തിരുവനന്തപുരം: വിവാഹധൂർത്തൊഴിവാക്കി ലാളിത്യത്തിന് മാതൃകയായി സൂര്യാ കൃഷ്ണമൂര്‍ത്തിയുടെ മകള്‍ സീതയുടേയും ചന്ദന്‍കുമാറിന്‍റെയും മാംഗല്യം. വീട്ടിലെ പൂജാമുറിയില്‍വെച്ചായിരുന്നു വധൂവരന്മാർ താലിചാർത്തിയത്. വിവാഹത്തിന് വി.എസ് അച്യുതാനന്ദനുൾപ്പടെയുള്ളവർ അതിഥികളായെത്തി. എല്ലാവർക്കും ഓരോ കപ്പ് പായസം നൽകിക്കൊണ്ടായിരുന്നു ആതിഥേയർ വിരുന്നൊരുക്കിയത്. മടങ്ങിപ്പോകുമ്പോൾ നവദമ്പതികളുടെ വക ചെറിയ സമ്മാനവും.
മകളുടെ വിവാഹച്ചെലവുകള്‍ക്കായി വര്‍ഷങ്ങളായി സ്വരൂപിച്ച തുക 20 പാവപ്പെട്ട വിദ്യാര്‍ഥികളുടെ അടുത്ത നാലുവര്‍ഷത്തേക്കുള്ള വിദ്യാഭ്യാസച്ചെലവുകള്‍ക്കായി മാറ്റിവെക്കുമെന്ന് സൂര്യ കൃഷ്ണമൂർത്തി അറിയിച്ചിരുന്നു. താന്‍ പഠിച്ച മോഡല്‍ സ്‌കൂളിലെയും ഗവ. ആര്‍ട്സ് കോളേജിലെയും ടി.കെ.എം. എന്‍ജിനീയറിങ് കോളേജിലെയും പ്രിന്‍സിപ്പല്‍മാരെ ഈ തുക ഏല്‍പ്പിക്കുമെന്ന് കൃഷ്ണമൂർത്തി അറിയിച്ചിരുന്നു.
സിവില്‍ സര്‍വീസ് അക്കാദമിയില്‍ വെച്ച് പരിചയപ്പെട്ട ബിഹാർ സ്വദേശിയായ ചന്ദന്‍കുമാറിനെയാണ് സീത വിവാഹം കഴിച്ചത്. ബിഹാര്‍ വൈശാലി ഹാജിപ്പൂരിലെ ഡോ. മധുസൂദനന്‍ സിങ്ങിന്‍റെയും പ്രിയാസിങ്ങിന്‍റെയും മകനാണ് ചന്ദൻകുമാർ. പരസ്പരം മനസ്സിലാക്കുകയും പ്രണയിക്കുകയും ചെയ്ത കുട്ടികളെ ഒന്നിപ്പിക്കുകയാണെന്നു പറഞ്ഞുകൊണ്ടാണ് ക്ഷണക്കത്ത്.
13, 14, 15 തീയതികളില്‍ സീതയും ചന്ദനും തൈക്കാട് 'സൂര്യചൈതന്യ' വീട്ടിലുണ്ടാകുമെന്നും വീട്ടില്‍വന്ന് അനുഗ്രഹം നല്‍കണമെന്നുമാണ് സൂര്യാകൃഷ്ണമൂര്‍ത്തി ക്ഷണക്കത്തിലൂടെ ആവശ്യപ്പെട്ടിരുന്നത്. രാവിലെ ഒന്‍പത് മുതല്‍ 12.30 വരെയും വൈകീട്ട് 4.30 മുതല്‍ 9.30 വരെയും വരനും വധുവും വീട്ടിലുണ്ടാകുമെന്നും അനുഗ്രഹിക്കാൻ കുടുംബസമേതം വീട്ടിലെത്തണമെന്നും കത്തിലൂടെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.