സ്ത്രീകൾക്ക് ഇറങ്ങിനടക്കാനാണ് കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ പ്രതികരിച്ചത് -മേയർ ആര്യാ രാജേന്ദ്രൻ

തിരുവനന്തപുരം: സമൂഹത്തിൽ സ്ത്രീകൾക്ക് ഇറങ്ങിനടക്കാൻവേണ്ടിയാണ് താൻ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ പ്രതികരിച്ചതെന്ന് മേയർ ആര്യാ രാജേന്ദ്രൻ. സംഭവത്തിൽ ഡ്രൈവർ മാപ്പുപറഞ്ഞെങ്കിലും നിയമപരമായി നേരിടാൻതന്നെ തീരുമാനിക്കുകയായിരുന്നെന്നും മേയർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

അപകടകരമായി വാഹനം ഓടിച്ചതിന് ഇതിനുമുമ്പും ഈ ഡ്രൈവർക്കെതിരെ കേസെടുത്തിട്ടുണ്ട്. അന്ന് അദ്ദേഹം സ്വകാര്യ ബസ് ഡ്രൈവറായിരുന്നു. കെ.എസ്.ആർ.ടി.സി ബസിനെയാണ് അദ്ദേഹം ഇടിച്ചത്. ഒരു സ്ത്രീതന്നെ അദ്ദേഹത്തിനെതിരെ പരാതി കൊടുത്തിട്ടുണ്ട്. പേരൂർക്കട സ്റ്റേഷനിലും ഈ ഡ്രൈവർക്കെതിരെ ഒരു പരാതിയുണ്ട്. നിരന്തരമായി അയാൾ അപകടകരമായി വാഹനം ഓടിക്കുന്ന ആളാണ്. സൂപ്പർ ഫാസ്റ്റ് ബസ് സൈഡ് തന്നില്ലെന്ന് പറഞ്ഞ് പ്രശ്നമുണ്ടാക്കാൻ ഞങ്ങൾ അത്ര കോമൺ സെൻസില്ലാത്തവരല്ല.

രാത്രി ഫോണിൽ വിളിച്ച് ക്ഷമ ചോദിച്ചപ്പോഴും കെ.എസ്.ആർ.ടി.സി ഡ്രൈവറെ താൻ സഹോദരായെന്നാണ് വിളിച്ചത്. ‍ഞങ്ങളാരും അസഭ്യം പറയുന്ന കുടുംബത്തിൽനിന്ന് വന്നതല്ല. അപ്പുറത്ത് രണ്ട് ജനപ്രതിനിധികൾ ആയതുകൊണ്ട് ബോധപൂർവം കരിവാരി തേയ്ക്കുകയാണ്. ബസ് തങ്ങൾ തടഞ്ഞിട്ടില്ലെന്നും മേയർ പറഞ്ഞു.

മാപ്പു പറയാൻ ആവശ്യപ്പെട്ടത് പൊലീസ് -ഡ്രൈവർ

തിരുവനന്തപുരം: മേയറോട് മാപ്പ് ചോദിച്ചത് പൊലീസ് നിർബന്ധിച്ചത് പ്രകാരമാണെന്ന് കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവർ യദു മാധ്യമങ്ങളോട് പറഞ്ഞു. കന്‍റോൺമെന്‍റ് പൊലീസ് എത്തിയാണ് രാത്രി 10.30ഓടെ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. അവിടെയെത്തിയപ്പോൾ ഒരു വനിതാ പൊലീസുകാരിയാണ് ‘നീ മുഖ്യമന്ത്രിയൊന്നും അല്ലല്ലോ, വെറുതെ വാശിപിടിക്കാൻ നിൽക്കാതെ മാപ്പ് പറഞ്ഞ് കേസിൽനിന്ന് ഊരിപ്പോകാൻ’ ഉപദേശിച്ചത്. താൽക്കാലിക ജീവനക്കാരനായ എനിക്ക് അതുകേൾക്കാനേ നിവൃത്തിയുണ്ടായിരുന്നുള്ളൂ. ഫോണിൽ വിളിച്ച് എന്‍റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കിൽ മാപ്പെന്ന് പറഞ്ഞു. തെറ്റു സംഭവിച്ചിട്ടുണ്ടെങ്കിൽ എന്നല്ല, ‘തെറ്റുസംഭവിച്ചു മാപ്പു തരണം’ എന്ന് പറയണമെന്നായിരുന്നു മേയറുടെ ആവശ്യം. ഇതിന് തയാറാകാതെ വന്നതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. . നീതി ലഭിക്കുംവരെ നിയമപരമായി പോരാടും -അ​ദ്ദേഹം പറഞ്ഞു.

Tags:    
News Summary - Mayor Arya Rajendran about ksrtc driver

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.