗാന്ധിയുടെ പേരിലറിയപ്പെടുന്ന സർവകലാശാല സാക്ഷ്യം വഹിച്ചത്​.​ തനിക്കേറ്റ ദുരനുഭവം പുറത്തുപറയാൻ പോലും ഭയപ്പെടുകയാണ്​ മർദനമേറ്റ സ്കൂൾ ഓഫ്​ എൻവയോൺമെന്‍റ്​ സയൻസിൽ ഗവേഷണം നടത്തുന്ന ടോമിൻ എന്ന വിദ്യാർഥി. 2023 പകുതിയിലാണ്​ സംഭവങ്ങളുടെ തുടക്കം. റീഡിംഗ്​ റൂമിലിരുന്ന ടോമിൻ അവിടെയുണ്ടായിരുന്ന വിദ്യാർത്ഥിനിക്ക്​ നേരെ ലൈംഗിക ചുവയുള്ള ആംഗ്യം കാണിച്ചുവെന്ന്​ പരാതി ഉയർന്നു.

സ്റ്റുഡന്‍റ്​ വെൽഫയർ കമ്മറ്റി സി.സി ടി.വിയടക്കം പരിശോധിച്ചു നടത്തിയ അന്വേഷണത്തിൽ പരാതിയിൽ കഴമ്പില്ലെന്ന്​ കണ്ട്​ തള്ളി.ഇതിൽ തൃപ്തിയാവാതെ പരാതിക്കാരി ഇന്‍റേണൽ കംപ്ലെയിനറ്​ കമ്മറ്റിക്ക്​ അപ്പീൽ നൽകി. തുടന്ന്​ സിൻഡിക്കേറ്റംഗം ഡോ. ബിജു പുഷ്പനെ അന്വേഷണത്തിനായി സർവകലാശാല നിയോഗിച്ചു. ഇതിനിടെയാണ്​ കാമ്പസിലെ ഇടിമുറിയെന്ന്​ അറിയപ്പെടുന്ന സ്ഥലത്തുവെച്ച്​ ഗവേഷക വിദ്യാർത്ഥിക്ക്​ മർദനമേറ്റത്​. പ്രശ്നം പരിഹരിക്കാൻ എന്നുപറഞ്ഞു വാദിയെയും പ്രതിയെയും വിളിച്ചു വരുത്തി മർദിക്കുകയായിരുന്നു.

പരിക്കേറ്റ വിദ്യാർത്ഥിയെ കോട്ടയം മെഡിക്കൽകോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു​. ചികിൽസിച്ച ഡോക്ടർ അറിയിച്ചതനുസരിച്ച്​ ഗാന്ധിനഗർ പൊലീസ്​ സംഭവത്തിൽ കേസെടുത്തു. 1035/2023 എന്ന നമ്പറിൽ പ്രഥമവിവര റിപ്പോർട്ട്​ തയാറാക്കുകയും ചെയ്തു. മർദിച്ചവർ ആരെന്ന്​ കൃത്യമായി അറിയാത്തതിനാൽ പരാതിക്കാരിയായ പെൺകുട്ടിയും കണ്ടാൽ അറിയാവുന്ന 20 ഓളം പേരുമാണ്​ നിലവിൽ പ്രതിയായിരിക്കുന്നത്​. അതേസമയം,

പരാതി വ്യാജമാണെന്ന്​ കണ്ടെത്തിയ ഡോ.ബിജു പുഷ്പൻ ടോമിന്​ പഠിക്കാൻ ആവശ്യമായ സാഹചര്യങ്ങൾ നൽകണമെന്ന്​ റിപ്പോർട്ട്​ നൽകി. കാമ്പസിൽ കയറുന്നതിൽ ഭീഷണിയുണ്ടെങ്കിൽ പൊലീസ്​ സഹായം തേടാമെന്ന്​ നിർദേശിച്ചിട്ടുണ്ടെന്നും ഇക്കാര്യങ്ങൾ സർവകലാശാല ഉത്തരവായി പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഡോ. ബിജു പുഷ്പൻ ‘മാധ്യമം ഓൺലൈനോടു’ പറഞ്ഞു.

എസ്​.എഫ്​.ഐ പ്രവർത്തകരാണ്​ സംഭവത്തിനു പിന്നിലെന്ന്​ മറ്റ്​ വിദ്യാർത്ഥി സംഘടനകൾ ആരോപിക്കുന്നുണ്ട്​. ഇക്കാര്യം ശ്രദ്ധയിൽപെട്ടിട്ടില്ലായെന്നാണ്​ അനേഷണം നടത്തിയ ഡോ. ബിജു പുഷ്പൻ പറയുന്നത്​. എതിർഭാഗം ശക്തമാണെന്നും വിവാദങ്ങളുണ്ടാക്കാൻ താൽപര്യമില്ലാത്തതിനാലാണ്​ മാധ്യമങ്ങൾക്ക്​ മുന്നിൽ ഇതുവരെ ഈ പ്രശ്നം അവതരിപ്പിക്കാത്തതെന്നുമാണ്​ മർദനത്തിനിരയായ വിദ്യാർത്ഥിയുടെ നിലപാട്​. നിയമപരമായി സാധ്യമായ എല്ലാ നപടികളും പ്രതികൾക്കെതിരെ സ്വീകരിക്കുന്നു​ണ്ടെന്നും വിദ്യാർത്ഥി പറഞ്ഞു.

സർവകലാശാലയും പൊലീസുമെല്ലാം ഒതുക്കി തീർക്കാൻ ശ്രമിച്ച സംഭവം സിദ്ധാർത്ഥന്‍റെ മരണത്തെത്തുടർന്നുണ്ടായ സംഭവവികാസങ്ങളോടെയാണ്​ വീണ്ടും ചൂടുപിടിച്ചത്​. വാട്​സാപ്പ്​ ഗ്രൂപ്പുകൾ വഴി പ്രശ്നം സജീവമാക്കി നിർത്താൻ ശ്രമിക്കുന്ന പ്രതിപക്ഷ വിദ്യാർത്ഥി സംഘടനാ പ്രവർത്തകരാവട്ടെ പ്രതികാര നടപടികൾ ഭയന്നു പരസ്യ പ്രതികരണത്തിനു മുതിരുന്നുമില്ല. ​

Tags:    
News Summary - Mob thrashing in M.G. University

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.