ന്യൂഡൽഹി: മീഡിയവൺ സംപ്രേഷണ വിലക്കിൽ പാർലമെന്‍റ് ഐ.ടി സമിതി വിശദീകരണം തേടി. കേന്ദ്രവാർത്താവിനിമയ മന്ത്രാലയത്തോടാണ് വിശദീകരണം തേടിയത്. സമിതി അധ്യക്ഷൻ ശശി തരൂരിന്‍റേതാണ് നടപടി. നേരത്തെ വിലക്കിൽ പ്രതിപക്ഷ എം.പിമാർ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയിരുന്നു.
മുസ്ലിം ലീഗ് എം.പിമാരായ ഇ. ടി. മുഹമ്മദ് ബഷീർ, ഡോ. എം.പി അബ്ദു സമദ് സമദാനി, നവാസ് ഗനി എന്നിവരാണ് അടിയന്തര പ്രമേയത്തിന് അനുമതി തേടിയത്. എന്നാൽ, സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിക്കുകയായിരുന്നു.കേന്ദ്ര സർക്കാർ മാധ്യമങ്ങളുടെ വായ മൂടികെട്ടാൻ പലവിധത്തിലുള്ള തെറ്റായ നടപടികൾ എടുക്കുകയാണെന്നും ഈ നടപടികൾ അത്യധികം അപലപനീയമാണെന്നും പ്രതിഷേധാർഹമാണെന്നും ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും എം.പിമാർ നോട്ടീസിൽ പറഞ്ഞിരുന്നു.
ചാനലിന്‍റെ പ്രവർത്തനം നിർത്തിവെക്കുന്നതിനുള്ള ഉത്തരവ് ഇടുന്നതിന് മുൻപ് ചാനലിന്റെ ഭാഗം കേൾക്കാനുള്ള സന്മനസ്സ് കേന്ദ്ര സർക്കാർ കാണിച്ചില്ല. ഇത് സ്വഭാവിക നീതിയുടെ കൂടി ലംഘനമാണ്. മാധ്യമങ്ങൾക്ക് നേരെയുള്ള അതിക്രമം ജനാധിപത്യത്തിന് നേരെയുള്ള വെല്ലുവിളിയാണ്. ജനാധിപത്യത്തിന്റെ നാലാം തൂണായായി വിശേഷിപ്പിക്കാവുന്ന മാധ്യമങ്ങൾക്ക് നേരെ നടക്കുന്ന ഇത്തരം നീക്കങ്ങളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്തിരിയണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.