മീഡിയവൺ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ സംഘടിപ്പിച്ച ഫ്യൂച്ചര്‍ സമ്മിറ്റ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യുന്നു. മീഡിയവൺ മിഡിൽ ഈസ്റ്റ് ഓപറേഷൻ ഡയറക്ടർ മുഹമ്മദ് സലീം, സി.ഇ.ഒ റോഷൻ കക്കാട്ട്, വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ, എഡിറ്റർ പ്രമോദ് രാമൻ എന്നിവർ സമീപം
കൊച്ചി: കാലത്തിന്റെ ഗതിവേഗം കൂടുമ്പോൾ അത് തിരിച്ചറിഞ്ഞുള്ള അറിവുകൾ നേടുക എന്നതാണ് പ്രധാനമെന്ന് മീഡിയവൺ കൊച്ചിയിൽ സംഘടിപ്പിച്ച ഫ്യൂച്ചര്‍ സമ്മിറ്റ്. മീഡിയവൺ പത്താം വാര്‍ഷികാഘോഷ ഭാഗമായി സംഘടിപ്പിച്ച സമ്മിറ്റ് പുതിയ ഭാവനകളുടെ പങ്കുെവക്കലായി.
പുതിയകാലത്തെക്കുറിച്ച് അറിയണമെങ്കിൽ ചരിത്രത്തെ അതിന്റെ തനത് ശൈലിയിൽ മനസ്സിലാക്കണമെന്ന് സമ്മിറ്റ് ഉദ്ഘാടനം ചെയ്ത പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രഫഷനിലിസം ഇല്ലാതെയും പുതുമകൾ സൃഷ്ടിക്കാതെയും പുതിയ കാലത്ത് മുന്നോട്ട് പോകാനാകില്ല. സാങ്കേതിക വിദ്യകളുടെ സാധ്യതകൾ കണ്ടറിഞ്ഞ് ആധുനികവത്കരിക്കാനാകണം. അപ്പോഴാണ് ഭാവി സാധ്യതകൾക്ക് മാറ്റ് കൂടുകയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇ ഗവേണൻസും ഭാവി സാങ്കേതിക സാധ്യതകളും എന്ന വിഷയത്തിൽ ചീഫ് സെക്രട്ടറി ഡോ.വി.പി ജോയ്, വളരുന്ന വ്യാപാര രംഗത്തെ അളവുകോലുകളെ കുറിച്ച് ഈസ്റ്റേൺ ഗ്രൂപ് ചെയര്മാൻ നവാസ് മീരാൻ, ജോലിസ്ഥലങ്ങളിലെ ഭാവി സാധ്യതകളെ അധികരിച്ച് ഇൻഫോപാര്‍ക്ക് സി.ഇ.ഒ സുശാന്ത് കുറുന്തിൽ, സംരംഭങ്ങളുടെ ഭാവി സംബന്ധിച്ച് സംരംഭകനും എഴുത്തുകാരനുമായ എസ്.ആര് നായര്‍ എന്നിവര്‍ സംവദിച്ചു. മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. സി.ഇ.ഒ റോഷൻ കക്കാട്ട്, എഡിറ്റർ പ്രമോദ് രാമൻ, മിഡിൽ ഈസ്റ്റ് ഓപറേഷൻ ഡയറക്ടർ മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു.
ജി.സി.സി രാജ്യങ്ങളിൽ വ്യാപാര വ്യവസായ രംഗങ്ങളിൽ വിജയഗാഥ രചിച്ച പ്രതിഭകളെ ആദരിച്ചു. സോഷ്യൽ എന്റർപ്രണർ അവാർഡ് ഇറാം ഗ്രൂപ് ചെയർമാൻ ഡോ. സിദ്ദീഖ് അഹമ്മദിനും ബിസിനസ് ഐക്കൺ പുരസ്കാരം വി.പി. മുഹമ്മദലിക്കും ജോൺ മത്തായിക്കും നൽകി.
അബ്ദുറഹീം പട്ടർകടവനാണ് യുവ വ്യവസായിക്കുള്ള അവാർഡ്. യു.എ.ഇയിലെ അൽ ഇർഷാദ് കമ്പ്യൂട്ടേഴ്സിന്റെ യൂനുസ് ഹസൻ, മൈക്രോ ഹെല്‍ത്ത് ലബോറട്ടറീസിന്റെയും കാന്‍ ഇന്റര്‍നാഷനല്‍ ഗ്രൂപ് ഓഫ് കമ്പനീസിന്റെയും അമരക്കാരന് ഡോ. സി.കെ. നൗഷാദ്, കോസ്റ്റൽ ഗ്രൂപ് സ്ഥാപകനും സി.ഇ.ഒയുമായ നിഷാദ് അസീം എന്നിവരും മീഡിയവൺ എക്സലൻസ് പുരസ്കാരം ഏറ്റുവാങ്ങി.
കെ.വി ഗ്രൂപ് മാനേജിങ് ഡയറക്ടർ അബ്ദുൽ വാഹിദ്, ഗ്ലോബ് ലോജിക്സ്റ്റിക്സ് ഡയറക്ടർ നസീഫ് ബാബു, അറേബ്യൻ ഹൊറൈസൺ ചെയർമാൻ ഷാക്കിർ ഹുസൈൻ, ബ്രിഡ്ജ് സോഫ്റ്റ്വെയർ സഹ സ്ഥാപകൻ ഫായീസ് മുഷ്താഖ് എന്നിവരും മീഡിയവൺ മിഡിൽ ഈസ്റ്റ് ബിസിനസ് പുരസ്കാരങ്ങൾ പ്രതിപക്ഷ നേതാവിൽനിന്ന് ഏറ്റുവാങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.