കോറോ ഹെൽത്ത് ഓഫിസ്

മന്ത്രിയുടെ ഇടപെടലും ഫലം കണ്ടില്ല; ചർച്ച പരാജയം, കോറോ ഹെൽത്ത് കമ്പനി അടച്ചുപൂട്ടലിലേക്ക്...

കൊച്ചി: കോറോ ഹെല്‍ത്ത് കമ്പനിയിലെ കൂട്ടപ്പിരിച്ചുവിടലിൽ തൊഴിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ നേതൃത്വത്തിൽ നടന്ന ചർച്ച പരാജയം. അടച്ചുപൂട്ടലല്ലാതെ മറ്റൊരു തീരുമാനമില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമ്പനി. എറണാകുളം കലക്ടറേറ്റിൽ നടന്ന ചര്‍ച്ചയില്‍ കമ്പനി അധികൃതരും ജീവനക്കാരുടെ പ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്തു.

യു.എസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഡിക്കൽ കോഡിങ് സ്ഥാപനമായ കോറോ ഹെൽത്തിലെ കൊച്ചി, കോഴിക്കോട് ഓഫിസുകളാണ് അടച്ചുപൂട്ടുന്നത്. ഇവിടങ്ങളിൽ ആയിരത്തോളം ജീവനക്കാർക്ക് ജോലി നഷ്​ടപ്പെടുന്ന സ്ഥിതിയാണ്. കേരളത്തിലെ പ്രവർത്തനം പൂർണമായി അവസാനിപ്പിക്കുകയാണെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് കമ്പനി.

അതേസമയം, തൊഴിൽ പ്രശ്നത്തിൽ സർക്കാരും ഉദ്യോഗസ്ഥരും തുടക്കം മുതൽ ഇടപെട്ടുവെന്ന് ബിന്ദു കൃഷ്ണ പറഞ്ഞു. പ്രശ്നങ്ങൾ പരിഹരിക്കാൻ ഒപ്പമുണ്ടാവുമെന്ന് കമ്പനിയെ അറിയിച്ചപ്പോൾ, ഈ മാസം 20 ന് കമ്പനി അധികൃതർ നേരിട്ടെത്താമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, ജീവനക്കാർ അതുവരെ വീട്ടിലിരിക്കട്ടെ എന്നാണ് കമ്പനിയുടെ നിലപാടെന്നും മന്ത്രി വ്യക്തമാക്കി. കമ്പനിയുടേത് ഇരട്ടത്താപ്പാണെന്ന് ചർച്ചയിൽ പ​ങ്കെടുത്ത ഹൈബി ഈഡൻ എം.പി പ്രതികരിച്ചു.

താൽക്കാലികമായി ജീവനക്കാരെ ജോലിയില്‍ പ്രവേശിപ്പിക്കാമെന്ന് കമ്പനി നല്‍കിയ വാഗ്ദാനം പാലിക്കപ്പെട്ടിരുന്നില്ല. ഇതുമൂലം തൊഴില്‍വകുപ്പ് നല്‍കിയ ഹാജര്‍ പുസ്തകത്തില്‍ ദിവസവും ഒപ്പുവെച്ച് ജീവനക്കാര്‍ തിരികെ പോവുകയാണ്. സ്ഥാപനത്തിന് അകത്തേക്ക് ജീവനക്കാരെ പ്രവേശിപ്പിക്കുന്നില്ല.

കേരളത്തിലെ ഓഫിസുകൾ പൂട്ടിയെങ്കിലും തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ഉൾപ്പെടെയുള്ള മറ്റ് സംസ്ഥാനങ്ങളിലെ ഓഫിസുകളിൽ പുതിയ ജീവനക്കാരെ നിയമിച്ച് കമ്പനി പ്രവർത്തനം തുടരുന്നതായാണ് റിപ്പോർട്ടുകൾ. പിരിച്ചുവിടൽ നടപടിയുടെ ഭാഗമായി മൂന്ന് മാസത്തെ ശമ്പളം ജീവനക്കാർക്ക് നൽകിയിട്ടുണ്ടെന്നാണ് കമ്പനി അധികൃതർ പറയുന്നത്. എന്നാൽ, മുൻധാരണകൾ ലംഘിച്ച കമ്പനിക്കെതിരെ നിയമനടപടികൾ സ്വീകരിക്കാൻ ഒരുവിഭാഗം ജീവനക്കാർ ഒരുങ്ങുന്നുണ്ട്. 

Tags:    
News Summary - Minister's talks fail; Corro Health faces closure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.