തിരുവനന്തപുരം: വിദ്യാർഥിനികൾക്ക് ആർത്തവ അവധി അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി നടൻ അജു വർഗീസ്. 'മെൻസ്ട്രൽ ഡിഗ്നിറ്റി' പദ്ധതിക്കെതിരെയും അനുകൂലിച്ചും സമൂഹത്തിൽ ചർച്ചകൾ സജീവമാകുന്നതിനിടെയാണ് ഇൻസ്റ്റാഗ്രാമിലൂടെ താരം പ്രതികരണവുമായി രംഗത്തെത്തിയത്. "ആർത്തവം സ്വാഭാവികമാണ്, എന്നാൽ അത് ഒറ്റയ്ക്ക് കൈകാര്യം ചെയ്യാൻ എല്ലാ കുട്ടികളും തയ്യാറാവണം എന്നല്ല അർത്ഥം.
നമ്മുടെ മക്കളുടെ സുഖത്തിനും അന്തസ്സിനുമാണ് നാം മുൻഗണന നൽകേണ്ടത്. ജീവിതത്തിന്റെ ഈ ഘട്ടത്തിൽ ചെറുപ്പക്കാരായ പെൺകുട്ടികളെ പിന്തുണയ്ക്കുന്നത് ഒരു പ്രിവിലേജല്ല, അതൊരു അനിവാര്യതയാണ്," എന്നാണ് അജു വർഗീസ് കുറിച്ചത്. മാറ്റങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഓർമ്മിപ്പിച്ച താരം, "ഇന്നലെ ഇല്ലാതിരുന്നതിന്റെ അർത്ഥം നാളെ ഉണ്ടാകാൻ പാടില്ല എന്നല്ലല്ലോ," എന്നും കൂട്ടിച്ചേർത്തു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പെൺകുട്ടികൾക്ക് ഏറെ സഹായകരമാകുന്ന ഈ പദ്ധതിക്ക് മികച്ച സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയാണ്. വി.ഡി. സതീശൻ സർക്കാരിന്റെ നയപ്രഖ്യാപനത്തിൽ സ്ത്രീക്ഷേമത്തിന് പ്രത്യേക ഊന്നൽ നൽകിയിരുന്നു. ഇതിന്റെ ഭാഗമായാണ് രാജ്യത്ത് ആദ്യമായി സ്കൂൾ വിദ്യാർഥിനികൾക്ക് ഒരു മാസം മൂന്ന് ദിവസം ആർത്തവ അവധി അനുവദിച്ചുകൊണ്ടുള്ള തീരുമാനം വരുന്നത്. അജു വർഗീസിന്റെ പ്രതികരണത്തിന് പിന്നാലെ നിരവധി പേരാണ് പിന്തുണയുമായി രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.