മന്ത്രി പ്രസാദും ഗവർണറും ഒരേ വേദിയിൽ; കാർഷിക സർവകലാശാല ബിരുദദാന ചടങ്ങിൽ മാധ്യമപ്രവർത്തകർക്ക് വിലക്കേർപ്പെടുത്തിയതിൽ വിവാദം

തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാലയുടെ 2024 വര്‍ഷത്തെ ബിരുദ ദാന ചടങ്ങിന് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നീക്കം വിവാദമായി. തൃശൂര്‍ പുഴക്കലിലുള്ള ഹയാത്ത് റീജന്‍സിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പത്ര ഫോട്ടോഗ്രാഫര്‍മാര്‍ക്കും വീഡിയോ ഗ്രാഫര്‍മാര്‍ക്കും പ്രവേശനം വിലക്കിയ നടപടിയാണ് വിവാദമായത്. 26ന് ഉച്ചക്ക് രണ്ടുമണിക്കാണ് ചടങ്ങ്. 25 മാധ്യമ പ്രവര്‍ത്തകർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറും കൃഷി മന്ത്രി പി. പ്രസാദും ഒരുമിച്ച് വേദി പങ്കിടുന്ന പരിപാടിയാണ് ഇത്. ഭാരതാംബ വിവാദത്തിന് ശേഷം ഇവർ ഒരുമിച്ച് പങ്കെടുക്കുന്ന വേദിയായതിനാലാണ് പതിവിന് വിപരീതമായി മാധ്യമ പ്രവര്‍ത്തകര്‍ക്ക് നിയന്ത്രണമെന്നറിയുന്നു. കാര്‍ഷിക യൂണിവേഴ്‌സിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണോ നിയന്ത്രണമെന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തില്‍ നിന്ന് രജിസ്ട്രാര്‍ ഡോ.എ.സക്കീര്‍ ഹുസൈന്‍ ഒഴിഞ്ഞു മാറി.

കൃഷി, എഞ്ചിനീയറിംഗ്, ഫോറെസ്റ്ററി എന്നീ മൂന്ന് ഫാക്കല്‍റ്റികളിലായി 1039 വിദ്യാർഥികളില്‍ 70 പേർക്ക് ഡോക്ടറേറ്റ്, 222 പേർക്ക് ബിരുദാനന്തര ബിരുദം, 565 പേർക്ക് ബിരുദം 65 പേർക്ക് ഡിപ്ലോമ എന്നിവ നല്‍കുന്ന ചടങ്ങാണിത്. കേരള ഗവര്‍ണറും ചാന്‍സലറുമായ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് ബിരുദ ദാനം നടത്തുന്നത്. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ്, റവന്യൂ വകുപ്പ് മന്ത്രി അഡ്വ. കെ. രാജന്‍, കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി അശോക് എന്നിവര്‍ പങ്കെടുക്കും.

Tags:    
News Summary - Minister Prasad and Governor on the same stage; Controversy over ban on journalists at Agricultural University graduation ceremony

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.