തൃശൂർ: സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നതിന് മുന്നോടിയായി ഉപഭോക്താക്കളുടെ വ്യക്തിഗത വിവരശേഖരണവും ജിയോ മാപ്പിങ്ങും നടത്താൻ മീറ്റർ റീഡർമാരോട് കെ.എസ്.ഇ.ബിയുടെ നിർദേശം. മൊബൈൽ ആപ് വഴിയാണ് വിവരശേഖരണം നടത്തേണ്ടത്. ഒരാളുടെ വിവരം ശേഖരിക്കുന്നതിന് ഒരുരൂപ വീതം അധികമായി നൽകാനും തീരുമാനിച്ചിട്ടുണ്ട്. സ്മാർട്ട് മീറ്റർ യാഥാർഥ്യമായാൽ തസ്തികയോ ജോലിയോ നഷ്ടമാകുന്ന മീറ്റർ റീഡർമാരെ തന്നെ വിവരശേഖരണം ഏൽപിച്ചതിൽ ജീവനക്കാരിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

സംസ്ഥാനത്ത് രണ്ടായിരത്തിലേറെ കരാർ മീറ്റർ റീഡർമാരാണുള്ളത്. സെക്ഷൻ ഓഫിസിൽ ഇവരുടേതുൾപ്പെടെ കുറഞ്ഞത് 12 പേരുടെ ജോലിസുരക്ഷയാണ് സ്മാർട്ട് മീറ്റർ വരുന്നതോടെ ഇല്ലാതാകുക. ഇത്തരത്തിൽ കെ.എസ്.ഇ.ബിയിൽ പതിനായിരത്തിലേറെ തസ്തികകൾ ഇല്ലാതാകും. ഗുണനിലവാരമുള്ള വൈദ്യുതി നൽകുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര ഊർജമന്ത്രാലയം കൊണ്ടുവന്ന വിതരണ മേഖലയുടെ പുനരുദ്ധാരണ പദ്ധതിയുടെ (ആർ.ഡി.എസ്.എസ്) ഭാഗമായാണ് രാജ്യത്ത് സ്മാർട്ട് മീറ്റർ കൊണ്ടുവരുന്നത്.

ജൂൺ 27ന് ചേർന്ന കെ.എസ്.ഇ.ബി മുഴുവൻ സമയ ഡയറക്ടർമാരുടെ യോഗത്തിലാണ് പദ്ധതിയുടെ ഭാഗമായി ജിയോ മാപ്പിങ്ങിന് മീറ്റർ റീഡർമാരെ നിയോഗിക്കാൻ തീരുമാനമെടുത്തത്. ജൂലൈ ഒന്നിന് ബോർഡ് ഉത്തരവ് ഇറക്കുകയും ചെയ്തു. അസി. എൻജിനീയർതലത്തിൽ വിവരശേഖരണത്തിന് കെ.എസ്.ഇ.ബി ഐ.ടി വിഭാഗം തയാറാക്കിയ ആപ് സംബന്ധിച്ച ക്ലാസുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ജൂലൈയിൽ തുടങ്ങി രണ്ടുമാസത്തിനകം ബ്ലൂ ടൂത്ത്, വൈ ഫൈ, ജി.എസ്.എം തുടങ്ങിയ മൊബൈൽ സംവിധാനങ്ങളുപയോഗിച്ച് വിവരശേഖരണം പൂർത്തിയാക്കണമെന്നാണ് നിർദേശം. ഈ അധികച്ചുമതലക്ക് കോർപറേഷൻ പരിധിയിൽ ഒരു ഉപഭോക്താവിന്‍റെ മീറ്റർ റീഡിങ്ങിന് നൽകുന്ന അഞ്ചുരൂപക്ക് പുറമെ ഒരുരൂപ കൂടി നൽകും.

ടൗൺ മേഖലയിൽ മീറ്റർ റീഡിങ്ങിന് 5.81 രൂപ നൽകുന്നത് 6.81 രൂപയാകും. അർധനഗര പ്രദേശങ്ങളിൽ 7.78 രൂപയും ഗ്രാമങ്ങളിൽ 9.11 രൂപയുമാക്കിയാണ് ഈ അധിക ചുമതല കാലയളവിൽ വർധിപ്പിച്ചത്. പ്രവൃത്തിക്കായി ഒരുരൂപ പോലും ചെലവില്ലാതെ 'ടോട്ടക്സ്' മാതൃകയിലാണ് നടത്തുകയെന്ന് പ്രഖ്യാപിച്ച ശേഷം സ്മാർട്ട് മീറ്റർ ജിയോ മാപ്പിങ്ങിനുവേണ്ടി പണം ചെലവിടുന്നത് പ്രവൃത്തി ഏറ്റെടുക്കുന്ന സ്വകാര്യകമ്പനികൾക്ക് വേണ്ടിയാണെന്ന ആരോപണവും ഉയരുന്നുണ്ട്.

Tags:    
News Summary - Meter readers for smart meter data collection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.