ഭീഷണിപ്പെടുത്തി വ്യാജമൊഴിയെടുത്തു; ഇഡിക്കെതിരെ സിഎംആര്‍എല്‍ എംഡിയും ഉന്നത ഉദ്യോഗസ്ഥരും, സത്യവാങ്മൂലം പുറത്ത്

കൊച്ചി: സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് ഭീഷണിപ്പെടുത്തി വ്യാജമൊഴി രേഖപ്പെടുത്തിയെന്ന് സിഎംആര്‍എല്‍ എം.ഡി ശശിധരന്‍ കര്‍ത്തയും ഉദ്യോഗസ്ഥരും. ഇ.ഡി ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചെന്നാണ് ശശിധരന്‍ കര്‍ത്ത, 2024ല്‍ സഹോദരന്‍ വഴി സമര്‍പ്പിച്ച മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലത്തില്‍ പറയുന്നത്. ഇതിന്റെ പകർപ്പ് ഇപ്പോൾ പുറത്തുവന്നു.

സത്യവാങ്മൂലത്തിൽ പറയുന്നത്: 2024 ഏപ്രിലിൽ ഇ.സി.ഐ.ആർ രജിസ്റ്റർ ചെയ്തശേഷം നോട്ടീസ് അയച്ചെങ്കിലും ആരോഗ്യപ്രശ്നം കാരണം ഹാജരാകാൻ കഴിഞ്ഞില്ല. തുടർന്ന് ഇ.ഡി ഉദ്യോഗസ്ഥർ ആലുവയിലെ വീട്ടിൽ രോഗശയ്യയിൽ കിടക്കുമ്പോൾ എത്തി ചോദ്യംചെയ്തു. ബലംപ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചു, സിഎംആർഎൽ ഉദ്യോഗസ്ഥരുടെ മൊഴിയിൽ നിർബന്ധിച്ച് ഒപ്പ് വെപ്പിച്ചു, മാനസികമായി പീഡിപ്പിച്ചു. ഇതിനെതിരെ 2024 മേയ് 15ന് സഹോദരൻ വഴിയാണ് പിൻവലിക്കൽ സത്യവാങ്മൂലം നൽകിയത്.

ഇതുപോലെ സിഎംആർഎൽ ചീഫ് ഫിനാൻഷ്യൽ ഓഫീസർ കെ.എസ്. സുരേഷ് കുമാറും ചീഫ് ജനറൽ മാനേജർ പി. സുരേഷ് കുമാറും മൊഴി പിൻവലിക്കാൻ സത്യവാങ്മൂലം നൽകിയിരുന്നു.

അന്ന് ഇ.ഡി പുറത്ത് വിട്ടത്, ‘പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ പേരിലാണ് മകൾ ടി. വീണക്ക് പണം നൽകിയത്’ എന്ന് ശശിധരന്‍ കര്‍ത്ത മൊഴി നൽകിയെന്നാണ്. സേവനം നല്‍കാതെ വീണക്ക് പണം നല്‍കിയെന്ന് ശശിധരന്‍ കര്‍ത്ത സമ്മതിച്ചെന്നാണ് ഇ.ഡിയുടെ വാദം. ഇത് തള്ളുന്നതാണ് ശശിധരന്‍ കര്‍ത്തയുടെ ഈ സത്യവാങ്മൂലം.

പി. സുരേഷ് കുമാറും കെ.എസ്. സുരേഷ് കുമാറും ഇ.ഡി ഉദ്യോഗസ്ഥര്‍ നടത്തിയത് നിയമവിരുദ്ധ സമീപനമാണെന്ന് കാണിച്ച് ഇ.ഡി ഡയറക്ടര്‍ക്ക് ഔദ്യോഗികമായി നല്‍കിയ മൊഴി പിന്‍വലിക്കല്‍ സത്യവാങ്മൂലത്തിലും ഇ.ഡി ഭീഷണിപ്പെടുത്തി വ്യാജ മൊഴി രേഖപ്പെടുത്തിയെന്ന് പറയുന്നുണ്ട്. ഇ.ഡി നല്‍കിയ സമന്‍സിന്റെ അടിസ്ഥാനത്തില്‍ ചോദ്യംചെയ്യലിന് ഹാജരായ സമയത്ത് തങ്ങള്‍ക്ക് കടുത്ത പീഡനങ്ങളും നിയമവിരുദ്ധമായ നടപടികളും നേരിടേണ്ടി വന്നുവെന്ന് ഉദ്യോഗസ്ഥര്‍ തങ്ങളുടെ മൊഴി പിന്‍വലിക്കല്‍ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

എക്‌സാലോജിക് കമ്പനി സിഎംആര്‍എല്ലിന് സേവനങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് സത്യസന്ധമായി മറുപടി നല്‍കിയപ്പോള്‍ അത് തിരുത്തി പറയാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന് പി. സുരേഷ് കുമാര്‍ ആരോപിക്കുന്നു. ഇത് നിരസിച്ചതോടെ ഇ.ഡി ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ചോദ്യംചെയ്യലിന്റെ ഭാഗമായി 24 മണിക്കൂറോളം ഇ.ഡി ഓഫിസില്‍ തടഞ്ഞുവച്ചു.

രാത്രി മുഴുവന്‍ ഉറങ്ങാന്‍ അനുവദിക്കാതെ പീഡിപ്പിച്ചതായി കെ.എസ്. സുരേഷ് കുമാറും പറയുന്നു. എക്‌സാലോജിക് കമ്പനിക്ക് സിഎംആര്‍എല്‍ സേവനങ്ങള്‍ നല്‍കിയിട്ടില്ലെന്നും രാഷ്ട്രീയക്കാര്‍ക്ക് നല്‍കാന്‍ കമ്പനി വ്യാജ ചെലവുകള്‍ കാണിച്ചു പണം ഉണ്ടാക്കിയെന്നും മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കുകയായിരുന്നു. ഇത് നിരസിച്ചപ്പോള്‍ അറസ്റ്റ് ചെയ്യുമെന്നും ജാമ്യം ലഭിക്കില്ലെന്നും ഭീഷണിപ്പെടുത്തി. ഇതോടെ ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട പ്രസ്താവനകളില്‍ ഒപ്പിടേണ്ടി വന്നുവെന്നാണ് ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.