മെത്രാന്‍ കായലില്‍ നിലമൊരുങ്ങുന്നു; വിത്തെറിയാന്‍ ഇനി ദിവസങ്ങള്‍

കോട്ടയം: ആറന്മുള പാടശേഖരത്തിനു പിന്നാലെ കുമരകം മെത്രാന്‍ കായലിലും വിത്തെറിയാനൊരുങ്ങി കൃഷിവകുപ്പ്. ഇതിന്‍െറ ഭാഗമായി കഴിഞ്ഞ ദിവസം മുതല്‍ നിലമൊരുക്കല്‍ ജോലികള്‍ തുടങ്ങി. തൊഴിലുറപ്പ് തൊഴിലാളികളാണ് നിലമൊരുക്കുന്നത്.പാടശേഖരത്തിലെ വെള്ളം വറ്റിക്കല്‍ ജോലികളും പുരോഗമിക്കുകയാണ്. വെള്ളിയാഴ്ചയോടെ ഇത് പൂര്‍ത്തിയാകും. പടിഞ്ഞാറുഭാഗം പൂര്‍ണമായി വറ്റി.

അടുത്ത ആഴ്ച ആദ്യം നിലം തയാറാകുമെന്നാണ് കണക്കുകൂട്ടല്‍. തൊഴിലുറപ്പ് തൊഴിലാളികളായ 90 സ്ത്രീകളാണ് പാടത്തു ജോലിക്കിറങ്ങുന്നത്. പാടത്തെ പോളയും പായലും നീക്കംചെയ്തു വിതക്ക് ഒരുക്കുകയാണ് ഇവരുടെ ജോലി. വര്‍ഷങ്ങള്‍ക്കു ശേഷമാണ് മെത്രാന്‍ കായല്‍ പാടശേഖരത്ത് കൃഷിപ്പണികള്‍ നടക്കുന്നത്.

കുമരകം പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. സലിമോന്‍, വൈസ്പ്രസിഡന്‍റ് സിന്ധു രവികുമാര്‍, പഞ്ചായത്ത് അംഗങ്ങളായ വി.എന്‍. ജയകുമാര്‍, പി.കെ. സേതു, പി.കെ. ശാന്തകുമാര്‍, ജയ്മോന്‍ മറുതാച്ചിക്കല്‍, രജിത കൊച്ചുമോന്‍, ദീപ അഭിലാഷ്, ഉഷ സലി, കൃഷിവകുപ്പ് അസി. എന്‍ജിനീയര്‍ ഷറീഫ് മുഹമ്മദ്, കൃഷി ഓഫിസര്‍ റോണി വര്‍ഗീസ്, തൊഴിലുറപ്പ് അസി. എന്‍ജിനീയര്‍ വി.ജി. കൃഷ്ണന്‍കുട്ടി, ഗ്രാമസേവിക എം.ജി. പ്രീത, ഓവര്‍സിയര്‍മാരായ പ്രവത ദേവരാജന്‍, നിസാമുദ്ദീന്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജോലികള്‍.

നേരത്തേ നവംബര്‍ ആദ്യവാരം കൃഷിയിക്കാനായിരുന്നു തീരുമാനമെങ്കിലും വെള്ളം വറ്റിക്കല്‍ നീളുകയായിരുന്നു. അതിനിടെ, കൃഷിയിറക്കാനുള്ള ശ്രമം തടയാന്‍ ശ്രമിക്കുവെന്ന പഞ്ചായത്തിന്‍െറ പരാതിയില്‍ പൊലീസ് ഇവിടെ പ്രത്യേക നിരീക്ഷണവും ഏര്‍പ്പെടുത്തി. പൊലീസ് 24 മണിക്കൂര്‍ പട്രോളിങ് നടത്തുന്ന ഇവിടെ നിരീക്ഷണ കാമറയും സജ്ജീകരിച്ചു.

ബോട്ടിലാണ് പൊലീസ് റോന്തുചുറ്റുന്നത്. വറ്റിവരുന്ന പാടത്തേക്ക് ബണ്ട് തുറന്ന് വീണ്ടും വെള്ളം കയറ്റിവിടുന്നത് കണ്ടത്തെിയിരുന്നു.
മീന്‍പിടിക്കുന്നതിന്‍െറ ഭാഗമായും ബണ്ട് പൊട്ടിക്കുന്നതായി പരാതിയുയര്‍ന്നു. ഇതും കണക്കിലെടുത്താണ് സുരക്ഷ.ഇതിനിടെ മെത്രാന്‍കായലിലെ വയലേലകള്‍ ഏറെയും വാങ്ങിക്കൂട്ടിയ കമ്പനിയുടെ ആളുകളെന്ന് പറഞ്ഞ് രംഗത്തുവന്ന ചിലര്‍ പണി തടസ്സപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. ഇതറിഞ്ഞ് കൃഷിമന്ത്രി വി.എസ്. സുനില്‍കുമാര്‍ വിഷയത്തില്‍ ഇടപെട്ടു.

കലക്ടറോട് അടിയന്തര നടപടി സ്വീകരിക്കാന്‍ മന്ത്രി നിര്‍ദേശിച്ചു. തുടര്‍ന്നാണ് പൊലീസ് റോന്തുചുറ്റല്‍ ശക്തമാക്കിയത്.നിലവില്‍ 26 ഏക്കര്‍ പാടത്താണ് നെല്‍കൃഷി ആരംഭിക്കാന്‍ ക്രമീകരണങ്ങള്‍ ചെയ്യുന്നത്. അഞ്ച് കര്‍ഷകരുടെ പേരിലാണ് 26 ഏക്കര്‍. ബാക്കി വരുന്ന 370 ഏക്കറോളം വയല്‍ സ്വകാര്യ ടൂറിസം കമ്പനി പലയാളുകളുടെ പേരിലായി വാങ്ങിക്കൂട്ടിയിരിക്കുകയാണ്.

ഇവിടെയും കൃഷി ചെയ്യണമെന്ന് സര്‍ക്കാര്‍ കമ്പനിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍, ഇതിനോട് കമ്പനി പ്രതികരിച്ചില്ല. അതിനിടെ, പാടത്തെ വെള്ളം വറ്റിക്കുന്നതിനെതിരെ ചിലര്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും ഹരജികള്‍ തള്ളി.

 

Tags:    
News Summary - Methran’ land issue

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.