'മീഡിയവൺ: ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് കോടതി പരിശോധനക്ക് വിധേയമാക്കിയില്ല'

ന്യൂഡൽഹി: മീഡിയവൺ ചാനൽ ദേശസുരക്ഷക്ക് ഭീഷണിയാണെന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ റിപ്പോർട്ട് കോടതിയുടെ പരിശോധനക്കു വിധേയമാക്കിയിട്ടില്ലെന്ന് മാനേജിങ് ഡയറക്ടർ കെ. യാസീൻ അശ്റഫ് മറുപടി സത്യവാങ്മൂലത്തിൽ സുപ്രീംകോടതിയിൽ ബോധിപ്പിച്ചു. ചാനലിന് ലൈസൻസ് പുതുക്കിനൽകുമ്പോൾ രണ്ടാമതും സുരക്ഷാ ക്ലിയറൻസ് ചോദിക്കാൻ അവകാശമുണ്ടെന്ന കേന്ദ്ര വാർത്തവിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്‍റെ വാദവും അഡ്വ. പല്ലവി പ്രതാപ് മുഖേന സമർപ്പിച്ച സത്യവാങ്മൂലത്തിൽ യാസീൻ അശ്റഫ് ഖണ്ഡിച്ചു.

മീഡിയവൺ വിലക്കിനെതിരായ കേസ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ബുധനാഴ്ച വീണ്ടും പരിഗണിക്കും. ദേശസുരക്ഷയെ ബാധിക്കുന്നുവെന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത പരിശോധിക്കാതെയായിരുന്നു മീഡിയവണ്‍ സംപ്രേഷണ വിലക്ക് ഹൈകോടതി ശരിവെച്ചതെന്ന് സത്യവാങ്മൂലത്തിൽ ചൂണ്ടിക്കാട്ടി. ദേശസുരക്ഷയുടെ പേരില്‍ അഭിപ്രായ സ്വാതന്ത്ര്യം തടയുന്നതിന് ഇത് വഴിവെക്കും. അതിന് കാരണമായി പറയുന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഹൈകോടതി സിംഗ്ള്‍ ബെഞ്ച് പരിശോധിച്ചിട്ടുണ്ടോ എന്നറിയില്ല.

കമ്മിറ്റി ഓഫ് ഓഫിസേഴ്‌സിന്റെ യോഗത്തിന്റെ മിനിറ്റ്സ് പരിശോധിച്ചാണോ സംപ്രേഷണ വിലക്ക് ഹൈകോടതി ശരിവെച്ചത് എന്ന കാര്യവും വ്യക്തമല്ല. സംപ്രേഷണവിലക്കിന് ആധാരമായ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫയലുകള്‍ തങ്ങള്‍ക്ക് കൈമാറാത്തത് സ്വാഭാവിക നീതിയുടെ ലംഘനമാണ്. ചട്ടപ്രകാരം ലൈസന്‍സിന് അപേക്ഷ നല്‍കുമ്പോഴാണ് സുരക്ഷാ ക്ലിയറന്‍സ് വേണ്ടത്. ലൈസന്‍സ് പുതുക്കുമ്പോള്‍ സുരക്ഷാ ക്ലിയറന്‍സ് വേണമെന്ന് ചട്ടത്തിൽ ഇല്ലെന്നും യാസീൻ അശ്റഫ് ബോധിപ്പിച്ചു.

Tags:    
News Summary - 'MediaOne: Home Ministry's report not subjected to court scrutiny'

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.