'ചതിച്ചു എന്ന് മനസ്സിലായി, പിന്നെ ജീവനും കൊണ്ട് ഓടി...'; മരണഗർത്തത്തിൽ നിന്നും വിൽസൺ തിരിച്ചെത്തിയത് അത്ഭുതകരമായി

തൃശ്ശൂർ: "മുന്നിൽ കണ്ടത് ആളിപ്പടരുന്ന തീയാണ്, പുറകിൽ കേട്ടത് അലറുന്ന സ്ഫോടന ശബ്ദവും. ചതിച്ചു എന്ന് മനസ്സിലായ ആ നിമിഷം മരണത്തിന് മുഖാമുഖം നിന്ന് ജീവനും കൊണ്ടോടി..." മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലുണ്ടായ മഹാദുരന്തത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ട തൊഴിലാളി വിൽസന്റെ വാക്കുകളിൽ ആ ഞെട്ടൽ വിട്ടുമാറിയിട്ടില്ല. കൂടെയുണ്ടായിരുന്നവർ കത്തിയമരുമ്പോൾ വിധി വിൽസനെ കാത്തു വെച്ചത് മറ്റൊരു ജന്മമായിരുന്നു.

വെടിക്കെട്ട് പുരയിൽ ഉണങ്ങാനിട്ടിരുന്ന തിരികൾ മറിച്ചിടുന്നതിനിടയിലാണ് ദുരന്തമെത്തിയത്. "ചൂട് വർദ്ധിച്ചത് കൊണ്ടാവും തീ പിടിച്ചത്. ഞാൻ തിരി എടുത്തിടുകയായിരുന്നു. ഒരു ട്രിപ്പ് മറിച്ചിട്ടാൽ തിരി പെട്ടെന്ന് ഉണങ്ങും. അപ്പോഴാണ് അഞ്ച് മീറ്റർ അകലത്തിൽ ഉഗ്രശബ്ദത്തിൽ എന്തോ അടിക്കുന്നത് കേട്ടത്. ആ ആഘാതത്തിൽ ഞാൻ തെറിച്ചു മറിഞ്ഞു വീണു." വിൽസൻ ഓർത്തെടുക്കുന്നു.

താൻ അധ്വാനിച്ചുണ്ടാക്കിയ തിരികളെല്ലാം നിമിഷനേരം കൊണ്ട് കത്തിയെരിയുകായെണെന്ന് വിൽസണ് മനസ്സിലായി. "ഞാനിട്ട മുഴുവൻ തിരിയും അപ്പോഴേക്കും കത്തിക്കഴിഞ്ഞു. ചതിച്ചു എന്ന് എനിക്ക് മനസ്സിലായി. ഞാൻ എഴുന്നേറ്റു ഓടിയപ്പോഴേക്കും ആ ഷെഡ് പൊട്ടിത്തെറിച്ചു." നിലയ്ക്കാത്ത സ്ഫോടനങ്ങൾക്കിടയിലൂടെ എങ്ങോട്ടെന്നില്ലാതെ ഓടുകയായിരുന്നുവെന്ന് വിൽസൺ പറയുന്നു. തന്റെ പിന്നിൽ മറ്റ് ഷെഡുകൾ ഉണ്ടോ എന്ന് പോലും നോക്കാനുള്ള സാവകാശം ആ വിപത്ത് നൽകിയിരുന്നില്ല.

അപകടം നടന്നയിടത്ത് ജോലി ചെയ്തിരുന്നവരെല്ലാം മലയാളികളാണെന്നും യാതൊരുവിധ നിയമവിരുദ്ധ രാസവസ്തുക്കളും നിർമ്മാണത്തിന് ഉപയോഗിച്ചിട്ടില്ലെന്നും വിൽസൺ സാക്ഷ്യപ്പെടുത്തുന്നു. "ഞാൻ നിന്നിടത്ത് ഒരു തീ വന്ന് അടിച്ചത് മാത്രമേ എനിക്കോർമ്മയുള്ളൂ വിൽസന്‍റെ വാക്കുകൾ മുറിഞ്ഞു. മുണ്ടത്തിക്കോട്ടെ ആ പാടശേഖരത്തെ മരണത്തിന്റെ മണമുള്ള ആ കാറ്റിൽ നിന്നും ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ട ഒരാളുടെ സാക്ഷ്യം കൂടിയാവുകയാണ് വിൽസന്റെ വാക്കുകൾ.

Tags:    
News Summary - Miraculous Escape: Fireworks Worker Wilson Recalls the Horrific Explosion in Thrissur; "I Realized I Was Trapped and Ran for My Life."

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.