ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അട്ടിമറിക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ് സംസ്ഥാന കമ്മിറ്റി തിരുവനന്തപുരത്ത് സംഘടിപ്പിച്ച ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ച്

ന്യൂനപക്ഷങ്ങൾക്കു വേണ്ടത് രക്ഷാകർത്താക്കളെയല്ല, നീതി -നജീബ് കാന്തപുരം

തിരുവനന്തപുരം: മുസ്ലിംകളടക്കമുള്ള ന്യൂനപക്ഷ വിഭാഗങ്ങൾക്കുവേണ്ടത് രക്ഷാകർത്താക്കളെയല്ലെന്നും നീതിയാണെന്നും നജീബ് കാന്തപുരം എം.എൽ.എ. ഇടതു സർക്കാറിന്‍റെ ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ അട്ടിമറിക്കെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്‍റ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച ന്യൂനപക്ഷ ഡയറക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതരത്വത്തിന്റെ കപട മുഖമണിഞ്ഞ് ഇടതുസർക്കാർ ന്യൂനപക്ഷ ക്ഷേമ പദ്ധതികൾ വൻ തോതിൽ അട്ടിമറിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പാളയം ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ച് നിയമസഭക്കടുത്ത് പൊലീസ് തടഞ്ഞു. തുടർന്ന്, ജലപീരങ്കി പ്രയോഗിച്ചു. സംസ്ഥാന നേതാക്കളുൾപ്പെടെ 12 പേരെ അറസ്റ്റ് ചെയ്തു.

ന്യൂനപക്ഷ പദ്ധതികൾക്കായി കഴിഞ്ഞ ആറു വർഷങ്ങളിലായി ബജറ്റിൽ അനുവദിച്ച തുക പാഴാക്കൽ, ന്യൂനപക്ഷ സ്കോളർഷിപ്പ് അപേക്ഷ ക്ഷണിക്കുന്നതിൽ സർക്കാറിന്റെ അനാസ്ഥ, മദ്റസ അധ്യാപകർക്കുള്ള ഭവനനിർമാണ പദ്ധതിയിലെ അനാസ്ഥ തുടങ്ങിയവക്കെതിരെയായിരുന്നു മാർച്ച്.

കെ.പി.സി.സി സെക്രട്ടറി ബി.ആർ.എം. ഷഫീർ, കെ.എം.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഇലവുപാലം ഷംസുദ്ദീൻ മന്നാനി, മെക്ക നാഷനൽ ജനറൽ സെക്രട്ടറി പ്രഫ. ഇ. അബ്ദുൽ റഷീദ്, പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി മൈലക്കാട് ഷാ, തിരുവനന്തപുരം ലത്തീൻ അതിരൂപത പ്രസിഡന്റ് പാട്രിക് മൈക്കൾ, വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി മിർസാദ് റഹ്മാൻ, എസ്.ഐ.ഒ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്മാൻ ഇരിക്കൂർ, ജി.ഐ.ഒ സംസ്ഥാന കൗൺസിൽ അംഗം ഹവ്വ റാഖിയ തുടങ്ങിയവർ സംസാരിച്ചു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി തൗഫീഖ് മമ്പാട് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിമാരായ തൻസീർ ലത്തീഫ്, ഒ.കെ. ഫാരിസ്, അസ്ലം അലി, വി.പി. റഷാദ് തുടങ്ങിയവർ നേതൃത്വം നൽകി.

News Summary - Minorities need not guardians, but justice - Najeeb Kanthapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.