സണ്ണി ജോസഫ്

ആശാപ്രവര്‍ത്തകര്‍ക്ക് മൈക്ക് സെറ്റ് വാങ്ങി നല്‍കും; പൊലീസിനെതിരെ മോഷണത്തിന് കേസെടുക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ്

തിരുവനന്തപുരം: പൊലീസ് പിടിച്ചെടുത്ത മൈക്ക് സെറ്റ് തിരികെതരാത്ത പക്ഷം ആശാപ്രവര്‍ത്തകര്‍ക്ക് കോണ്‍ഗ്രസിന്റെ ചെലവില്‍ അത് വാങ്ങി നല്‍കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എ. സെക്രട്ടറിയേറ്റിന് മുന്നിലെ ആശാപ്രവര്‍ത്തകരുടെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആശാപ്രവര്‍ത്തകരുടെ മൈക്ക് എടുത്തുകൊണ്ടുപോയ പൊലീസിനെതിരെ മോഷണത്തിന് കേസെടുക്കണം. ആശാപ്രവര്‍ത്തകരുടെ വാക്കുകള്‍ പൊതുജനം കേള്‍ക്കുന്നതിനെ സര്‍ക്കാര്‍ എന്തിന് ഭയപ്പെടുന്നുവെന്നും സണ്ണി ജോസഫ് ചോദിച്ചു. ന്യായമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന ആശാപ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസിനെ ഉപയോഗിച്ചുള്ള അതിക്രമം പ്രതിഷേധാര്‍ഹമാണ്. സംസ്ഥാനം കട്ടുമുടിക്കുന്ന മുഖ്യമന്ത്രിക്കും സര്‍ക്കാറിനും പാവപ്പെട്ട തൊഴിലാളികളുടെ രോദനം കേള്‍ക്കാന്‍ മനസില്ല. കോടികള്‍ ചെലവഴിച്ച് മേളകള്‍ സംഘടിപ്പിക്കുന്ന സര്‍ക്കാറാണ് ആശാപ്രവര്‍ത്തകരുടെ ന്യായമായ ആവശ്യങ്ങള്‍ ചവിട്ടിമെതിക്കുന്നത്.

എട്ടുമാസം പിന്നിട്ട ആശാപ്രവര്‍ത്തകരുടെ സമരത്തെ സര്‍ക്കാര്‍ അവഗണിക്കുകയും പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്താനുമാണ് ശ്രമിക്കുന്നത്. ആശാപ്രവര്‍ത്തകര്‍ക്ക് നേരെ പലതവണ പൊലീസ് അതിക്രമം കാട്ടിയിട്ടുണ്ട്. അതില്‍ അവസാനത്തേതാണ് കഴിഞ്ഞ ദിവസം ക്ലിഫ് ഹൗസിന് മുന്നില്‍ നടന്ന അതിക്രമം. സെക്രട്ടറിയേറ്റിന് മുന്നിലെ സമരപന്തലില്‍ മഴനനയാതിരിക്കാന്‍ കെട്ടിയ ടെന്റ് പോലും ഇതിന് മുമ്പ് വലിച്ചുകീറി നീക്കം ചെയ്തിട്ടുണ്ട്. പി.എസ്.സി ചെയര്‍മാന്റെയും അംഗങ്ങളുടെയും ഹൈകോടതിയിലെ സര്‍ക്കാര്‍ അഭിഭാഷകരുടെയും ശമ്പളത്തില്‍ വന്‍ വര്‍ധനവ് വരുത്തിയ സര്‍ക്കാറാണ് ആശാപ്രവര്‍ത്തകര്‍ക്ക് ജീവിക്കാനുള്ള ചെറിയ ആനുകൂല്യം നല്‍കണമെന്ന ആവശ്യം അവഗണിക്കുന്നത്.

രാഷ്ട്രീയകക്ഷി വ്യത്യാസമില്ലാതെ പൊതുജനത്തിന്റെ പിന്തുണ ആശാപ്രവര്‍ത്തകര്‍ക്കുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു. കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് പി.സി. വിഷ്ണുനാഥ് എം.എല്‍.എ, കെ.പി.സി.സി ഭാരവാഹികളായ പാലോട് രവി, നെയ്യാറ്റിന്‍കര സനല്‍, എം.എ. വാഹിദ്, ബി.ആര്‍.എം. ഷഫീര്‍ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.

Tags:    
News Summary - Microphone sets will be provided to ASHA workers -KPCC President

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.