പാലക്കാട്: പ്രതിപക്ഷ നേതാവായിരുന്നപ്പോഴും പിന്നീട് മുഖ്യമന്ത്രിയായപ്പോഴും വി.എസ്. അച്യുതാനന്ദന്റെ നിഴലെന്നോണം ഒരു പതിറ്റാണ്ടോളം വി.എസിനൊപ്പം. പിന്നീട് പാര്‍ട്ടി നടപടിക്ക് വിധേയനായി സി.പി.എമ്മില്‍നിന്ന് പുറത്തേക്ക്. വി.എസ്. വിടപറയുമ്പോള്‍ അദ്ദേഹത്തെക്കുറിച്ചും ഒപ്പമുണ്ടായിരുന്ന കാലത്തെക്കുറിച്ചും ഓര്‍മകള്‍ പങ്കിടുകയാണ് അദ്ദേഹത്തിന്റെ മുന്‍ പേഴ്സനല്‍ അസിസ്റ്റന്റ് എ. സുരേഷ്.
‘എസ്.എഫ്.ഐ പ്രവര്‍ത്തനത്തിലൂടെ സി.പി.എമ്മിലെത്തിയ ഞാൻ 2002ലാണ് വി.എസിന്റെ പേഴ്സനല്‍ അസിസ്റ്റന്റാകുന്നത്. എസ്.എഫ്.ഐ പ്രവര്‍ത്തകനായിരുന്ന കാലത്ത് വി.എസ് പാര്‍ട്ടി സെക്രട്ടറിയും പോളിറ്റ് ബ്യൂറോ അംഗവുമായിരുന്നു. അക്കാലത്ത് ഒരിക്കല്‍ പാലക്കാട് പാര്‍ട്ടി ഓഫിസില്‍ വന്നപ്പോഴാണ് അദ്ദേഹത്തെ ആദ്യമായി കാണുന്നത്. ദൂരെ നിന്ന്, ഭയഭക്തി ബഹുമാനത്തോടെ വി.എസിനെ കണ്ടിരുന്ന ഒരു കാലമുണ്ടായിരുന്നു.
2001ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട്ടെ മലമ്പുഴ മണ്ഡലത്തില്‍നിന്നായിരുന്നു വി.എസ് മത്സരിച്ചത്. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ വി.എസ് പ്രതിപക്ഷ നേതാവായി. 2002ലാണ് വി.എസിന്റെ പേഴ്സനല്‍ അസിസ്റ്റന്റായി നിയോഗിക്കപ്പെടുന്നത്. സി.പി.എമ്മിന്റെ പാലക്കാട് ജില്ല കമ്മിറ്റിയാണ് പേര് നിര്‍ദേശിച്ചത്. അതിനുമുമ്പ് ശിവദാസമേനോന്റെ പേഴ്സനൽ സ്റ്റാഫായിരുന്നു.
വി.എസുമായുള്ള ആദ്യ കൂടിക്കാഴ്ചയില്‍തന്നെ അദ്ദേഹം കാര്യങ്ങളൊക്കെ ചോദിച്ചു മനസ്സിലാക്കി. പ്രതിപക്ഷ നേതാവായതിനാൽ എപ്പോഴും സ്വന്തം മണ്ഡലമായ മലമ്പുഴയില്‍ വരാനാകില്ലെന്നും ഈ പ്രശ്നം പരിഹരിക്കാന്‍ സുരേഷിന്റെ സഹായം വേണമെന്നും വി.എസ് പറഞ്ഞു. അങ്ങനെ മലമ്പുഴ മണ്ഡലത്തിന്റെ കാര്‍ഷികവും രാഷ്ട്രീയവുമായ വിഷയങ്ങള്‍ അദ്ദേഹത്തിന് റിപ്പോര്‍ട്ട് ചെയ്യുക എന്നതായിരുന്നു ലഭിച്ച ആദ്യ ചുമതല.
വി.എസിന്റെ ഒപ്പമുണ്ടായിരുന്ന കാലം ഒരു പേഴ്സനല്‍ അസിസ്റ്റന്റ് മാത്രമായി ആയിരുന്നില്ല പ്രവര്‍ത്തനം. മരുന്നും ഭക്ഷണവും ഉറക്കവും ഉള്‍പ്പെടെ എല്ലാ കാര്യങ്ങളിലും പ്രത്യേക ശ്രദ്ധ നല്‍കിയിരുന്നു. കേവലം ഒരു ജോലി ആയല്ല, അതൊന്നും ചെയ്തിരുന്നത്. വ്യക്തിപരമായ ഒരുപാട് കാര്യങ്ങള്‍ മാറ്റിവെച്ചിട്ടുണ്ട്. അച്ഛന് ആശുപത്രിയില്‍ ആയപ്പോള്‍ ചെന്നു കാണാന്‍ വൈകിയതു മുതല്‍ ഭാര്യയുടെ പ്രസവസമയത്ത് ഒപ്പമില്ലാതിരുന്നത് വരെ ഇവയില്‍ ഉള്‍പ്പെടുന്നുണ്ട്.
എന്നെ പുറത്താക്കാൻ സമ്മതിക്കില്ലെന്ന് വി.എസ് പറഞ്ഞു. എന്നാൽ, പാർട്ടി തീരുമാനം ജനറല്‍ സെക്രട്ടറി പറഞ്ഞുകഴിഞ്ഞു എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ വി.എസിന്റെ മുഖത്ത് വലിയൊരു വിഷമവും സങ്കടവും ഒക്കെ വരുന്നത് കണ്ടു. പാർട്ടിയിൽ തിരിച്ചെത്താനായി മൂന്ന് തവണ സംസ്ഥാന കമ്മിറ്റിക്കും ഒരു തവണ ജില്ല കമ്മിറ്റിക്കും അപ്പീൽ നൽകി. എന്നാൽ, ഇപ്പോഴും പരിഗണിക്കപ്പെടാതെ പുറത്തുനിൽക്കുകയാണ് ഞാൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.