കണ്ണൂരിൽ ബി.ജെ.പി പ്രവർത്തകൻ വെടിയേറ്റ് മരിച്ചു; പ്രതി പിടിയിൽ

പയ്യന്നൂർ: കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്തിലെ കൈതപ്രത്ത് മധ്യവയസ്കൻ വെടിയേറ്റു മരിച്ചു. ബി.ജെ.പി പ്രവർത്തകനും ഗുഡ്സ് ഓട്ടോ ഡ്രൈവറുമായ കെ.കെ. രാധാകൃഷ്ണനാണ് (49) മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് ഏഴരയോടെയാണ് സംഭവം. മാതമംഗലം പുനിയങ്കോട്ട് താമസിക്കുന്ന രാധാകൃഷ്ണൻ വൈകീട്ട് കൈതപ്രം വായനശാലക്കു സമീപം പുതുതായി നിർമിക്കുന്ന വീടിനു സമീപം എത്തിയതായിരുന്നു. വെടിയൊച്ച കേട്ട് ഓടിയെത്തിയ നാട്ടുകാർ രക്തത്തിൽ കുളിച്ചുകിടക്കുന്ന രാധാകൃഷ്ണനെയാണ് കണ്ടത്. ഉടൻ കണ്ണൂർ ഗവ. മെഡിക്കൽ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പരിയാരം പൊലീസ് പ്രതി പെരുമ്പടവ് സ്വദേശി സന്തോഷിനെ കസ്റ്റഡിയിലെടുത്തു. വ്യക്തിവിരോധമാണ് കൊലക്കു കാരണമെന്ന് സംശയിക്കുന്നു. കൊല സംബന്ധിച്ചുള്ള സൂചന സംഭവത്തിനുമുമ്പ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതായി പൊലീസ് പറയുന്നു. വിവരമറിഞ്ഞ് പയ്യന്നൂര്‍ ഡിവൈ.എസ്.പി കെ. വിനോദ്കുമാര്‍, പരിയാരം ഇന്‍സ്‌പെക്ടര്‍ എം.പി. വിനീഷ്‌കുമാര്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

വടക്കേടത്ത് മിനിയാണ് രാധാകൃഷ്ണന്റെ ഭാര്യ. മക്കൾ: അമർനാഥ്, അർപ്പിത് (ഇരുവരും വിദ്യാർഥികൾ). മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ.

Tags:    
News Summary - Middle-aged man shot dead; suspect arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-12-14 01:25 GMT