തിരുവനന്തപുരം: ഓണം ആഘോഷിക്കേണ്ടതില്ലെന്ന് അധ്യാപികമാർ ഓഡിയോ സന്ദേശം അയച്ചതോടെ വിവാദത്തിലായ സ്കൂളിൽ നടത്തിയ ഓണാഘോഷത്തെ അഭിനന്ദിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. തൃശൂർ ജില്ലയിലെ കല്ലുംപുറം സിറാജുൽ ഉലൂം ഇംഗ്ലീഷ് അൺ എയിഡഡ് സ്‌കൂളിൽ നടന്ന ഓണാഘോഷത്തെയാണ് മന്ത്രി അഭിനന്ദിച്ചത്.
എല്ലാ വിഭാഗം കുട്ടികളെയും ഒരുമിച്ച് ചേർത്തുകൊണ്ടുള്ള ഓണാഘോഷം ഏറെ പ്രശംസനീയമാണെന്ന് മന്ത്രി പറഞ്ഞു. ഇതിനായി പ്രയത്നിച്ച അധ്യാപകർ, വിദ്യാർഥികൾ, പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർക്ക് മന്ത്രി അഭിനന്ദനങ്ങൾ അറിയിക്കുകയും ചെയ്തു.
ഓണം ഹിന്ദുക്കളുടെ ആഘോഷമാണെന്നും മക്കളോ നമ്മളോ അത് പ്രോത്സാഹിപ്പിക്കാൻ പാടില്ലെന്നുമായിരുന്നു അധ്യാപികമാർ രക്ഷിതാക്കൾക്ക് വാടസ്ആപിലൂടെ ശബ്ദ സന്ദേശം നൽകിയത്. ഇത് പുറത്തുവന്നതോടെ ഡി.വൈ.എഫ്.ഐ പൊലീസിൽ പരാതി നൽകി. തുടർന്ന് കുന്നംകുളം പൊലീസ് കേസെടുക്കുകയും പിന്നാലെ അധ്യാപികമാരെ സസ്പെൻഡ് ചെയ്യുകയും ചെയ്തിരുന്നു.
‘ഓണം എന്ന് പറയുന്നത് ഹിന്ദു മതസ്ഥരുടെ ആചാരമാണല്ലോ. എല്ലാവർക്കും അറിയുന്ന കാര്യമാണ്. ആ സെലിബ്രേഷനുമായി ബന്ധപ്പെട്ട് നമ്മുടെ മക്കളോ നമ്മളോ അത്തരത്തിലുള്ള കാര്യങ്ങളെ ഒരുതരത്തിലും പ്രോത്സാഹിപ്പിക്കാൻ പാടില്ല. മറ്റു മതസ്ഥരുടെ ആചാരങ്ങളെ നമ്മൾ ഒരു തരത്തിലും പങ്കുകൊള്ളാൻ പാടില്ല. സെലിബ്രേഷനിൽ നമ്മളോ നമ്മുടെ മക്കളോ പങ്കെടുക്കുന്നില്ല. വേഷ വിധാനത്തിലാണെങ്കിലും എല്ലാ തരത്തിലും ആചാരത്തോട് ഏതെങ്കിലും തരത്തിൽ നമ്മൾ കടമെടുക്കലുണ്ടെങ്കിൽ അത്തരത്തിലുള്ള പ്രവൃത്തികള്‍ നമ്മുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ നമ്മൾ ഓരോരുത്തരും ശ്രദ്ധിക്കണം...’ -എന്നിങ്ങനെയായിരുന്നു പുറത്തുവന്ന ഓഡിയോ സന്ദേശം.
എന്നാൽ, അധ്യാപികമാർ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞതെന്നും സ്‌കൂളിന്റെ നിലപാടല്ലെന്നും സ്കൂളില്‍ ഓണാഘോഷം നാളെ നടത്തുമെന്നും പ്രിൻസിപ്പൽ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.