തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിന്റെ പേരിൽ സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക-അനധ്യാപക നിയമനാംഗീകാരം സര്‍ക്കാര്‍ തടസ്സപ്പെടുത്തുകയാണെന്ന മോന്‍സ് ജോസഫിന്റെ ശ്രദ്ധക്ഷണിക്കല്‍ പ്രമേയത്തിലെ ആരോപണം നിയമസഭയില്‍ ഭരണ- പ്രതിപക്ഷ അംഗങ്ങളുടെ ബഹളത്തിന് ഇടയാക്കി. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ എൻ.എസ്.എസ് മാനേജുമെന്റിനൊപ്പം മറ്റു മാനേജ്മെന്റുകള്‍ക്കും നിയമനം നടത്താന്‍ കഴിയില്ലെന്ന് പറയുന്ന വിദ്യാഭ്യാസ ‘മന്ത്രിക്ക് ബോധമില്ലെന്ന’ മോന്‍സ് ജോസഫിന്റെ പരാമര്‍ശമാണ് ബഹളത്തിന് ഇടയാക്കിയത്.
സുപ്രീംകോടതി വിധി നടപ്പാക്കാനും വിധിയില്‍ പ്രശ്നങ്ങളുണ്ടെങ്കില്‍ നിയമപരമായി സമീപിക്കാനും സര്‍ക്കാരിനു മുന്നില്‍ മറ്റു മാര്‍ഗങ്ങളുണ്ടെന്ന് മോന്‍സ് ജോസഫ് പറഞ്ഞു. ഭിന്നശേഷിക്കാര്‍ക്ക് ജോലി നല്കാന് ക്രിസ്ത്യന്‍ മാനേജ്മെന്റുകള്‍ തയാറാണ്. ഇതു മനസിലാക്കാതെയുള്ള വിദ്യാഭ്യാസ മന്ത്രിയുടെ പ്രസ്താവന അപലപനീമാണ്. ക്രിസ്ത്യന്‍ മാനേജ്മെന്റുകളോട് സര്‍ക്കാര്‍ വിവേചനത്തോടെയാണ് പെരുമാറുന്നതെന്ന് പരാതിയുണ്ടെന്നും മോന്‍സ് ജോസഫ് പറഞ്ഞു.
എല്ലാ എയ്ഡഡ് സ്കൂള്‍ മാനേജ്മെന്റുകള്‍ക്കും സര്‍ക്കാര്‍ തുല്യമായ പരിഗണനയാണ് നല്‍കുന്നതെന്ന് മന്ത്രി വി. ശിവന്‍കുട്ടി മറുപടിയായി അറിയിച്ചു. ക്രിസ്ത്യന്‍, മുസ്ലിം, ഹിന്ദു മാനേജുമെന്റുകളെ ഒരേ കണ്ണിലാണ് കാണുന്നത്. മോന്സിന് മാത്രമല്ല, താനും ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരുമായി നല്ല ബന്ധത്തിലാണ്.
തന്റെ പ്രസ്താവന ചില പത്രക്കാര് വളച്ചൊടി ച്ചെങ്കില്‍ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്മാരെ കണ്ടു തിരുത്താന്‍ തയാറാണെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.