കൊച്ചി: സ്കൂൾ ഉച്ചഭക്ഷണ പദ്ധതിക്കായി അരി ഒഴികെ ഒരുകുട്ടിക്ക് എട്ടുരൂപയെന്ന നിരക്ക് തികയാതെവന്നാൽ എന്ത് ചെയ്യുമെന്ന് ഹൈകോടതി. ഇതിൽ സംസ്ഥാന സർക്കാറിനോട് വിശദീകരണം ആവശ്യപ്പെട്ട ജസ്റ്റിസ് ടി.ആർ. രവി, കേന്ദ്രവിഹിതം സംസ്ഥാനം മുൻകൂറായി അനുവദിച്ചാൽ തുക നൽകാൻ പിന്നീട് നിയമ തടസ്സമുണ്ടോയെന്ന കാര്യം വിശദീകരിക്കാൻ കേന്ദ്ര സർക്കാറിനോടും നിർദേശിച്ചു. പദ്ധതിയുടെ കുടിശ്ശിക ലഭിക്കാൻ പ്രധാനാധ്യാപകർ നൽകിയ ഹരജിയിൽ ഈ തുക പര്യാപ്തമല്ലെന്ന വാദം ഉയർന്നതോടെയാണ് കോടതിയുടെ ഇടപെടൽ.
ഫണ്ടില്ലെങ്കിൽ സ്കൂളിന്‍റെയോ പി.ടി.എയുടേയോ ഫണ്ട് ഇതിനായി ഉപയോഗിക്കാനും ഈ തുക പിന്നീടു നൽകുമെന്നും വ്യക്തമാക്കിയിട്ടുണ്ടെന്ന് സർക്കാറിനുവേണ്ടി ഹാജരായ സ്പെഷൽ ഗവ. പ്ലീഡർ അറിയിച്ചു. ഒട്ടേറെ കുട്ടികൾക്ക് പ്രയോജനകരമായ പദ്ധതി സർക്കാറിന്‍റെ അഭിമാനമാണ്. സെപ്റ്റംബർ 30 വരെയുള്ള ഫണ്ട് ഇതിനകം നൽകിയിട്ടുണ്ട്. ഹരജിക്കാരടക്കമുള്ളവർ യഥാസമയം ബിൽ നൽകി തുക കൈപ്പറ്റിയിട്ടില്ല.
അധ്യാപകർ സ്വന്തം പണമെടുത്ത് ചെലവാക്കിയതിന് തെളിവില്ല. അരി സർക്കാർ നൽകും. ബാക്കിയുള്ളവ വാങ്ങാനാണ് എട്ടുരൂപ നിരക്കിൽ നൽകുന്നതെന്നും സർക്കാർ വാദിച്ചു. എന്നാൽ, പാചക വാതകമടക്കമുള്ളവക്ക് ഈ തുക തികയില്ലെന്ന് ഹരജിക്കാരുടെ അഭിഭാഷകൻ വ്യക്തമാക്കി. ഇതിനുപുറമെ മുട്ടക്കും പാലിനും പണം കണ്ടെത്തേണ്ടതുണ്ട്. ഇതിന് സ്കൂൾ, പി.ടി.എ ഫണ്ട് ഉപയോഗിക്കാനാവുമെന്ന് സർക്കാർ മറുപടി നൽകി. ഇത്തരം ഫണ്ടുകൾ എത്രവരുമെന്ന് ചോദിച്ച കോടതി, ആർക്കും ഭാരമാകാതെ പദ്ധതി നടപ്പാക്കുന്നത് സംബന്ധിച്ചാണ് പരിശോധിക്കുന്നതെന്നും വ്യക്തമാക്കി.
ഉച്ചഭക്ഷണ പദ്ധതിക്ക് തുക മുൻകൂർ അനുവദിക്കുക, കുടിശ്ശിക നൽകുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള പ്രദേശ് സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷനും കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്‌മാസ്‌റ്റേഴ്‌സ് അസോസിയേഷനും നൽകിയ ഹരജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹരജി തുടർന്ന് ഒക്ടോബർ 26ന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.