കരി​ങ്കൊടിയുമായി യൂത്ത്​ കോൺഗ്രസ്​; വാഹനത്തിൽനിന്നിറങ്ങി തർക്കിച്ച്​ മന്ത്രി വീണ ​ജോർജ്​

റാന്നി: ആശ വർക്കർമാരുടെ സമരം ഒത്തുതീർപ്പാക്കാത്തതിൽ പ്രതിഷേധിച്ച് കരി​ങ്കൊടി കാണിച്ച യൂത്ത്​ കോൺഗ്രസുകാരുമായി വാഹനത്തിൽ നിന്ന്​ ചാടി ഇറങ്ങിയ ആരോഗ്യ മന്ത്രി വീണ ജോർജ്​ തർക്കിച്ചു. അവസാനം പൊലീസ് ഇടപ്പെട്ടാണ്​ രംഗം തണുപ്പിച്ചത്​. ഞായറാഴ്ച അഞ്ചേകാലോടെ സംസ്ഥാന പാതയിൽ മിനർവപ്പടിക്ക് സമീപമാണ്​ സംഭവം.

റാന്നി താലൂക്കാശുപത്രിയുടെ പുതിയ കെട്ടിട നിർമാണ ഉദ്​ഘാടനം കഴിഞ്ഞ് മടങ്ങ​വെ മന്ത്രി വീണ ജോർജിന്‍റെ കാറിന് മുന്നിലേക്ക് കരി​​​ങ്കൊടിയും മുദ്രാവാക്യം വിളികളുമായി എത്തിയ യൂത്ത് കോൺഗ്രസ്​​ പ്രവർത്തകരെ കണ്ട് മന്ത്രി കാർ നിർത്തി ക്ഷോഭത്തോടെ പുറത്തിറങ്ങി. പൊലീസിനോട്​ മാറി നിൽക്കാൻ ആവശ്യപ്പെട്ട മന്ത്രി താൻ കൈകാര്യം ചെയ്യാമെന്ന നിലപാടിലായി. തുടർന്ന് പ്രവർത്തകരുമായി വാക്കേറ്റമായി.

നിങ്ങൾ അഞ്ച്​ പേർ മാത്രമെയുള്ളോ എന്നും നിങ്ങൾ എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും​ ചോദിച്ച്​ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മന്ത്രി ചൊടിപ്പിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റിനുമുന്നിൽ സമരം നടത്തുന്ന ആശ വർക്കർമാരുടെ പ്രശ്നം പരിഹരിക്കാത്തതിലുള്ള പ്രതിഷേധമാണെന്ന് നേതാക്കൾ പറഞ്ഞപ്പോൾ നിങ്ങൾ ആയിരം രൂപയല്ലേ കൊടുത്തതെന്ന് മന്ത്രി​ തിരിച്ചുപറഞ്ഞു. ഇവിടെ നടത്തുന്ന ഷോയൊക്കെ അവിടെ സമരപന്തലിൽ കാണിക്കാമോയെന്ന് മന്ത്രിയോട്​ പ്രവർത്തകർ. അഞ്ച്​ മിനി​റ്റോളം തർക്കം നീണ്ടു. ഇതിനിടെ എത്തിയ സി.പി.എം പ്രവർത്തകർ യൂത്ത്​ കോൺഗ്രസുകാരെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. പൊലീസ്​ ഇടപെട്ടാണ്​ രംഗം ​ശാന്തമാക്കിയത്​​.

പിന്നീട് റാന്നി പോലീസ് യൂത്ത്​ കോൺഗ്രസ്​ നേതാക്കളെ അറസ്റ്റ് ചെയ്ത് രണ്ട് മണിക്കൂറിനുശേഷം ജാമ്യത്തിൽ വിട്ടു. തങ്ങളെ റിമാൻഡ്​ ചെയ്യാൻ ജില്ല പൊലീസ്​ മേധാവി നിർദേശിച്ചതായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ആന്‍റോ ആൻറണി എം.പിയും മറ്റൊരു പരിപാടിക്ക് ജില്ലയിലുണ്ടായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയും ഇടപെട്ടതിനെ തുടർന്നാണ് വിട്ടയച്ചത്. മന്ത്രിയുമായി തർക്കം നടന്നപ്പോൾ ഏതാനും പൊലീസുകാർ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളു. യൂത്ത് കോൺഗ്രസ്‌ ജില്ല പ്രസിഡന്റ് വിജയ് ഇന്ദുചൂഡന്‍റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സംസ്ഥാന സെക്രട്ടറി സാംജി ഇടമുറി, റാന്നി മണ്ഡലം പ്രസിഡന്റ് റിജോ റോയി തോപ്പിൽ, ഭാരവാഹികളായ ആരോൺ ബിജിലി പനവേലിൽ, ജെറിൻ പ്ലാച്ചേരിൽ എന്നിവർ നേതൃത്വം നൽകി. 

Tags:    
News Summary - Minister Veena George argument with Youth Congress workers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.