ഹരിപ്പാട്: ചിങ്ങോലി കാവിൽപ്പടിക്കൽ ദേവീക്ഷേത്രത്തിൽ വൻ കവർച്ച. വിഗ്രഹത്തിൽ ചാർത്തിയ മാലയും സ്വർണാഭരണങ്ങളും പണവും നഷ്ടപ്പെട്ടു. ചൊവ്വാഴ്ച പുലർച്ചെ മൂന്നേമുക്കാലോടെ ക്ഷേത്രത്തിൻ്റെ മുറ്റം തൂക്കാനായെത്തിയവരാണ് വഴിപാടു കൗണ്ടർ തുടന്നുകിടക്കുന്നതായി കണ്ടത്. സംശയം തോന്നി അടുത്തെത്തി നോക്കിയപ്പോൾ ദേവസ്വം ഓഫീസും തുറന്നു കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടു.
ഇവർ ഉടൻതന്നെ ക്ഷേത്രഭരണ സമിതി പ്രസിഡന്‍റ് മുഞ്ഞിനാട്ടു രാമചന്ദ്രൻ, സെക്രട്ടറി വേണുഗോപാലൻ നായർ എന്നിവരെ വിവരം അറിയിച്ചു. ഇവർ എത്തി പരിശോധിച്ചപ്പോഴാണ് ശ്രീകോവിലിലടക്കം കവർച്ച നടന്ന വിവരം അറിയുന്നത്. ദേവസ്വം ഓഫീസിൽ സൂക്ഷിച്ചിരുന്ന ജീവതയുടെ ഉരുപ്പടികൾ, ശ്രീകോവിലിൽ വിഗ്രഹത്തിൽ ചാർത്തിയിരിന്ന മാല ഉൾപ്പെടെ മുക്കാൽ കിലോയോളം സ്വർണവും രണ്ടു ലക്ഷത്തി നാൽപതിനായിരം രൂപയും നഷ്ടപ്പെട്ടതായാണ് ക്ഷേത്രം ഭാരവാഹികൾ പൊലീസിനു മൊഴി നൽകിയിരിക്കുന്നത്.
ശ്രീകോവിലിൽ നിന്ന് പത്തുപവനോളവും ബാക്കി ജീവതയിൽ പിടിപ്പിക്കുന്ന സ്വർണവുമാണ് അപഹരിച്ചത്. ജീവത പുതുക്കുന്നതിന്റെ ഭാഗമായാണ് ഇതിൽ ഘടിപ്പിച്ചിരുന്ന സ്വർണ കുമിളകൾ ഉൾപ്പടെയുള്ള രൂപങ്ങൾ അഴിച്ചു ദേവസ്വം ഓഫീസിൽ വെച്ചത്. ഓഫീസിൻ്റെ പൂട്ടു തകർത്താണ് മോഷ്ടാവ് അകത്തുകയറിയത്. വഴിപാട് കൗണ്ടറിന്‍റെ താഴും തല്ലിത്തുറന്നു. ഇവിടെ നിന്നാണ് ഇരുപതിനായിരം രൂപയോളം നഷ്ടമായത്.
ഓടുനീക്കിയാണ് കളളന്മാർ ചുറ്റമ്പലത്തിനുളളിൽ കടന്നത്. തുടർന്ന് ഇതിനുളളിലെ ചെറിയ മുറി തുറന്നാണ് ഭിത്തിയിൽ തൂക്കിയിരുന്ന താക്കോലെടുത്തു ശ്രീകോവിൽ തുറന്നത്. ശ്രീകോവിലിനുളളിൽ ഒരുപാത്രത്തിലായാണ് രണ്ടുലക്ഷത്തിലധികം രൂപവെച്ചിരുന്നത്. മേൽശാന്തി മനു വീടുപണിക്കായി ബാങ്കിൽ നിന്ന് പിൻവലിച്ച ഒന്നരലക്ഷം രൂപയും ശമ്പളവും കഴിഞ്ഞ ദിവസങ്ങളിൽ നടന്ന എതിരേൽപ്പുത്സവത്തിന്‍റെ ഭാഗമായി കൊടുക്കാനുണ്ടായിരുന്ന തുകയുമായിരുന്നിത്.
എടുത്ത താക്കോൽ അവിടെത്തന്നെ വെച്ചിട്ടാണ് മോഷ്ടാക്കൾ തിരികെപ്പോയത്. എന്നാൽ, ഇതിനൊപ്പമുണ്ടായിരുന്ന ഉപദേവതാ ക്ഷേത്രങ്ങളുടെ താക്കോൽ കാണാതാവുകയും ചെയ്തു. ദേവസ്വം ഓഫീസിൽ നിന്ന് പഴയ ഒരു കാണിക്കവഞ്ചിയും ഓഫീസ് ഉപയോഗത്തിനായി സൂക്ഷിച്ചിരുന്ന മൊബൈൽ ഫോണും എടുത്തെങ്കിലും ക്ഷേത്രത്തിനു പിന്നിൽ കാവിനു സമീപം ഉപേക്ഷിച്ചു.
കാണിക്കവഞ്ചി തുറക്കാത്ത നിലയിലാണ്. ഓഫീസിനും മുറിയിൽ ഇരുന്ന വെളളി രൂപങ്ങളും വിലപിടിപ്പില്ലാത്ത ആഭരണങ്ങളും സ്‌റ്റേജിനു പിന്നിലായും ഉപേക്ഷിച്ച നിലയിൽ കണ്ടത്തി. കായംകുളം ഡി.വൈ.എസ്.പി. അലക്‌സ് ബേബി, കരീലക്കുളങ്ങര എസ്.ഐ. എ. ഷെഫീക്ക് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധ ബ്രീസി ജേക്കബ്, വിരലയാള വിദഗ്ധരായ എസ്. വിനോദ്കുമാർ, എസ്. സന്തോഷ് എന്നിവരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഡോഗ് സ്‌ക്വാഡും പരിശോധന നടത്തി. മണം പിടിച്ച നായ മുക്കുവശ്ശേരിപളളിക്കു തെക്കോട്ടോടി മൂന്നര കിലോമീറ്ററോളം അകലെ വടക്കെടുത്തുഭാഗം വരെ വന്നു. മോഷ്ടാക്കളെ പിടികൂടാൻ പൊലീസ് ഊർജിത അന്വേഷണമാണ് നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.