കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടിൽ മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) കാരണംകാണിക്കൽ നോട്ടീസ്. ഇടപാടിൽ വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ (ഫെമ) ലംഘനം നടന്നെന്ന് കാട്ടി ഇ.ഡി അഡ്ജുഡിക്കേറ്റിങ് അതോറിറ്റി കഴിഞ്ഞ ശനിയാഴ്ചയാണ് നോട്ടീസ് അയച്ചത്. മുൻ ധനമന്ത്രി ഡോ. ടി.എം. തോമസ് ഐസക്, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) സി.ഇ.ഒ ഡോ. കെ.എം. എബ്രഹാം എന്നിവരടക്കം മൂന്ന് പേർക്കുകൂടി നോട്ടീസ് നൽകിയിട്ടുണ്ട്.
മൂന്നുവർഷം നീണ്ട അന്വേഷണത്തിന് ശേഷം മൂന്നുമാസം മുമ്പ് അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് ഇ.ഡി റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നോട്ടീസ്. മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ നേരിട്ടോ പ്രതിനിധിയോ അഭിഭാഷകനോ മുഖേനയോ 30 ദിവസത്തിനകം നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം.
ഈ വിശദീകരണം പരിശോധിച്ചശേഷം തുടർ നടപടികൾ ഉണ്ടാകുമെന്നാണ് അറിയുന്നത്. നോട്ടീസ് ലഭിച്ചവർ നേരിട്ട് ഹാജരാകേണ്ടെന്നും ഇ.ഡി വ്യക്തമാക്കി. 2019ൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 9.72 ശതമാനം പലിശനിരക്കിൽ കിഫ്ബി 2150 കോടി രൂപ സമാഹരിച്ചിരുന്നു. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ഇതുസംബന്ധിച്ച തീരുമാനമെടുത്തത്. മസാല ബോണ്ട് വഴി സമാഹരിച്ച തുക അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമാണെന്നാണ് ഇ.ഡി കണ്ടെത്തൽ. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ വർഷം രണ്ടുതവണ തോമസ് ഐസക്കിന് ഇ.ഡി നോട്ടീസ് നൽകിയിരുന്നു.
ഇ.ഡി നൽകിയ റിപ്പോർട്ട് മൂന്നംഗ സമിതിയായ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി വിശദമായി പരിശോധിക്കും. ആവശ്യമെങ്കിൽ മുഖ്യമന്ത്രിയടക്കം എതിർ കക്ഷികളുടെ വാദം കേൾക്കും. മറുപടി തൃപ്തികരമെങ്കിൽ നടപടിക്രമങ്ങളിൽനിന്ന് ഒഴിവാക്കും. ഇടപാടിൽ ഫെമ നിയമലംഘനം തെളിഞ്ഞാൽ കിഫ്ബി പിഴ അടക്കേണ്ടിവരും. സമാഹരിച്ച തുകയുടെ അഞ്ച് ശതമാനം മുതൽ മൂന്നിരട്ടി വരെ പിഴ ചുമത്താൻ അതോറിറ്റിക്ക് അധികാരമുണ്ട്. ഇതിനെ ചോദ്യംചെയ്ത് കിഫ്ബിക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാനും കഴിയും.
വിദേശ ധനകാര്യ വിപണികളിൽനിന്ന് പണം സമാഹരിക്കാൻ ഇന്ത്യൻ കറൻസി അടിസ്ഥാനമാക്കി ഇന്ത്യയിലെ സ്ഥാപനങ്ങൾ ഇറക്കുന്നതാണ് മസാല ബോണ്ട്. വിദേശ വാണിജ്യ വായ്പ ഇന്ത്യൻ രൂപയിൽ ലഭിക്കുമെന്നതാണ് പ്രത്യേകത.
മസാല ബോണ്ട് വഴി സമാഹരിച്ച പണം ഉപയോഗിച്ച് അടിസ്ഥാന സൗകര്യ വികസനത്തിനും മറ്റും ഭൂമി വാങ്ങിയത് ഫെമ ചട്ടങ്ങളുടെ ലംഘനമെന്ന് ഇ.ഡി. ആർ.ബി.ഐയുടെ നിർദേശങ്ങളും ലംഘിച്ചാണ് 466.19 കോടിയുടെ ഭൂമി വാങ്ങിയത്. ഈ വർഷം ജൂൺ 27നാണ് പരാതി ഫയൽ ചെയ്തത്. വിദേശ വാണിജ്യ വായ്പ റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് വിനിയോഗിക്കരുതെന്നാണ് ആർ.ബി.ഐയുടെയും ഫെമയുടെയും ചട്ടം.
പിണറായി വിജയൻ, ചെയർമാൻ, കിഫ്ബി എന്ന വിലാസത്തിൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി പുറത്തിറക്കിയ നോട്ടീസ് കിഫ്ബിയുടെ തിരുവനന്തപുരത്തെ ഓഫിസിലെത്തി കൈമാറുകയായിരുന്നു എന്നറിയുന്നു. മുഖ്യമന്ത്രിക്ക് കിഫ്ബി ചെയർമാൻ എന്നനിലയിലും തോമസ് ഐസക്കിന് വൈസ് ചെയർമാൻ എന്ന നിലയിലുമാണ് നോട്ടീസ്.
കണ്ണൂർ: എല്ലാ തെരഞ്ഞെടുപ്പ് സമയത്തും ഇ.ഡി നോട്ടീസ് അയക്കാറുണ്ടെന്നും ഇത് രാഷ്ട്രീയക്കളിയാണെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. കഴിഞ്ഞ പഞ്ചായത്ത്, നിയമസഭ, പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്തെല്ലാം ഇ.ഡി നോട്ടീസ് വന്നു. ബി.ജെ.പിയുടെ രാഷ്ട്രീയ നിലപാടിനെ അടിസ്ഥാനമാക്കി കേരളത്തെ തകർക്കാനാണ് ഇ.ഡിയും മറ്റും ശ്രമിക്കുന്നത്. ഇത് കേരളത്തോട് ആകെയുള്ള വെല്ലുവിളിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.